12 June 2024, Wednesday

Related news

June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024
June 8, 2024
June 7, 2024
June 7, 2024
June 7, 2024
June 7, 2024

മോഡിയുടെ ചിത്രം പതിച്ച സഞ്ചികള്‍ മുതല്‍ വാക്സിനേഷന്‍ വീഡിയോകള്‍ വരെ; മുഖം മിനുക്കാന്‍ ബിജെപിയുടെ പിആര്‍ വര്‍ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2021 6:06 pm

നരേന്ദ്രമോഡിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞുവെന്ന വിവിധ സര്‍വേകളും വരാനിരിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയഭീതിയും മറികടക്കാന്‍ ബിജെപി മോഡിയുടെ 71ാം പിറന്നാള്‍ മുന്‍നിര്‍ത്തി രാജ്യവ്യാപകമായ ക്യാമ്പയിനൊരുങ്ങുന്നു.
മോഡിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ അദ്ദേഹം ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ആദ്യം സ്ഥാനമേറ്റെടുത്തതിന്റെ 20ാം വാര്‍ഷികദിനമായ ഒക്ടോബര്‍ ഏഴ് വരെയുള്ള മൂന്നാഴ്ചക്കാലമാണ് ബിജെപിയുടെ വിവിധ ഘടകങ്ങളുടെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മോഡി സര്‍ക്കാരിന് വന്ന വലിയ വീഴ്ചയും ഓക്സിജന്‍ കിട്ടാതെ അനേകം പേര്‍ മരിച്ചുവീണതുമുള്‍പ്പെടെ സുപ്രീം കോടതിയുള്‍പ്പെടെയുള്ള ന്യായാലയങ്ങളുടെയും മുന്നണിയിലെ പാര്‍ട്ടികള്‍ അടക്കമുള്ള രാഷ്ട്രീയകക്ഷികളുടെയും പൊതുജനങ്ങളുടെയും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

വാക്സിനേഷന്‍ നയത്തിലെ പാളിച്ചകളും കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങളായി പൊതുജനം മനസിലാക്കിയിരുന്നു. പെഗാസസ് വിഷയവും കര്‍ഷകസമരവും ഉള്‍പ്പെടെയുള്ളവ കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കും വലിയ തലവേദനയായി. കേന്ദ്ര സര്‍ക്കാരില്‍ അഴിച്ചുപണി നടത്തി മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തുടര്‍ന്നുനടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി വലിയ പ്രതിഷേധം തീര്‍ത്തതോടെ ഭരണപക്ഷം പരുങ്ങലിലായി. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ജന്‍ ആശിര്‍വാദ് യാത്ര സംഘടിപ്പിച്ചതും വേണ്ടത്ര ഗുണം ചെയ്തില്ലെന്ന തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഇതിനെത്തുടര്‍ന്നാണ് പി ആര്‍ വര്‍ക്കിലൂടെ അടിയന്തരമായി മുഖം മിനുക്കാന്‍ ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്നാണ് പിറന്നാളാഘോഷത്തിന്റെ പേരിലുള്ള പി ആര്‍ വര്‍ക്കിന് പേര് നല്‍കിയിരിക്കുന്നത്. റേഷന്‍ വാങ്ങാനുള്ള ബാഗുകള്‍ മുതല്‍ വാക്സിനേഷന്‍ വീഡിയോകള്‍ വരെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് കഴിഞ്ഞ ദിവസം ക്യാമ്പയിന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പിഎം ഗരീബ് കല്യാണ്‍ യോജനയിലൂടെ അഞ്ച് കിലോ അരി നല്‍കുന്ന പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, അദ്ദേഹത്തിന്റെ ചിത്രമുള്‍പ്പെടെ പതിച്ച 14 കോടി ബാഗുകള്‍ രാജ്യത്തെമ്പാടും വിതരണം ചെയ്യാനുള്ളതാണ് മുഖ്യ തീരുമാനം. കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് ചെയ്ത ‘സഹായങ്ങള്‍‘ക്ക് മോഡിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പ്രചരണ വീഡിയോകളും തയാറാക്കിവരുന്നുണ്ട്. പാവങ്ങളുടെ ദൈവമാണ് മോഡിയെന്നാണ് അതിന്റെ തലവാചകം.

മോഡിജിക്ക് നന്ദി എന്ന് പ്രിന്റ് ചെയ്ത പോസ്റ്റ് കാര്‍ഡുകള്‍ അഞ്ച് കോടി പേര്‍ക്ക് പ്രധാനമന്ത്രിയുടെ മെയിലില്‍ നിന്ന് നേരിട്ട് അയച്ചുകൊടുക്കും. 71ാം പിറന്നാളിനെ സൂചിപ്പിച്ച് 71 നദികള്‍ വൃത്തിയാക്കും. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ മോഡിക്ക് നന്ദി പറയുന്ന വീഡിയോകള്‍ രാജ്യം മുഴുവന്‍ പ്രചരിപ്പിക്കാനായി തയാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് രാജ്യത്തെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും യോഗങ്ങളുമെല്ലാം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

മോഡിയുടെ ചിത്രം പതിച്ച ബാഗുകള്‍ വീടുകളിലെത്തുന്നത് സ്ത്രീകള്‍ക്കിടയില്‍ രാഷ്ട്രീയമായി മോഡി അനുകൂല മനോഭാവം ഉണ്ടാക്കുന്നതിന് സഹായിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി മോഡി അനുകൂല പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:From bags with Mod­i’s pic­ture on them to vac­ci­na­tion videos
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.