November 29, 2023 Wednesday

ഡാന്റീസിൽ നിന്നും കൗണ്ട് ഓഫ് മോൺടിക്രിസ്റ്റോവിലേക്ക്

ജോയ് നായരമ്പലം
February 26, 2023 6:10 am

നെപ്പോളിയൻ സ്ഥാനഭ്രഷ്ടനായി എൽബോ ദ്വീപിൽ ഒളിച്ചു താമസിക്കുകയാണ്. മറ്റൊരു പടയൊരുക്കത്തോടെ അധികാരം പിടിച്ചെടുക്കാനുള്ള മനസൊരുക്കത്തിലാണ് ചക്രവർത്തി. ഫ്രാൻസിലെ പ്രഭുവിനു കൊടുക്കാനുള്ള നെപ്പോളിയന്റെ ഒരു കത്ത് എങ്ങനെയോ ഡാന്റീസിന്റെ കൈയിലെത്തുന്നു. കപ്പലിന്റെ സീനിയർ കപ്പിത്താനായ ഫറവോൻ, തന്റെ മരണസമയത്താണ് ആ കത്ത് വിശ്വസ്തനായ ഡാന്റീസിനെ ഏല്പിക്കുന്നത്. തികച്ചും ‘ഫ്രോഡ്’ ആയിരുന്ന ഡാങ്ക്ളർ എന്ന കപ്പൽ ജോലിക്കാരന് ഈ കത്തിനെക്കുറിച്ച് വ്യക്തമായി അറിവുണ്ട്. ഫറവോന്റെ മരണവും പുതിയ ക്യാപ്റ്റൻ പദവിയും ഡാങ്ക്ളർ ചേർത്തുവച്ചുകൊണ്ട് പുതിയ കിനാക്കൾ ഒരുക്കുമ്പോൾ പിന്നാമ്പുറത്ത് അയാൾക്ക് കടുത്ത അസൂയയുടെ ഒരു തീരാഗോപുരം ഡാന്റീസിനെതിരെ ഒരുക്കി. അയാൾക്ക് കപ്പലിന്റെ ഉടമയായ മോറലിനെ പ്രീതിപ്പെടുത്താനായില്ലതാനും.
ഡാന്റീസിന്റെ കാമുകിയായിരുന്ന മെഴ്സിഡസിനെ തെറ്റിദ്ധരിപ്പിച്ച് ഡാങ്ക്ളർ തന്റെ ഒരു സുഹൃത്തായ ഫെർനാൻഡുമായി ചേർന്ന് ഡാന്റീസ് നെപ്പോളിയന്റെ ചാരനാണെന്ന് കിംവദന്തി പരത്തി. അതു കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു. ഇത്തരം ചതികളൊന്നും നിഷ്ക്കളങ്കനായ ഡാന്റീസ് ഒട്ടുമേ അറിയാതെ വിവാഹം കഴിക്കാനിരിക്കുന്ന മെഴ്സിഡസിനെ കിനാക്കളിൽ ഒതുക്കി ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി.
വിവാഹ ദിനം നിശ്ചയിച്ച സമയത്ത് ഡാന്റീസിനെ പൊലീസുകാർ അറസ്റ്റ് ചെയ്യുന്നതോടെ ഡാന്റീസിന്റെ ജീവിതം സുഗമമായ ഒഴുക്കിൽ നിന്നും ഭീതിജനകവും പരീക്ഷണാത്മകവുമായ ഓളക്കയങ്ങളിലേക്ക് നീങ്ങുന്നു. അയാൾ കുറ്റവാളിയായി പരിണമിക്കുന്നു. ചാറ്റ്യുക്കോട്ടയിലേക്ക് ഡാന്റീസിനെ തള്ളിവിടുമ്പോൾ അവിടം കുപ്രസിദ്ധരുടെ സങ്കേതമാണെന്ന് അയാൾക്ക് അറിഞ്ഞുകൂടായിരുന്നു.
