എണ്ണവിലക്കുതിപ്പ് തടയാന്‍ അടിയന്തര നടപടി വേണം

Web Desk
Posted on September 25, 2019, 9:27 am

ന്ത്യന്‍ വിപണിയില്‍ പെട്രോളിയം ഇന്ധനങ്ങളുടെ വില ഇന്നലെയും ഉയര്‍ന്നു. തുടര്‍ച്ചയായി എട്ടാമത്തെ ദിവസമാണ് ഈ വില വര്‍ധന. ഈ പ്രവണത വരുംദിവസങ്ങളിലും അനിയന്ത്രിതമായി തുടരുമെന്നാണ് സൂചന. സൗദി അറേബ്യയുടെ എണ്ണ ഉപരിഘടനയ്ക്കുനേരെ നടന്ന ഡ്രോണ്‍ ആക്രമണമാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരാന്‍ കാരണം. കഴിഞ്ഞ കുറച്ചുകാലമായി 50 യുഎസ് ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്‌കൃത എണ്ണയുടെ വില 10 ഡോളര്‍ കണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ആക്രമണത്തില്‍ തകര്‍ന്ന ഉപരിഘടന അതിവേഗത്തില്‍ പുനഃസ്ഥാപിക്കുമെന്ന് സൗദി അധികൃതര്‍ ഉറപ്പു പറയുന്നുണ്ടെങ്കിലും അതു സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സാധാരണ നില പുനഃസ്ഥാപിച്ചാല്‍ തന്നെ വിപണിയിലെ കലുഷിതാന്തരീക്ഷം വര്‍ഷങ്ങളോളം തുടരുമെന്ന ആശങ്കയും പ്രബലമാണ്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷഭരിത അന്തരീക്ഷത്തിനു പെട്ടെന്ന് ശമനം ഉണ്ടാകുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ഇറാനെതിരായ നിലപാട് എരിതീയില്‍ എണ്ണ പകരുന്നതാണ്. ഇറാനെതിരായ യുഎസ് നേതൃത്വത്തിലുള്ള ഉപരോധത്തിനു സമാനമാണ് ലോകത്ത് ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള വെനസ്വേലയ്ക്ക് നേരെയും അതേ ശക്തികള്‍ തുടരുന്നത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗണ്യമായ കുറവ് വരുത്തിയ ഇന്ത്യ വിപണിക്ക് അതിന്റെ കടുത്ത പ്രത്യാഘാതത്തില്‍ നിന്നും രക്ഷപ്പെടുക അസാധ്യമാണ്. ഭരണകൂടത്തിന്റെ യുഎസ് വിധേയ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുന്നത് ഇന്ത്യന്‍ ജനതയും രാഷ്ട്ര സമ്പദ്ഘടനയും ആയിരിക്കും. അതീവഗുരുതരമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ചിരിക്കുന്ന സമ്പദ്ഘടനയ്ക്ക് താങ്ങാവുന്നതിലും കടുത്ത ആഘാതമായിരിക്കും അന്താരാഷ്ട്ര പെട്രോളിയം ഇന്ധന വിപണിയിലെ അനിശ്ചിതത്വം.

