Monday
25 Mar 2019

തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്തു; ഇനിയൊന്നിനെയും ഉപദ്രവിക്കില്ല

By: Web Desk | Monday 31 December 2018 4:52 PM IST


ഒമാനി ബാലന്‍ അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവി (17) പിതാവ് മുഹമ്മദ് ഹമീദ്, ഡോ. സുധീഷ് കരുണാകരന്‍ എന്നിവര്‍ക്കൊപ്പം

കൊച്ചി: ഇനി പൂച്ചയെ അല്ല ഒരുജീവിയെയും ഉപദ്രവിക്കില്ലായെന്നാണ് അബ്ദുള്‍ഖാദറിന്റെ തീരുമാനം. പൂച്ചയെ കൊല്ലാൻ തോക്കു നിറയ്ക്കുമ്പോൾ വെടിയുണ്ട  ഉന്നം തെറ്റി സ്വന്തം താടിയെല്ലിലൂടെ പാഞ്ഞ് കയറിയ  പതിനേഴുകാരനായ ഒമാനി ബാലനാണ്  അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവി. തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്ത ശേഷം സുഖം പ്രാപിക്കുന്ന യുവാവ്  മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തന്റെ നയം വ്യക്തമാക്കിയത് . കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട നീക്കം ചെയ്തത്. ഇക്കഴിഞ്ഞ നവംബര്‍ 20-ന് ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നിന്ന് 285 കിമീ അകലെയുള്ള ജലാന്‍ ബനി ബു അലി പട്ടണത്തില്‍ വെച്ചാണ് അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവിയ്ക്ക് അപകടമുണ്ടായത്. അബ്ദുള്‍ ഖാദര്‍ നടത്തുന്ന ചിക്കന്‍ ഫാമിലെ കോഴികളെ അക്രമിയ്ക്കാനെത്തിയ പൂച്ചയെ വെടിവെയ്ക്കാനുള്ള ശ്രമത്തിനിടയിലാണ്  അബദ്ധത്തില്‍ അബ്ദുള്‍ ഖാദറിന്റെ താടിയില്‍ വെടിയേറ്റത്. വെടിയുണ്ടയുടെ ഒരു ഭാഗം അവിടെ തങ്ങിയെങ്കിലും മറ്റൊരു ഭാഗം നാക്കിലൂടെയും മൂക്കിലൂടെയും കടന്നുപോയി തലച്ചോറില്‍ തറയ്ക്കുകയായിരുന്നു. താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയില്‍ വെച്ചു തന്നെ ഭാഗികമായി നീക്കം ചെയ്യാനായെങ്കിലും തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കായി ഡിസംബര്‍ 18-ന് വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയകളിലൂടെയാണ് അബ്ദുള്‍ ഖാദറിന്റെ തലച്ചോറിലും താടിയെല്ലിലും നിന്ന് വെടിയുണ്ടയുടെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. സുധീഷ് കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്യാനായി തലയോടിന്റെ ഒരു ഭാഗം തുറക്കുന്ന ഫ്രണ്ടല്‍ ക്രാനിയോട്ടമി ചെയ്തതിനു ശേഷം ഡിസംബര്‍ 20-നാണ് എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ടയുടെ ഭാഗം തലച്ചോറില്‍ നിന്ന് നീക്കം ചെയ്തത്. പിന്നീട് ഇഎന്‍ടി സര്‍ജന്‍, ഓറോമാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ എന്നിവര്‍ ചേര്‍ന്ന് താടിയെല്ലില്‍ അവശേഷിച്ച വെടിയുണ്ട ഭാഗങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കി. ശസ്ത്രക്രിയയ്ക്കു ശേഷം താന്‍ നാലു ദിവസം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലായിരുന്നുവെന്നും മുറിവ് പൂര്‍ണമായും ഭേദപ്പെട്ട് ഒമാനിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ആശുപത്രിവിടുന്ന  അബ്ദുള്‍ ഖാദര്‍ ഈയാഴ്ച അവസാനം നാട്ടിലേയ്ക്ക് മടങ്ങും .
 
ശസ്ത്രക്രിയയില്‍ ഡോ. സുധീഷ് കരുണാകരനോടൊപ്പം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോ. ഇടിക്കുള കെ. മാത്യൂസ്, ഡോ. അരുണ്‍ ഉമ്മന്‍, ഡോ. അജയ് കുമാര്‍, ഡോ. ജേക്കബ് ചാക്കോ, ഡോ. ജോജി ആന്റണി തുടങ്ങിയവരും പങ്കെടുത്തു. 
Related News