നോവൽ, കൗണ്ട് ഓഫ് മോൺടിക്രിസ്റ്റോ എന്ന ശക്തനായ കഥാപാത്രത്തിനു ചുറ്റും കറങ്ങുകയാണ്, തീവ്രമായ ഒരു കഥാപ്രപഞ്ചത്തിലൂടെ… അതുല്യമായ ഒരു വായനാനുഭവത്തിലൂടെ കപ്പലോടിച്ചു വരുന്ന ഡാന്റീസാണ് കൗണ്ട് ഓഫ് മോൺടിക്രിസ്റ്റോ ആയി കൂടുവിട്ട് കൂടുമാറുന്നത്. ആഖ്യായിക അതിന്റെ വ്യക്തിത്വം തിളക്കമാക്കുമ്പോൾ ഡാന്റീസും ഡ്യൂമാസും ഒന്നുമേ നോവലിൽ തിളച്ചുപൊന്തുന്നില്ല. വായനാ പ്രപഞ്ചത്തിൽ തുടിച്ചുനില്ക്കുന്ന കൗണ്ട് ഓഫ് മോൺടിക്രിസ്റ്റോ മാത്രം. ആ കൃതിയാണെങ്കിലോ എത്രയോ ഭാഷകളിലേക്ക് തർജമയ്ക്കായി അക്ഷരലക്ഷങ്ങളിലാറാടി. നാടകങ്ങളായി അരങ്ങ് തകര്‍ത്തു. സിനിമയായി അഭ്രപാളിയിലെത്തി. പേരും പ്രശസ്തിയും പണവുമായി ആ കൃതി വിശ്വസാഹിത്യത്തിൽ അത്ഭുതമായി.
മോൺടിക്രിസ്റ്റോവിലെ പ്രഭു എന്ന ആംഗലേയ ശീർഷകത്തിന്റെ തർജമയിൽ മോൺടിക്രിസ്റ്റോ ഒരു ദ്വീപാണ്. ആ ദ്വീപിൽ നിന്നും കിട്ടിയ നിധിയുടെ ഉടമയായ ഡാന്റീസ് കാലം ഒരുക്കിക്കൊടുത്ത ഭാഗ്യവസന്തത്തിന്റെ സൗഗന്ധികമാകുമ്പോൾ അയാൾക്ക് കൗണ്ട് ഓഫ് മോൺടിക്രിസ്റ്റോ എന്നാകാതെ നിവൃത്തിയില്ലല്ലോ.
പതിനാലു വർഷത്തോളം അന്ധകാര നിബിഡവും ഭീതിപൂർണവുമായ ജയിലിൽ ഡാന്റീസിനു കീഴടങ്ങേണ്ടിവന്നു. തളർച്ചയുടെയും തകർച്ചയുടെയും സമ്മിശ്രതയിൽ അയാളുടെ മനസ് പുറത്തുകടക്കാനുള്ള തീവ്രതാനിർഭരതയിലായിരുന്നു.
തടവറയുടെ ഭിത്തി തുറന്നുകിട്ടിയാൽ മാത്രമേ പുറംലോകം തന്നെ സ്വീകരിക്കൂ എന്ന ബോധോദയത്തിൽ ഡാന്റീസ് അത്തരം സാഹസികതയിലേക്ക് പതുക്കെ നടന്നടുത്തു. പിന്നെ വേഗമാർന്നു. ആ കൊടിയ ശ്രമത്തിനിടയിൽ മറ്റൊരാളെ തന്റെ ഇരുട്ടറയിൽ പരിചയപ്പെടാനിടയായി. നിഷ്ക്കളങ്കതയിൽ നിറം തെളിഞ്ഞുനില്ക്കുന്ന ഫാദർ ഫരിയ, സ്നേഹം തൊട്ടെടുത്ത ആ മനുഷ്യൻ തന്നെപ്പോലെ നിരപരാധിയായ ഡാന്റീസിനെ ജയിലിൽ നിന്നും പുറത്തുകടക്കാൻ സഹായിക്കാമെന്നേറ്റു. ഇരുവരും കൂടി ശ്രമം നടത്തുമ്പോൾ വൃദ്ധ പുരോഹിതൻ തലകറങ്ങി വീഴുന്നു. തന്റെ അന്ത്യം മനസിലാക്കിയ ആ മനുഷ്യൻ ഈ സമയം ഡാന്റീസിനു മോൺടിക്രിസ്റ്റോ ദ്വീപിൽ ഒളിയിടത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിധിയെക്കുറിച്ചും അതു കരസ്ഥമാക്കാൻ വേണ്ട സൂത്രവാക്യത്തെക്കുറിച്ചും അറിവ് കൊടുക്കുന്നു. ഫാദർ, ഡാന്റീസിന്റെ മുന്നിൽ വച്ച് മരിക്കുന്നു. ചെറുപ്പം വിടാത്ത ഡാന്റീസ് ആ കാരുണ്യവാന്റെ മുന്നിൽ കരയുന്നു. ആ നിമിഷം ഓർമ്മയെ ഉണർത്തുകയായി — എങ്ങനെയെങ്കിലും രക്ഷപ്പെട്ടുകൊള്ളുക.
