Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ന്യൂഡൽഹി

June 13, 2021, 10:52 pm

ഇന്ധനവില വർധന: ഇടതുപാർട്ടികളുടെ അഖിലേന്ത്യാ പ്രതിഷേധം 16 മുതൽ 30 വരെ

Janayugom Online

കോവിഡ് മഹാമാരിക്കിടെ ജനങ്ങൾക്ക് മേൽ കടുത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് അടിക്കടി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇടതുപക്ഷ പാർട്ടികൾ അഖിലേന്ത്യാ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. 15 ദിവസം നീണ്ട പ്രതിഷേധം ഈ മാസം 16 മുതൽ ആരംഭിക്കുമെന്ന് ഇടതുപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം 23 തവണയാണ് മോഡി സർക്കാർ ഇന്ധന വില വർധിപ്പിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിന് പിന്നാലെയുണ്ടായ ഇന്ധനവില വർധന സാധാരണക്കാർക്ക് മേൽ കനത്ത പ്രഹരമേൽപ്പിച്ചു. അവശ്യസാധനങ്ങൾക്കുൾപ്പെടെ വില വർധിച്ചു. മൊത്തവ്യാപാര വില സൂചിക ഏഴു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഏപ്രിലിൽ ഭക്ഷ്യസാധനങ്ങൾക്ക് അഞ്ച് ശതമാനം വില വർധിച്ചു. ഭക്ഷ്യോല്പന്നങ്ങൾക്കും നിർമ്മിത വസ്തുക്കൾക്കും പത്ത് ശതമാനത്തോളം വില വർധന രേഖപ്പെടുത്തി. ഇവ മാർക്കറ്റിലെത്തുമ്പോൾ ജനങ്ങൾ നൽകേണ്ട തുക ആനുപാതികമായി വർധിക്കുകയും ചെയ്തു. ഇതു മൂലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം അനുഭവപ്പെട്ടു.

തൊഴിലില്ലായ്മ നിരക്കിൽ കുതിച്ചുചാട്ടമുണ്ടായി. വാങ്ങൽ ശേഷി കുറയുകയും ദരിദ്രരുടെ എണ്ണം വർധിക്കുകയും ചെയ്തു. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ പൂഴ്ത്തിവയ്പ്പുണ്ടായി. ഇത്തരം കരിഞ്ചന്തകൾ ഇല്ലാതാക്കാനുള്ള ശക്തമായ നടപടി മോഡി സർക്കാർ സ്വീകരിക്കണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു.

അടുത്ത ആറുമാസത്തേയ്ക്ക് ഒരോ കുടുംബങ്ങൾക്കും പ്രതിമാസം 7500രൂപ വീതം കേന്ദ്രസർക്കാർ അനുവദിക്കണം. പിഎംജികെവൈ പദ്ധതിയിലൂടെ ദീപാവലി വരെ അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ വിൽക്കുമെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രഖ്യാപനം തീർത്തും അപര്യാപ്തമാണ്. ഓരോ വ്യക്തിക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യവും എണ്ണ, പയർവർഗങ്ങൾ, പഞ്ചസാര, തേയില എന്നിവയും ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യണമെന്നും ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങളും പ്രോട്ടോക്കോളും പാലിച്ച് വരുന്ന രണ്ടാഴ്ചക്കാലം അഖിലേന്ത്യാ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബവ്രത ബിശ്വാസ്, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചര്യ, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Sum­ma­ry: Fuel price hike: All India Left par­ties protest from 16 to 30

You may like this video also