March 21, 2023 Tuesday

ആലപ്പുഴയിൽ നിന്ന് അടൂരിലേക്ക്

വി ചാമുണ്ണി
ജനറൽ സെക്രട്ടറി, കിസാൻ സഭ സംസ്ഥാന കമ്മിറ്റി
February 23, 2020 5:30 am

സാമ്രാജ്യത്വത്തിന്റെയും ജന്മി-നാടുവാഴികളുടെയും ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ജന്മംകൊണ്ട കർഷകപ്രസ്ഥാനമാണ് അഖിലേന്ത്യാ കിസാൻസഭ. 1936 ഏപ്രിൽ 11 ലക്നൗവിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ തന്നെ ഇടതുപക്ഷ ചിന്താഗതിയുള്ളവരും പുരോഗമനാശയക്കാരായ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റുകളും പങ്കെടുത്ത് രൂപീകരിച്ച കർഷകസംഘടനയാണ് പിന്നീട് കിസാൻസഭ എന്ന പേരിൽ അറിയപ്പെട്ട ഈ മഹത്തായ പ്രസ്ഥാനം. ബിഹാർ പ്രദേശ് കിസാൻസഭയ്ക്ക് നേതൃത്വം നൽകിയിരുന്ന സ്വാമി സഹജാനന്ദ സരസ്വതി പ്രസിഡന്റും ആന്ധ്രയിലെ കർഷകനേതാവ് എൻ ജി രങ്ക സെക്രട്ടറിയുമായി പ്രവർത്തനം ആരംഭിച്ച ഈ പ്രസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ദേശീയ നേതാക്കന്മാർ അണിനിരക്കുകയും ബ്രിട്ടീഷ് ആധിപത്യത്തിനും സെമിന്ദാരി സമ്പ്രദായത്തിനുമെതിരെ കർഷകരെ അണിനിരത്തി നടത്തിയ പോരാട്ടങ്ങൾ നിരവധിയാണ്. കേരളത്തിൽ കർഷകർ സംഘടിക്കുകയും സമരങ്ങൾ നടത്തി ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചതിന്റെയും പിന്നിൽ ദീർഘമായ ഒരു ചരിത്രമുണ്ട്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്ന് പ്രദേശങ്ങളായിരുന്ന കേരളസംസ്ഥാനം നിലവിൽ വരുന്നതിന് മുമ്പ് തന്നെ പല പ്രദേശങ്ങളിലും കർഷകരുടെ കൂട്ടായ്മകൾ നിലവിൽ വന്നിരുന്നു. ജന്മി-നാടുവാഴികളുടെ അക്രമപിരിവുകൾക്കും മറ്റുമെതിരെ ചെറുത്തുനിൽപ്പ് സമരങ്ങളും ശക്തിപ്രാപിച്ചു.

വടക്കെ മലബാറിലായിരുന്നു കൂടുതൽ. ഏവരും സ്മരി‌ക്കുന്ന കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായ്, മുനയാന്‍കുന്ന്, തില്ലാങ്കേരി, ഒഞ്ചിയം എന്നിവയെല്ലാം കര്‍ഷകരുടെ പോരാട്ടങ്ങളാണ്. കൊച്ചിയുടെ ഭാഗമായ പരിയാരത്തും തിരുവിതാംകൂറിന്റെ ഭാഗമായ പുന്നപ്ര‑വയലാറിലും നടന്ന സമരങ്ങളില്‍ കുട്ടനാട്ടിലെ കർഷകരും കർഷകതൊഴിലാളികളും നിർണ്ണായക പങ്ക് വഹിച്ചതാണ്. അമരാവതിയിൽ ആയിരക്കണക്കിന് കൃഷിക്കാരെ കുടിയൊഴിപ്പിച്ചതിനെതിരെ കിസാൻസഭയുടെ നേതാക്കൾ നടത്തിയ നിരാഹാരസമരവും ചെറുത്തുനിൽപ്പും ചരിത്രത്തിന്റെ ഭാഗമാണ്. ഭാഷാടിസ്ഥാനത്തിൽ ഈ മൂന്ന് പ്രദേശങ്ങളും സംയോജിപ്പിച്ച് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായതിനെ തുടർന്ന് ഡിസംബർ മാസത്തിൽത്തന്നെ ഷൊർണൂരിൽ കർഷക പോരാളികൾ സമ്മേളിക്കുകയും കിസാന്‍സഭയുടെ കേരളസംസ്ഥാന ഘടകം രൂപീകരിക്കുകയും ചെയ്തു. പന്തളം പി ആർ മാധവൻപിള്ള പ്രസിഡന്റായും കെ എ കേരളീയൻ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെടുകയും ചെ­യ്തു. കേരളത്തിൽ നടന്ന ഒന്നാമത്തെ നിയമസഭാതെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമുള്ളതും ലോകം ശ്രദ്ധിച്ചതുമായിരുന്നു. മുമ്പ് അടയാളപ്പെടുത്തിയ സമരഭൂമികളിൽ കർഷകരോടൊപ്പം നിലയുറപ്പിച്ചിരുന്ന നിരവധിപേർ നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടുവെന്നതും 1957ലെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