എങ്ങനെയൊക്കെയോ ഡാന്റീസ് ജയിലിന്റെ കനത്ത മതിലിനെ ഭേദിച്ച് ഒരു കടൽ മുഖത്തേക്ക് രക്ഷാപഥം തീർക്കുമ്പോൾ, അവശതയാർന്ന നേരത്ത്, കള്ളക്കടത്ത് നടത്തിയിരുന്ന കപ്പലിലെ ജോലിക്കാർ ഡാന്റീസിനെ രക്ഷപ്പെടുത്തി കൂടെക്കൂട്ടുന്നു. ആ കപ്പലിൽ ജോലിക്കാരനായി നിലയുറപ്പിക്കുമ്പോൾ ഡാന്റീസിന്റെ ആന്തരികതയിലെ പ്രക്ഷുബ്ധതയിൽ പ്രത്യാശാ വികാസം മോൺടിക്രിസ്റ്റോ ദ്വീപ് മരതകകാന്തിയാർന്നു കിടന്നിരുന്നു.
ഡാന്റീസ് ആ ദ്വീപിന്റെ ഓരത്തെത്തി. ഫാദർ വില്പത്രത്തിൽ അടയാളമാക്കിയിരുന്ന അക്ഷരക്കൂട്ടങ്ങൾ അയാളെ ഉരുവിട്ടു പഠിപ്പിച്ചിരുന്നു. അതിന്റെ ഓർമ്മകളിലൂടെ ആ നിധി കണ്ടെത്തുകതന്നെ ചെയ്തു. അയാൾ കൗണ്ട് മോൺടിക്രിസ്റ്റോ ആയി.
ഫ്രാൻസിന്റെ രാഷ്ട്രീയ ചരിത്രം വീണ്ടും നെപ്പോളിയന്റെ ശക്തമായ തിരിച്ചുവരവിൽ തിരുത്തപ്പെട്ടുവെങ്കിലും അധികം വൈകാതെതന്നെ വാട്ടർലൂ യുദ്ധത്തിൽ ആ ചക്രവർത്തി പരാജയപ്പെടുകയും ചെയ്തു. രാജഭരണം വീണ്ടും ഉയർത്തെഴുന്നേറ്റു. നെപ്പോളിയൻ ഭരണത്തിൽ തങ്ങളുടേതായ സ്വാർത്ഥതയിൽ അഴിഞ്ഞാടാമെന്നു സ്വപ്നം കണ്ടിരുന്ന ഡാങ്ക്ളറുടെയും കൂട്ടരുടെയും ജീവിതങ്ങളിൽ കരിനിഴൽ വീഴുകയായി. പക്ഷേ, ഡാങ്ക്ളർ സ്പെയിനിലെത്തി വ്യവസായം നടത്തിയും മറ്റും വൻ പണക്കാരനായി, അധർമ്മ വ്യാപാരിയുമായി.
സംഭവങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റിമറിക്കപ്പെടുകയായിരുന്നു. കാദ റോസിലൂടെ തന്റെ പ്രതികാര നടപടികൾ നടത്താനാണ് കൗൺടി തീരുമാനിച്ചത്. അയാൾ മറ്റു ഉപജാപങ്ങളിലൂടെ, തന്നെ ജയിലിലാക്കിയ ശത്രുക്കളെയൊക്കെ വകവരുത്തി തൃപ്തനായെങ്കിലും ഇടയ്ക്ക് പഴയ കാമുകി മെഴ്സിഡസിനെയും അവളുടെ പുത്രനെയും കണ്ടപ്പോൾ വല്ലാതെ വിഷമിച്ചു. അവൾ അന്ന് തന്നോടു കാണിച്ചിരുന്ന ആത്മാർത്ഥതയും അതിന്റെ പേരിൽ സഹിച്ചതും മറ്റൊരു വിവാഹത്തിൽപ്പെട്ടുപോയതും ആ ഭർത്താവ് ഡാന്റീസിന്റെ പ്രതികാര നടപടിയിൽപ്പെട്ട് എരിഞ്ഞടങ്ങിയതുമെല്ലാം ഗദ്ഗദത്തോടെയും കണ്ണീരോടെയും ഡാന്റീസിന്റെ മുന്നിൽ വിവരിച്ചപ്പോൾ മനുഷ്യന്റെ പിടിയിലൊതുങ്ങാതെ പോകന്ന വിധി എന്ന അദൃശ്യതയെ ചോദ്യം ചെയ്യപ്പെടാൻ അരുതാതെ മനുഷ്യൻ നിസഹായനാവുന്നുവല്ലോ എന്ന് കൗണ്ട് ഓഫ് മോൺടിക്രിസ്റ്റോവിന്റെ വായനാനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നു. ഡാന്റീസിന്റെ കൈകൊണ്ടുതന്നെ കൊല്ലപ്പെട്ട ഭർത്താവിന്റെ ഓർമ്മകളുടെ താഴ്വാരത്തു നിന്നുകൊണ്ട് അവൾ യാത്രപറഞ്ഞ് പിരിയുമ്പോൾ സാഹസികതയാർന്ന നോവലിന്റെ പദ ബഹുലതകൾക്കിടയിൽ എന്തൊരു സങ്കടക്കാഴ്ചയാണ് തെളിഞ്ഞുവരുന്നത്.