ഇന്ത്യയുടെ ആഭ്യന്തര അസംസ്‌കൃത എണ്ണ ഉല്‍പാദനം 2015–16 ലെ 36.9 ദശലക്ഷം ടണ്ണില്‍ നിന്നും 34 ദശലക്ഷമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറഞ്ഞതായാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം എണ്ണ ഉപഭോഗം 211.6 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. വരും വര്‍ഷങ്ങളില്‍ ഇറക്കുമതി ഉയരുകയല്ലാതെ കുറയാന്‍ യാതൊരു സാധ്യതയും ഇല്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടാകുന്ന ഓരോ ഡോളറിന്റെയും വര്‍ധന ഇന്ത്യയുടെ ഇറക്കുമതി ചെലവ് 200 കോടി ഡോളര്‍ കണ്ട് ഉയര്‍ത്തും. 2018–19 സാമ്പത്തിക വര്‍ഷം ഇറക്കുമതി ചെലവ് 11,100 കോടി ഡോളര്‍ (ഏതാണ്ട് എട്ടുലക്ഷം കോടി രൂപ) കവിഞ്ഞിരുന്നു. അതിന്റെ അര്‍ഥം ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാനും ജിഡിപി വളര്‍ച്ച ഉറപ്പുവരുത്താനുമുള്ള ഏതു ശ്രമവും ദുഷ്‌കരമാവും എന്നുവേണം കരുതാന്‍. ആഗോള വാണിജ്യത്തേയും സാമ്പത്തിക വളര്‍ച്ചയേയും അത് പ്രതികൂലമായി ബാധിക്കും. അത് ആഭ്യന്തര വിപണി വിലകളെയും ഉപഭോഗത്തെയും കയറ്റുമതിയെയും നിര്‍ണായകമായി സ്വാധീനിക്കും. തൊഴില്‍, വരുമാനം എന്നിവയിലും അത് പ്രതിഫലിക്കാതെ ഇരിക്കില്ല. പെട്രോളിയം ഇറക്കുമതിയില്‍ ചൈനക്കും യുഎസിനും തൊട്ടു താഴെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എണ്ണ ഉപഭോഗത്തിലും ഇന്ത്യ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കടുത്ത സാമ്പത്തിക ദുരിതത്തിലേക്ക് കൂപ്പുകുത്തുന്നത് തടയാനും സമ്പദ്ഘടനയുടെ വന്‍ തകര്‍ച്ച പ്രതിരോധിക്കാനും ഭരണകൂടം സത്വര നടപടികള്‍ക്ക് മുതിര്‍ന്നേ മതിയാവു. സാമ്പത്തിക മാന്ദ്യമെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഇനിയും തയാറാവാത്ത മോഡി ഭരണകൂടം അത്തരം ക്രിയാത്മക ഭരണകൂട ഇടപെടലിന് സന്നദ്ധമാകുമോ എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യയെ മാത്രമല്ല ലോകത്തെ ആകെ ഉറ്റുനോക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെയും എണ്ണ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ഒരേസമയം ഹ്രസ്വ‑ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമായ സാമ്പത്തിക തന്ത്രങ്ങള്‍ അനിവാര്യമായിരിക്കുന്നു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനെന്ന പേരില്‍ മോഡി സര്‍ക്കാര്‍ നാളിതുവരെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ഗുണഭോക്താക്കള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ മാത്രമാണ്. പുതിയ സാഹചര്യത്തില്‍ പെട്രോളിയം ഇന്ധനങ്ങളുടെ മേലുള്ള ദുര്‍വഹമായ നികുതിഭാരം കുറയ്ക്കാനും വില നിയന്ത്രിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണം. അതിനുമാത്രമെ മഹാഭൂരിപക്ഷത്തെയും സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനാവു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, അതിവേഗം ഉറവ വറ്റിക്കൊണ്ടിരിക്കുന്നതും സാമ്രാജ്യത്വ നയതന്ത്രമേധാവിത്വത്തിന്റെ കയ്യിലെ വജ്രായുധമായി മാറിയിരിക്കുന്ന, പെട്രോളിയം ഇന്ധനങ്ങളുടെ ഉപഭോഗം ഗണ്യമായി കുറച്ചുകൊണ്ടുവരുന്നതിനും അതിന് ബദല്‍ ആരായുന്നതിനുമാണ് ഊന്നല്‍ നല്‍കേണ്ടത്. ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം’ എന്ന മോഡി സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന് അല്‍പമെങ്കിലും അര്‍ഥവ്യാപ്തി അവകാശപ്പെടാന്‍ ആവണമെങ്കില്‍ അവയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഏതുമില്ല.