25 April 2024, Thursday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024

മയൂര്‍ഭഞ്ചില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്; ദ്രൗപതി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി

ഗോത്ര വർഗത്തിൽ നിന്ന് ആദ്യ രാഷ്ട്രപതി
Janayugom Webdesk
July 21, 2022 9:08 pm

രാജ്യത്തിന്റെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പുതിയൊരു ചരിത്രം കൂടി പിറന്നു. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ ഗോത്രവർഗക്കാരിയുമാണ് ദ്രൗപദി മുർമു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുര്‍മു നേടി. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടില്‍ എണ്ണിയത്. 

ഇതോടെ, ആകെയുള്ള 3219 വോട്ടുകളില്‍ മുര്‍മുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം — 5,77,777), യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം — 2.61.062) ലഭിച്ചു. രണ്ടാം റൗണ്ടിലും മുര്‍മുവിന് ലീഡ് ലഭിച്ചു. ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിന്‍ഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. 44,276 ആണ് ഇതിന്റെ മൂല്യമെന്ന് രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി അറിയിച്ചു.

ഒഡിഷയിലെ ഏറ്റവും പിന്നാക്ക ജില്ലയായ മയൂർഭഞ്ജിലെ വിദൂരഗ്രാമത്തിൽ നിന്നാണ് അവർ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രഥമപൗര പദവിയിലെത്തുന്നത്. ലോകമറിഞ്ഞ പ്രതിഭകളായ ഡോ. രാജേന്ദ്ര പ്രസാദിന്റെയോ ഡോ. രാധാകൃഷ്ണന്റെയോ, സക്കീർ ഹുസൈന്റെയോ ശ്രേണിയിൽ പെട്ടയാളല്ല ദ്രൗപദി മുർമു. പ്രണബ് മുഖർജിയെപ്പോലെ ഭരണരംഗത്തോ കെ ആർ നാരായണനെപ്പോലെ നയതന്ത്രരംഗത്തോ വ്യക്തിമുദ്ര പതിപ്പിച്ചയാളുമല്ല. എപിജെ അബ്ദുൾ കലാമിന്റെ വ്യക്തിപ്രഭാവവും ഇല്ല. ഒരുപക്ഷേ ഗ്യാനി സെയിൽ സിങ്, പ്രതിഭാ പാട്ടീൽ രാംനാഥ് കോവിന്ദ് എന്നിവരെ പോലെ രാഷ്ട്രപതിയായി അവർ കാലാവധി പൂർത്തിയാക്കിയേക്കാം. 

അഞ്ച് വർഷം മുമ്പ് ഇതേ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടയാളാണ് ദ്രൗപദി മുർമുവെന്ന് പലരും ഓർക്കുന്നുണ്ടാകില്ല. പ്രണബ് മുഖർജിയുടെ കാലാവധി കഴിഞ്ഞപ്പോഴായിരുന്നു അത്. അന്ന് ഝാർഖണ്ഡ് ഗവർണറായിരുന്ന മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രപതി പട്ടികയിൽ ഉണ്ടായിരുന്നു. പക്ഷേ ഒടുവിൽ ആർഎസ്എസ് വക്താവ് രാം നാഥ് കോവിന്ദ് പ്രഥമപരിഗണനയിലേക്ക് മാറി.
ഛോട്ടാനാഗ്പുർ ടെനൻസി (സിഎൻടി) നിയമവും സന്താൽ പർഗാന ടെനൻസി (എസ്‍പിടി) നിയമവും ഭേദഗതി ചെയ്യാൻ കൊണ്ടുവന്ന ബില്ലുകൾ ഗവർണറായിരുന്ന മുർമു മടക്കി അയച്ചിരുന്നു. ഈ നിയമങ്ങളിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ഭേദഗതികളെ ജാർഖണ്ഡിലെ ആദിവാസികൾ ശക്തമായി എതിർത്തിരുന്നു. ഈ നിലപാടുകളാണ് മുർമുവിനെ ശക്തയായ ഗോത്ര നേതാവാക്കി മാറ്റിയത്.

സാന്താൾ വിഭാഗക്കാരിയായ മുർമു സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. ഭുവനേശ്വറിലെ രമാദേവി കോളജിൽനിന്ന് ബിരുദമെടുത്തു. മയൂർഭഞ്ചിലെ റായ്‍രംഗ്പുരിൽനിന്ന് 2000, 2009 വർഷങ്ങളിൽ ബിജെപി ടിക്കറ്റിൽ എംഎൽഎയായിട്ടുണ്ട്. 2000 ൽ ബിജെപി-ബിജെഡി സഖ്യസർക്കാരിൽ വാണിജ്യം, ഗതാഗതം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായി. 2009ൽ ബിജെഡി സഖ്യം പിരിഞ്ഞതോടെ ബിജെപി പരാജയപ്പെട്ടപ്പോഴും അവർക്ക് വിജയിക്കാൻ കഴിഞ്ഞു. 

എംഎൽഎ ആകുന്നതിന് മുമ്പ്, 1997 ൽ റായ്‍രംഗ്പുർ നഗർ പഞ്ചായത്തിൽ കൗൺസിലറായിരുന്നു. ബിജെപിയുടെ പട്ടികവർഗ മോർച്ചയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2015ൽ ഝാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ഭർത്താവ് ശ്യാം ചരൺ മുർമുവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ട മുർമു വ്യക്തിജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിട്ടയാളാണ്. ഒരു മകൾ മാത്രമാണ് ഇപ്പോൾ അവരോടൊപ്പമുള്ളത്. 

Eng­lish Summary:From Mayurb­hanj to Rash­tra­p­ati Bha­van; Drau­pa­di Mur­mu was the 15th President
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.