അലക്സാണ്ടർ ഡ്യൂമയുടെ സാഹിത്യ രചന ആരംഭിച്ചത് നാടകങ്ങളിലൂടെയാണ്. ഒന്നാംതരം നാടകകൃത്തായിരുന്നു അദ്ദേഹം. 1822 ൽ രചിച്ച് ‘ഐവാൻഹോ’ ആയിരുന്നു ആദ്യ നാടകം. അരങ്ങിൽ ആറാടിയ നാടകങ്ങളിലെ മാസ്റ്റർപീസ് എന്നു പറയാവുന്ന കൃതി ‘ടവർ ഓഫ് നെസ്ലെ’ ആയിരുന്നു. പതിനഞ്ചിലധികം നാടകങ്ങൾ എഴുതിക്കഴിഞ്ഞതോടെ അദ്ദേഹം തന്റെ രചന നാടകത്തിൽ നിന്നും നോവലിലേക്ക് തിരിച്ചുവിട്ടു.
‘ക്യാപ്റ്റൻ പോൾ’ എന്ന നോവൽ വിജയമായിരുന്നു. ആ നോവലുദ്യമത്തിൽ ആത്മവിശ്വാസം വര്‍ധിച്ചു. അങ്ങനെ എഴുതിയെഴുതി നൂറ്റമ്പതോളം രചനകളായി. എങ്കിലും ഡാന്റീസ് എന്ന കഥാപാത്രത്തിലൂടെ വിടർന്നുവിരിഞ്ഞു വികസിച്ച കൗണ്ട്‍ ഓഫ് മോൺടിക്രിസ്റ്റോ എന്ന നോവലിന്റെ പിന്നാമ്പുറത്താണ് എഴുത്തുകാരനും മറ്റു കഥാപാത്രങ്ങളും. 1844–45 കാലഘട്ടങ്ങളിലാണ് നോവൽ രചന.
ഫ്രാൻസിലെ വില്ലാ കോത്തറയിൽ 1802 ലാണ് ഡ്യൂമയുടെ ജനനം. പട്ടാളത്തിലെ ജനറലായിരുന്ന പിതാവിന്റെ മരണത്തോടെ കുടുംബം ഗതികേടിലായി. ഇതോടെ ഡ്യൂമയുടെ യൗവനാദ്യം അന്ധകാരത്തിലായി. കുടുംബത്തിന്റെ വിഷമം മനസിലാക്കി ക്ലാർക്കായി ജോലി നോക്കിയെങ്കിലും അത് പച്ചതൊട്ടുമില്ല.
തന്റെ ആത്മവിശ്വാസവും കഴിവും കൊണ്ട് ഡ്യൂമ ഫ്രഞ്ച് അധിപനായിരുന്ന ഡ്യൂക്ക് ഫിലിസിന്റെ കീഴിൽ ഒരു ഉദ്യോഗസ്ഥനായതോടെ ജീവിതം മെച്ചപ്പെട്ടു. പിന്നെയങ്ങ് എഴുത്തായി. എഴുത്തുകാരൻതന്നെ മറ്റൊരു രൂപത്തിൽ കൗണ്ട് ഓഫ് മോൺടിക്രിസ്റ്റോയുമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.