Web Desk

April 20, 2020, 6:07 pm

കൊറോണ വൈറസ് രൂപപ്പെട്ടത് ലാബിലോ വവ്വാലിലോ? പഠനവുമായി കേംബ്രിജ് ഗവേഷകര്‍

Janayugom Online

ലോകമാകെ മഹാമാരിയായി പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19ന് കാരണമായ വൈറസ് എവിടെ, എങ്ങനെ രൂപപ്പെട്ടു എന്ന കാര്യത്തിൽ ഇപ്പോഴും വിഭിന്നങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളുമാണ് നിലനിൽക്കുന്നത്. ചൈനയിലെ വുഹാനിലെ മാംസവിൽപന ശാലയിൽ നിന്നാവാം വൈറസ് മനുഷ്യരിലേയ്ക്ക് വ്യാപിച്ചതെന്നാണ് നിലവിൽ നിലനിൽക്കുന്ന പ്രാഥമിക ധാരണ. എന്നാൽ, ചൈനയുടെ വൈറസ് പരീക്ഷണ കേന്ദ്രത്തിൽ നിന്ന് ഈ വൈറസ് ചോർന്നതാണെന്ന് കരുതുന്നവരുമുണ്ട്. യാഥാർഥ്യം എന്താണെന്നുള്ളത് ഇനിയും ശാസ്ത്രീയ തെളിവുകളോടെ പുറത്തു വരേണ്ടിയിരിക്കുന്നു.

കൊറോണ വൈറസ് ആദ്യമായി വുഹാനിൽ സ്ഥിരീകരിക്കപ്പെടുന്നതിന് മാസങ്ങൾക്കു മുൻപ് തന്നെ ദക്ഷിണ ചൈനയിൽ എവിടെയോ വെച്ച് പുതിയ കൊറോണ വൈറസ് ആദ്യത്തെ മനുഷ്യനിലേയ്ക്ക് കടന്നിരിക്കാമെന്നാണ് പുതിയ റിപോർട്ടുകൾ വ്യക്തമാകുന്നത്. കേംബ്രിജ് സർവകലാശാലയിലെ ജനിതക ഗവേഷകരുടെ പഠനം അനുസരിച്ച്, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് നിലനിൽക്കുന്ന പല സിദ്ധാന്തങ്ങളെയും അവരുടെ ഗവേഷണങ്ങൾ ദുർബലപ്പെടുത്തുന്നു.

കൊറോണ വൈറസിന്റെ ജനിത വ്യതിയാനത്തിന്റെ മാതൃക ശൃംഖല സൃഷ്ടിച്ചാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിച്ചേർന്നത്. ഗവേഷകരുടെ നിഗമനം അനുസരിച്ച് 2019 സെപ്തംബര്‍ ആദ്യം എപ്പോഴോ ആണ് വുഹാന്റെ ദക്ഷിണ മേഖലയിലെ മനുഷ്യനിൽ ആദ്യ അണുബാധ സംഭവിക്കുന്നത്. മനുഷ്യരിലേയ്ക്ക് എത്തുന്നതിനു മുൻപു തന്നെ അത് മാരകസ്വഭാവത്തിലേയ്ക്ക് മാറിയിരിക്കാനുള്ള സാധ്യതയും ഗവേഷകർ ചൂണ്ടി കാണിക്കുന്നു.

മനുഷ്യരിൽ എപ്പോഴാണ് ഈ വൈറസ് കടന്നു കൂടിയതെന്ന് കൃത്യമായി അറിയില്ല. എങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യനിൽ എത്തുന്നതിന് മാസങ്ങൾക്കു മുൻപ് തന്നെ മനുഷ്യരിൽ പടരാൻ തക്കവിധം വൈറസ് രൂപപ്പെട്ടു കഴിഞ്ഞു. വവ്വാലിലോ മറ്റേതെങ്കിലും പക്ഷികളിലോ മൃഗത്തിലോ അല്ലെങ്കിൽ മനുഷ്യ ശരീരത്തിൽ തന്നെയോ ആകാം അത്തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ചിരിക്കുക. മാസങ്ങൾ  കഴിഞ്ഞിട്ടായിരിക്കാം അത് ആദ്യ വ്യക്തിയിൽ പ്രകടമായതും പിന്നീട് പകരുന്നതിലേയ്ക്കും മറ്റും കാര്യങ്ങൾ പോയത്. ഏത് ജീവിയിലാണ് ആദ്യമായി വൈറസ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയിൽ എത്തണമെങ്കിൽ വവ്വാലുകൾ അടക്കം വൈറസ് വാഹകരാകാൻ സാധ്യതയുള്ള മൃഗങ്ങളുടെ സാമ്പിളുകൾ വിശദമായ പഠനത്തിന് വിധേയമാക്കേണ്ടി വരുമെന്ന് ഗവേഷണനത്തിന് നേതൃത്വം നൽകിയ പീറ്റർ ഫോർസ്റ്റാർ പറയുന്നു.

ഡിസംബറില്‍ വുഹാനില്‍ വൈറസ് ബാധ ഉണ്ടായപ്പോള്‍ത്തന്നെ സംശയമുനയിലായിരുന്നു വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി. അപകടകരമായ വൈറസുകളെ വരെ കൈകാര്യം ചെയ്യുന്ന പി4 ലബോറട്ടറിയാണ് ഇവിടെയുള്ളതെന്നും വര്‍ഷങ്ങളായി ചൈന ഇവിടെ ജൈവായുധപരീക്ഷണം നടത്തുന്നതായും യു. എസ്. ചേരി രാഷ്ട്രങ്ങള്‍ ആരോപിക്കുന്നു.വൈറസ് മനുഷ്യനിര്‍മിതമല്ലെന്നും അത് കൃത്രിമമെന്ന് പറയാന്‍ ഒരു തെളിവുമില്ലെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ യുവാന്‍ ഷിമിങ് പറഞ്ഞു. അമേരിക്ക ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വൈറസ് എവിടെ നിന്ന് ഉത്ഭവിച്ചു എന്നതയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി ചോദ്യങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. പല ഗവേഷകരും സർവകലാശാലകളും ഇതിനെ കുറിച്ച് പഠനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്.

ENGLISH SUMMARY: from where did coro­na virus orig­i­nate; study of Cam­bridge scientist

YOU MAY ALSO LIKE THIS VIDEO