March 21, 2023 Tuesday

ഭൂപരിഷ്കാര നിയമം മുതൽ കർഷക ക്ഷേമ നിധി വരെ

Janayugom Webdesk
February 23, 2020 9:28 am

കിസാൻ സഭയുടെ 20-ാം സംസ്ഥാന സമ്മേളനം 2019 ഫെബ്രുവരി 23, 24, 25 എന്നീ തീയതികളിൽ അടൂരിൽ ചേരുമ്പോൾ കൃഷി ഭൂമി കർഷകന് എന്ന മുദ്രാവാക്യം ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ കേരളത്തിലുയർത്തിക്കൊണ്ടു വന്ന പ്രസ്ഥാനമെന്ന നിലയിൽ ഭൂപരിഷ്കാര നിയമം നടപ്പിലാക്കിയതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സമ്മേളനത്തിന് അതീവ പ്രാധാന്യമുണ്ട്. സ: സി. അച്യുതമേനോൻ മന്ത്രിസഭ കൈക്കൊണ്ട് ശക്തമായ തീരുമാനമാണ് 01/01/1970 എന്ന തീയതി വച്ച് ദൂപരിഷ്കാര നിയമത്തിന്റെ എല്ലാ വകുപ്പുകളും നടപ്പിലായി എന്ന് പ്രഖ്യാപിച്ചത്. മിച്ചഭൂമി ഏറ്റെടുക്കാനുളള ലാൻഡ് ബോർഡുകളും അതോടൊപ്പം രൂപീകൃതമായി. അങ്ങനെ 35 ലക്ഷത്തോളം പാട്ടക്കാരും, വാരക്കാരും, കുടികിടപ്പുകാരും, ഭൂമിയുടെ ഉടമസ്ഥരായി എന്നു മാത്രമല്ല ജന്മിത്വം കേരളത്തിൽ ഇല്ലാതായി. തുടർന്ന് കാർഷിക പരിഷ്കരണത്തിന്റെ നാളുകളായിരുന്നു. സ: എം. എൻ. ഗോവിന്ദൻ നായർ ക്യഷി-ഭവനവകുപ്പ് മന്ത്രിയായിക്കൊണ്ട് ഒരു ലക്ഷം വീടുകൾ വീടില്ലാത്ത കർഷക തൊഴിലാളികൾക്കും, മറ്റുള്ളവർക്കും കേരളത്തിലാദ്യമായി നിർമ്മിച്ചു കൊടുത്തു.

കിസാൻ സഭയുടെ ദേശീയ പ്രസിഡന്റായി പിൽക്കാലത്ത് പ്രവർത്തിച്ച സ: വി. വി. രാഘവൻ 1987 ൽ നെൽകൃഷി പുനരുദ്ധരിക്കാൻ കൂട്ടായ കൃഷി സമ്പ്രദായം നടപ്പിലാക്കികൊണ്ട് നെൽകൃഷി 8 ലക്ഷം ഹെക്ടറിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു. കൃഷിവകുപ്പിനെ കർഷകന്റെ അടുത്തെത്തിച്ചു കൊണ്ട് പഞ്ചായത്തുകളിൽ കൃഷി ശാസ്ത്രജ്ഞൻമാരുടെ സാന്നിദ്ധ്യം ഉറപ്പിച്ച കൃഷി ഭവനുകൾ സ്ഥാപിക്കപ്പെട്ടു. തുടർന്ന് കൃഷി മന്ത്രിയായ സ: വി. കെ. രാജനാകട്ടെ കൃഷി ഭവൻ വികസന സമിതികളിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തി അവർക്ക് സിറ്റിംഗ് ഫീസും നടപ്പിലാക്കി. 2006 ൽ അധികാരത്തിൽ വന്ന എൽ. ഡി. എഫ് സർക്കാരിലെ കൃഷി മന്ത്രി. സ: മുല്ലക്കര രത്നാകരൻ കർഷകർക്ക് പെൻഷൻ പദ്ധതിയ്ക്ക് രൂപം കൊടുത്തു. ഈ ചരിത്രപഥത്തിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെയും കൃഷി മന്ത്രിയായ സ: വി. എസ്. സുനിൽ കുമാറിന്റേയും സാരഥ്യത്തിൽ കേരളം മറ്റൊരു കാർഷിക പരിഷ്കരണത്തിലെത്തി നിൽക്കുകയാണ്. റോബർട്ട് ഫ്രോസ്റ്റ് എന്ന വിശ്വവിഖ്യാത കവി എഴുതിയതു പോലെ.. “വനമിതു ഗഹനം സുന്ദരമത്രേ, ഞാനോ ഹന്ത പ്രതിജ്ഞാ ബദ്ധൻ, താണ്ടണം ബഹുദൂരം നിദ്രയിലാഴും മുമ്പേ, താണ്ടണം ബഹുദൂരം നിദ്രയിലാഴും മുമ്പേ, എന്നതുപോലെ നിരവധി വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കുകയും നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്തു എന്നു മാത്രമല്ല, നെൽ കർഷകർക്ക് ആദ്യമായി റോയൽറ്റി നടപ്പിലാക്കുകയും ചെയ്തു.

