Web Desk

ന്യൂഡല്‍ഹി

February 20, 2021, 8:44 am

രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവില കൂട്ടി

Janayugom Online

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് ജീവിതദുരിതമേറ്റിക്കൊണ്ട് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പല ചെറുനഗരങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തിയിട്ടും കേന്ദ്രസർക്കാർ ആശ്വാസനടപടികളിലേക്ക് കടന്നിട്ടില്ല. ഡീസൽ വില 90 കടന്നതോടെ അവശ്യ, നിത്യോപയോഗ സാധനങ്ങളുടേത് ഉൾപ്പെടെ വില റോക്കറ്റ് വേഗത്തിൽ കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46 പൈസയും ഡീസലിന് 86 രൂപ 99 പൈസയും. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 75 പൈസയും ഡീസലിന് 85 രൂപ 44 പൈസയുമാണ് വില. 

നാല് രൂപ 22 പൈസയാണ് ഈ മാസം മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോഡുകളിലാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.19 രൂപയും ഡീസലിന് 80.60 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റർ പെട്രോളിന് 96.62 രൂപയാണ് ഇന്നലെ വില രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയും വര്‍ധിച്ചിരുന്നു. ഫെബ്രുവരി ഒമ്പത് മുതല്‍ 19 വരെയുള്ള ദിവസങ്ങളിൽ ഒരു ലിറ്റര്‍ ഡീസലിന് മൂന്നുരൂപ 61 പൈസയും പെട്രോളിന് മൂന്നുരൂപ 28 പൈസയുമാണ് വര്‍ധിച്ചത്. 2020 ഫെബ്രുവരി മുതൽ പെട്രോളിന് ലിറ്ററിന് 17.50 രൂപയും ഡീസലിന് ലിറ്ററിന് 16 രൂപയുമാണ് ഉയർന്നിട്ടുള്ളത്. 

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർധനയാണ് പെട്രോൾ ഡീസൽ വില വർധനയ്ക്കുള്ള കാരണമായി എണ്ണക്കമ്പനികൾ വിശദീകരിക്കുന്നത്. എന്നാൽ ആഗോള വിപണിയിലെ നിരക്ക് കുറയുന്നത് അനുസരിച്ച് രാജ്യത്തെ ഇന്ധന വില കുറയുന്നില്ല. ഇന്ധനത്തിനുമേൽ കേന്ദ്രസർക്കാർ ചുമത്തുന്ന എക്സൈസ് തീരുവയാണ് വിലക്കയറ്റത്തിലെ പ്രധാന ഘടകം. കേന്ദ്ര സർക്കാര്‍ പെട്രോളിനുമേല്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് ലിറ്ററിന് 31.83 രൂപയും നികുതി ചുമത്തുന്നുണ്ട്. എക്‌സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ടിവരിക. അടിസ്ഥാന വിലയിന്മേലുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) ഉൾപ്പെടെ സംസ്ഥാന നികുതികളും കൂടി ചേരുമ്പോഴാണ് വില പൂർണ്ണമാകക. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന മൂല്യവര്‍ധിത നികുതി രാജസ്ഥാനിലാണ്. മധ്യപ്രദേശാണ് തൊട്ടുപിന്നിലുള്ളത്. 2004 മുതൽ 2014 വരെ യുപിഎ സർക്കാരുകൾ അധികാരത്തിലിരുന്നപ്പോൾ ചില്ലറ വില്പന വിലയിൽ നികുതിയും മറ്റ് ചാർജുകളും 49 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം മോഡി സർക്കാരിന്റെ ഭരണത്തിൽ ചില്ലറ വിലയിലെ നികുതി വിഹിതം 2014 ലെ 45 ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയർന്നു.

ENGLISH SUMMARY:fuel price hike in india 20–2‑2021
You may also like this video