ബാലറ്റിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ എന്ന വിശേഷണവുമായി അധികാരമേറ്റയുടനെ പാട്ടക്കുടിയാന്മാരായ ഒരൊറ്റ കർഷകരെയും ഭൂമിയിൽ നിന്ന് ഒഴിപ്പിക്കരുതെന്ന ഉത്തരവിറക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്. ‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കുന്ന ഭൂപരിഷ്കരണ നിയമത്തിന് മുൻകൈ എടുത്തതും നടപടികൾ സ്വീകരിച്ചതും ഈ സർക്കാരാണ്. പിന്നീടുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് ഈ നിയമത്തിലും പലവിധ മാറ്റങ്ങൾക്കും ഇടവരുത്തിയെന്നത് യാഥാർത്ഥ്യവുമാണ്. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത്, 1970 ജനുവരി ഒന്നിന് കേരളത്തിൽ ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കി എന്നത് ചരിത്രസത്യമാണ്. ഭരണഘടനയുടെ ഒമ്പതാം ഖണ്ഡികയിലുൾപ്പെടുത്തി കോടതികളിൽ ചോദ്യം ചെയ്യുന്നതിൽ നിന്നും സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ജന്മിത്വവ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കുകയും ലക്ഷക്കണക്കിന് കുടിയാന്മാരും കുടികിടപ്പുകാരും ഭൂമിയുടെ ഉടമകളാവുകയും ചെയ്തു. പ്രസ്തുത നിയമമാണ് നമ്മുടെ സംസ്ഥാനത്ത് വൻ വികസനത്തിനും സാമൂഹ്യ‑സാമ്പത്തിക മാറ്റങ്ങൾക്കും അടിസ്ഥാനമായത്. ലാന്റ് ട്രെെബ്യൂണുകളും ലാന്റ് ബോർഡുകളും സ്ഥാപിച്ച് അച്യുതമേനോൻ നേതൃത്വം നൽകിയ അന്നത്തെ സംസ്ഥാനസർക്കാർ ഈ നിയമം നടപ്പിലാക്കിയിട്ട് 50 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ദേശീയതലത്തിലും ഇതര സംസ്ഥാനങ്ങളിലും ഭൂപരിഷ്കരണ നിയമം അജണ്ടയിൽപ്പോലുമില്ല. കൃഷിഭൂമിയിൽ നിന്ന് കൃഷിക്കാരെ ആട്ടിയോടിച്ച് കോർപറേറ്റുകളെ ഏൽപ്പിക്കുന്ന നയമാണ് പലരും തുടരുന്നത്.

ഏതാനുംപേർക്ക് തൊഴിൽ നൽകാമെന്ന് പറയുകയും ഒരു പദ്ധതിയുമായി വരികയും ചെയ്താൽ മൂലധനശക്തികൾക്ക് ഭൂമി ഏറ്റെടുത്ത് നൽകുമെന്ന നയമാണ് സർക്കാരുകൾ സ്വീകരിക്കുന്നത്. അതിനായി ഭൂമിയിൽ നിന്ന് ഇറക്കിവിടുകയും പെരുവഴിയിലാവുകയും ചെയ്ത പാവപ്പെട്ട കർഷകരുടെ ചെറുത്തുനിൽപ്പും സമരങ്ങളുമാണ് നന്ദിഗ്രാമിലും-സിംഗ്രൂരിലും-ഒറി­സയിലും മറ്റും കണ്ടത്. ഉല്പന്നങ്ങളുടെ വിലത്തകർച്ചയും പ്രകൃതിക്ഷോഭങ്ങളിലും മറ്റും കൃഷി നശിക്കുകയും വരുമാനം നഷ്ടപ്പെടുകയും കൃഷിയിറക്കാൻ വാങ്ങിയ വായ്പകൾ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാവുന്നതുമാണ് കർഷകർ നേ­രിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. നമ്മുടെ രാജ്യത്ത് ദിനംപ്രതി 46 കർഷകർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകള്‍. 40ശതമാനം കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റ് മേഖലകളിൽ അഭയം തേടുന്നുവെന്നും പുതിയ തലമുറക്കാർ കൃഷിയിലേക്ക് വരുന്നില്ല എന്ന ആശങ്കാജനകമായ റിപ്പോർട്ടുകളുമുണ്ട്. കാ­ർഷിക പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി ശക്തമായ കർഷകരുടെ ലോംഗ് മാർച്ചുകളും വിവിധ സംസ്ഥാനങ്ങളിലും പാർലമെന്റിന് മുന്നിലും കർഷകരുടെ വൻ പ്രകടനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ നടന്നിട്ടുണ്ട്. 250 ലധികം കർഷകസംഘടനകൾ ഒ­ന്നിച്ചണിനിരക്കുകയും ഇന്ത്യൻ കർഷകരുടെ അവകാശപത്രികയ്ക്ക് രൂപംനൽകി മു­ന്നോട്ടു പോവുകയും ചെയ്യുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. ഈ സംഘടനകളുടെയും ജനങ്ങളുടെയും ശക്തിയായ പ്രതിഷേധം ഉയർന്നുവന്നതിനെ തുടർന്നാണ് കരാറിൽ ഒപ്പ് വയ്ക്കാനൊരുങ്ങി തായ്‌ലന്‍ഡിലേക്ക് പറന്ന പ്രധാനമന്ത്രിക്ക് ഒപ്പിടാതെ തിരിച്ചു പോരേണ്ടിവന്നത്.