വിള ഇൻഷ്വറൻസ് തുക വർദ്ധിപ്പിക്കുകയും, കർഷക കടാശ്വാസപരിധി വർദ്ധിപ്പിക്കുകയും, പ്രളയക്കെടുതി കണക്കിലെടുത്ത് കടങ്ങൾക്ക് മൊറട്ടോറിയ കാലയളവ് ദീർഘിപ്പിക്കുകയും ചെയ്തു കൂടാതെ കർഷകരുടെ ചിരകാലാഭിലാക്ഷമായ കർഷക രക്ഷാ നിയമം “കർഷക ക്ഷേമനിധി നിയമവും” ശ്രീ. വി. എസ്. സുനിൽ കുമാർ അസംബ്ലിയിൽ പൈലറ്റ് ചെയ്തു പാസ്സാക്കി കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ ബഹുദൂരം താണ്ടി കഴിഞ്ഞിരിക്കുന്നു. ഭൂപരിഷ്കാരനിയമത്തിന്റെ ഭാഗമായി കർഷകരെ കൃഷിയിൽ ഉറപ്പിച്ചു നിർത്തുക എന്ന വർഗ്ഗപരമായ കാഴ്ചപ്പാടിൽ നടപ്പിലാക്കാൻ പോകുന്ന കർഷക ക്ഷേമനിധിയും കൂടെ കൂട്ടിവായിക്കണം. നാളികേര വികസന കൗൺസിലും കാർഷികോൽപ്പന്നാധിഷ്ടിതമായ വ്യവസായങ്ങളും, കർഷകന്റെ വരുമാന വർദ്ധനവു ലക്ഷ്യമാക്കിക്കൊണ്ടുളള മൂല്യാധിഷ്ടിത ഉല്പന്നങ്ങൾക്കു വേണ്ടിയുളള (വൈഗ) സംരംഭങ്ങളും ചേരുമ്പോള്‍ സ്വതന്ത്ര വ്യാപാര കരാറുകൾ കൊണ്ടുവന്ന് കർഷകരെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ ഒരു ബദൽ നയവുമായി കേരളം മുമ്പോട്ടുപോവുകയാണ്. ഈ സംസ്ഥാന സമ്മേളനം ഇത്തരം വിഷയങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കും.

                                                                                                അഡ്വ. ജെ. വേണുഗോപാലൻ നായർ പ്രസിഡന്റ്, 

                                                                                                കിസാൻ സഭ സംസ്ഥാന കൗൺസിൽ 

 

Eng­lish Sum­ma­ry: From the Land Reform Act to the Farm­ers’ Wel­fare Fund

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.