തീചൂടില്‍ ആശ്വാസമാകേണ്ട പഴ വര്‍ഗങ്ങള്‍ക്ക് തീവില

Web Desk
Posted on April 02, 2019, 11:26 am

തെരഞ്ഞെടുപ്പ് ചൂടിലും മീനച്ചൂടിലും കേരളം വെന്തുരുകുന്നതിനിടയില്‍ വിപണിയില്‍ പഴ വര്‍ഗങ്ങള്‍ക്ക് തീപാറുന്ന വില. അമിതചൂടില്‍ കഴിക്കാന്‍ ഏറെ അനുയോജ്യമായ പഴ വര്‍ഗങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. ഫെബ്രുവരി അവസാനം ഒരു കിലോ മുന്തിരിയുടെ വില വെറും 60 രൂപയായിരുന്നെങ്കില്‍ ഇന്ന് 100 രൂപയാണ്. ഒരു കിലോ മധുര നാരങ്ങയ്ക്ക് 50 രൂപ ആയിരുന്നെങ്കില്‍ ഇന്നത് 65 ആയി. തണ്ണിമത്തനും പൈനാപ്പിളിനും എല്ലാം വില വര്‍ധിച്ചു.

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കാര്‍ഷിക മേഖലയിലെ ജലക്ഷാമം പഴ വര്‍ഗങ്ങളുടെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ചൂട് കൂടുന്നത് കാരണം പഴവര്‍ഗങ്ങള്‍ പെട്ടന്ന് കേടായി പോകുന്ന സാഹചര്യവും വ്യാപാരികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

ഏപ്രില്‍ രണ്ടാം വാരത്തോടെ വിഷുവും മേയ് രണ്ടാം വാരത്തോടെ റംസാന്‍ സീസണും ആരംഭിക്കുന്നതോടെ പഴ വര്‍ഗങ്ങളുടെ വില ഇനിയും ഉയരും എന്നാണ് വ്യാപാരികള്‍ പറയുന്നത്.