എന്നാലിപ്പോൾ അമേരിക്കയുമായുണ്ടാക്കുന്ന കരാറുകൾ, നമ്മുടെ ക്ഷീരമേഖലയുൾപ്പെടെ തകർക്കുമെന്നും ഇന്ത്യയുടെ വിപണി കയ്യടക്കുമെന്ന റിപ്പോർട്ടുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കാർഷിക പുരോഗതിക്കും കർഷകക്ഷേമത്തിനും നടപ്പാക്കുന്ന പദ്ധതികൾ നിരവധിയാണ്. തരിശുഭൂമികൾ കൃഷിയോഗ്യമാക്കുകയും നെൽകൃഷിയുടെ വിസ്തീർണം വർധിപ്പിക്കുകയും ചെയ്തു. നെൽകൃഷിയുടെ പാരിസ്ഥിതിക‑സാമൂഹ്യ പ്രാധാന്യം കണക്കിലെടുത്ത് റോയൽറ്റി നൽകുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന വില നൽകി സംഭരിക്കുന്നു. തെങ്ങ് കൃഷി വികസനത്തിന് കേരഗ്രാമം പദ്ധതി, വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നാളികേര വികസന കൗൺസിൽ, റബ്ബർ കർഷകരെ സഹായിക്കാൻ വിലസ്ഥിരതാഫണ്ട്, പച്ചക്കറിയും പാലും ഉല്പാദനത്തിന് നൂതനമായ പദ്ധതികൾ‑മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ശ്രമങ്ങൾ, ഉല്പാദക സംഘങ്ങൾ ശക്തിപ്പെടുത്താൻ കാർഷിക കടാശ്വാസ കമ്മിഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തി രണ്ട് ലക്ഷം രൂപവരെ സഹായം നൽകുന്നത്.

പെൻഷനും സാമൂഹ്യസുരക്ഷാപദ്ധതികളും നടപ്പിലാക്കാൻ കഴിയുന്ന കർഷകക്ഷേമനിധി നിയമം പാസാക്കി. കർഷകരുടെ ക്ഷേമവും കാർഷികവികസനവും ഒരുമിച്ചാണ് മുന്നോട്ട് പോകേണ്ടതെന്ന യാഥാർത്ഥ്യബോധത്തിൽ നടപ്പിലാക്കുന്ന ഇവ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. കേരളത്തിലെ ജനങ്ങളെയും കർഷകരെയും ശത്രുവായി കണക്കാക്കി വരൾച്ച‑പ്രളയം-ഉരുൾപൊട്ടലുകൾ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്ക് സഹായം നൽകാതെയും സഹായിക്കുന്നവരെ തടസ്സപ്പെടുത്തിയും ജിഎസ്‌ടി വിഹിതവും അർഹമായ പദ്ധതി വിഹിതങ്ങളും നൽകാതെയും രാജ്യത്തിന്റെ കാർഷികമേഖലയും സമ്പത്തും വിദേശ കോർപ്പറേറ്റ് കമ്പനികൾക്ക് കൊള്ളയടിക്കാനും നമ്മുടെ പരമാധികാരം പണയപ്പെടുത്താനും കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനും ശക്തിയായ പ്രക്ഷോഭണങ്ങൾ ആവശ്യമാണ്. കിസാൻസഭ സ്വന്തമായും വിശാലമായ ഐക്യപ്രസ്ഥാനമായ കിസാൻ സംഘർഷ് ഏകോപനസമിതിയുമായി ചേർന്നും ഈ കടമകൾ നിർവഹിക്കാൻ നമുക്ക് കഴിയണം. നമ്മുടെ സംഘടന കൂടുതൽ കരുത്താർജിക്കുകയും യോജിച്ച പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ശക്തിപ്പെടുകയും ചെയ്യേണ്ട സവിശേഷമായ സന്ദർഭത്തിലാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.