Janayugom Online
kalaijanr janayugom

പരാശക്തി മുതല്‍ പൊന്നാര്‍ ശങ്കര്‍ വരെ; തമിഴ്‌സിനിമയെ വഴിനടത്തിയ കലൈഞ്ജര്‍

Web Desk
Posted on August 07, 2018, 9:52 pm

മഹാഭാരതത്തില്‍ നിന്നുള്ള ഒരു ഭാഗമായിരുന്നു 1916 ല്‍ പുറത്തിറങ്ങി ആദ്യ തമിഴിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ കീചകവധം. പിന്നീട് ശബ്ദംകൂടി ചലച്ചിത്രങ്ങളിലേക്ക് സന്നിവേശിക്കപ്പെട്ടെങ്കിലും കഥയും കഥപറച്ചില്‍ രീതികളും അതേപടി നിലനിന്നു. തിളക്കമേറിയ ആടയാഭരണങ്ങളിഞ്ഞ ആളുകളും ഓരോ ചിത്രത്തിലും നാല്പതോളം പാട്ടുകളും. എന്നാല്‍ 1952 ല്‍ മുത്തുവേല്‍ കരുണാനിധിയുടെ പരാശക്തി പുറത്തിറങ്ങിയതോടെ തമിഴ് സിനിമാലോകം ഒരു മാറ്റം അനുഭവിച്ചറിഞ്ഞു. ഇതിഹാസചരിത്രങ്ങള്‍ക്ക് പകരം സമകാലിക ജീവിതം കാണികള്‍ അഭ്രപാളികളില്‍ കണ്ടു. മിനിട്ടുകള്‍ നീണ്ടുനില്‍ക്കുന്ന നീളന്‍ ഡയലോഗുകള്‍ ആരാധകരെ കീഴടക്കി. പ്രാസം ഒപ്പിച്ച കവിതപോലുള്ള നീളന്‍ ഡയലോഗുകള്‍ ആരാധകര്‍ മനഃപാഠമാക്കി പാടിനടന്നു. തമിഴ് സിനിമയുടെ തിരക്കഥാ രംഗത്തു നിന്നും ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ പിറവിയെടുത്തു.

കരുണാനിധി ശിവാജി ഗണേഷിനൊപ്പം

കരുണാനിധി ശിവാജി ഗണേഷിനൊപ്പം

കരുണാനിധിയുടെ വാക്കുകളിലൂടെയാണ് എംജിആറും ശിവാജി ഗണേശനുമെല്ലാം തമിഴ് ജനതയുടെ ഇഷ്ട നായകരായി മാറിയത്. ഒപ്പം അതിനൊപ്പം താരപ്രഭ ആ തീപ്പൊരി വാക്കുകള്‍ പിറന്ന തൂലികയുടെ ഉടമസ്ഥനും ലഭിച്ചു. പിന്നീടത് കലൈഞ്ജര്‍ എന്ന പ്രിയങ്കരനായ രാഷ്ട്രീയ നേതാവായി മാറി.
നവോത്ഥാന മുന്നേറ്റത്തിന്റെ ഫലമായി തമിഴകത്ത് യുക്തിവാദത്തിനുണ്ടായ പ്രസക്തിയും ബ്രാഹ്മണ മേല്‍ക്കോയ്മയ്ക്ക് എതിരെയുള്ള വികാരവും അദ്ദേഹത്തിന്റെ രചനകള്‍ക്കുണ്ടായിരുന്നു.  ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ നഖശിഖാന്തം എതിര്‍ത്ത പെരിയോറുടെ പിന്‍ഗാമികളിലൊരാളായിരുന്നു കലൈഞ്ജര്‍. പെരിയോര്‍ രൂപീകരിച്ച ദ്രാവിഡ കഴകമാണ് പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകമായി തീര്‍ന്നത്. ഇന്ത്യന്‍ ദേശീയ സങ്കല്പത്തിനൊപ്പമാണ് ദ്രാവിഡ ദേശ വാദവും ഡിഎംകെ അടക്കമുള്ള ദ്രാവിഡ കക്ഷികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. തമിഴ്‌ദേശീയ ബോധവും, ഡിഎംകെ ആശയങ്ങളും അതിശക്തമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കരുണാനിധിക്ക് കഴിഞ്ഞു.
1947ലാണ് കലൈഞ്ജറിന്റെ ആദ്യ ചിത്രം രാജകുമാരി വെള്ളിത്തിരയില്‍ എത്തുന്നത്, ജൂപ്പിറ്റര്‍ പിക്ചറിന് വേണ്ടിയായിരുന്നു ആ തിരക്കഥ. രാജകുമാരി വിജയമായിരുന്നു. ഇതോടെ കൂടുതല്‍ അവസരങ്ങളെത്തി. കരുണാനിധിയുടെ നാലാമത്തെ ചിത്രം പരാശക്തി വലിയ വിജയമായി. ശിവാജി ഗണേശന്റെ ആദ്യ ചിത്രം കൂടിയായിരുന്നു പരാശക്തി. 1952ലാണ് ചിത്രം റീലിസ് ചെയ്തത്.
പരാശക്തി വലിയ കോലാഹലങ്ങളാണ് തമിഴ്‌നാട്ടില്‍ ഉണ്ടാക്കിയത്. ബ്രാഹ്മണിക മേധാവിത്തത്തെയും ജന്മി സമ്പ്രദായത്തെയും നിശിതമായി വിമര്‍ശിക്കുന്ന ചിത്രം വന്‍ എതിര്‍പ്പുകളെ നേരിട്ടാണ് റിലീസ് ചെയ്തത്. പുജാരി ഒരു സ്ത്രീയെ മാനഭംഗത്തിനിരയാക്കുന്ന രംഗവും ചിത്രത്തിലുണ്ടായിരുന്നു.

