ഇന്ധന വില സര്‍വകാല റെക്കോഡില്‍

Web Desk
Posted on May 20, 2018, 10:41 pm

ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വില വര്‍ധിച്ച് സര്‍വകാല റെക്കോഡില്‍. പെട്രോളിന് ഇന്നലെ ലിറ്ററിന് 33 പൈസ വര്‍ധിച്ചു. ഡിസലിന്റെ വിലയില്‍ 26 പൈസയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.
ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമില്ലെന് വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പ്രതികരിച്ചത്. വില വര്‍ധന അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് പറയുന്നുണ്ടെങ്കിലും നികുതി കുറയ്ക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സുഭാഷ് ചന്ദ്ര തയാറായില്ല.
2014 നവംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് അസംസ്‌കൃത എണ്ണ വില. ബാരലിന് 80 ഡോളറാണ് നിലവിലെ വില. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടി അല്ലാതെ എന്തുചെയ്യും എന്ന ചോദ്യത്തിന് സുഭാഷ് ഉത്തരം നല്‍കിയില്ല.