കൊച്ചി: നാലു മണിക്കൂറില്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്താം, അതിവേഗ റെയില്‍ പാത സര്‍വേയ്ക്ക് ഇന്ന് തുടക്കം. പദ്ധതിയുടെ അന്തിമ അലൈന്മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വെയാണ് ഇന്നു തുടങ്ങുന്നത്. സംസ്ഥാനത്തെ സ്പീഡ് റെയില്‍ പദ്ധതിയുടെ അന്തിമ അലൈന്മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വേ ഇന്നു കാസര്‍കോട് തുടങ്ങും. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന പാര്‍ടനാവിയ പി68 എന്ന ചെറു വിമാനം ഉപയോഗിച്ചാണ് സര്‍വെ. വിമാനം ജനുവരി 6വരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനും ഇന്ധനം നിറയ്ക്കാനും അനുമതി തേടിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനാണു സര്‍വേ ചുമതല. എയര്‍ ട്രാഫിക് കണ്ട്രോളില് (എടിസി) നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാവും വിമാനം പറക്കുക.
you may also like this video
കാലാവസ്ഥ അനൂകൂലമെങ്കില്‍ ആറു ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കേരള റെയില്‍വേ ഡവലപ്മെന്റ് കോര്പറേഷന് വ്യക്തമാക്കി. കേരള റെയില്‍ വികസന കോര്‍പറേഷനാണ് 56,000 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായുള്ള നിക്ഷേപ സമാഹരണം നടത്തുക. 2024 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 532 കിലോമീറ്ററാണ് ദൈര്‍ഘ്യം. പാതക്കായി 25 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. പദ്ധതിക്ക് രണ്ടാഴ്ച മുന്‍പ് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. പാത കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ വിവരശേഖരണം സാറ്റലൈറ്റ് സര്‍വേയിലൂടെ സാധിക്കില്ല. മരങ്ങളും മറ്റു തടസ്സങ്ങളുമെല്ലാം മറികടന്നു കൃത്യമായി അലൈന്മെന്റ് തയാറാക്കാന്‍ ലേസര്‍ ഉപയോഗിച്ചു നടത്തുന്ന ലിഡാര്‍ സര്‍വേ സഹായിക്കും. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്നാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും രണ്ട് സ്റ്റോപ്പുകള്‍ക്ക് ഇടയില്‍ മൂന്ന് ഫീഡര്‍ സ്റ്റേഷനുകള്‍ ഉദ്ദേശിക്കുന്നുണ്ട്.