പണം, തങ്കരത്‌നം എന്നീ സിനിമകളും ഇതേ ആശയങ്ങളുമായി കരുണാനിധിയുടെ തൂലികയില്‍ പിറന്നു. തൊട്ടുകൂടായ്മക്കെതിരെയും സമീന്ദാരി സംവിധാനത്തിനെതിരെയും തൂലിക ചലിപ്പിച്ച കരുണാനിധി വിധവാ പുനര്‍ വിവാഹം പോലുള്ളവ തന്റെ സിനിമകളിലൂടെ പ്രോത്സാഹിപ്പിച്ചതോടെ ബ്രാഹ്മണ്യ മേധാവിത്വത്തില്‍നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. എംജിആറിന്റെയും കരുണാനിധിയുടെയും സൗഹൃദത്തെ വളര്‍ത്തിയതും സിനിമയായിരുന്നു.
1954ല്‍ പുറത്തിറങ്ങിയ മനോഹര എന്ന ശിവാജി ചിത്രവും അതിലെ ശക്തമായ ഡയലോഗുകള്‍കൊണ്ട് ശ്രദ്ധേയമായി.

1954 ല്‍ പുറത്തിറങ്ങിയ മാലൈക്കള്ളന്‍ തമിഴ് സിനിമാരംഗത്തെ ഇളക്കിമറിച്ചു. ചെന്നൈയിലെ തിയേറ്ററുകളില്‍ നാലുമാസം ഓടിയ ചിത്രം ആ വര്‍ഷം രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിനും അര്‍ഹമായി. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദു, സിംഹളീസ് ഭാഷകളില്‍ ചിത്രം പുനര്‍നിര്‍മ്മിക്കപ്പെട്ടു.

പെണ്‍സിംഗം, കണ്ണമ്മ, പാസ കിളികള്‍, പൂമലൈ, ഇരുവര്‍ ഉള്ളം, മനമഗള്‍ എന്ന് തുടങ്ങി 75ഓളം ചിത്രമാണ് കലൈഞ്ചറുടെ തിരക്കഥയില്‍ സിനിമാലോകത്തേക്ക് എത്തിയത്. 2011ല്‍ പുറത്തിറങ്ങിയ പൊന്നാര്‍ ശങ്കറാണ് അദ്ദേഹത്തിന്റെ തിരക്കഥയില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. മുഖ്യമന്ത്രിയായ ശേഷവും തിരക്കഥ രചനയ്ക്കായി അദ്ദേഹം സമയംകണ്ടെത്തി. തമിഴ് സിനിമയ്ക്ക് മാത്രമല്ല തമിഴ് ഭാഷയ്ക്ക് കൂടി പുനര്‍ജീവന്‍ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകളെന്ന് വിലയിരുത്തപ്പെടുന്നു.