ബേബി ആലുവ

കൊച്ചി:

January 25, 2021, 9:18 pm

ഇന്ധന വിലവർധനവ്; വിൽപ്പനക്കാരും കേന്ദ്രത്തിനെതിരെ

Janayugom Online

ദിവസേനയെന്നോണം പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ എതിർപ്പുമായി ഡീലർമാരുടെ സംഘടനകളും രംഗത്ത്. വില വർധനയ്ക്ക് അനുസരിച്ച് പ്രവർത്തന മൂലധനവും ഉയർത്തേണ്ടതായി വരുന്നതാണ് വിൽപ്പനക്കാരുടെ എതിർപ്പിന്റെ മുഖ്യ കാരണം.
പെട്രോൾ, ഡീസൽ വില ശനിയാഴ്ച വീണ്ടും കൂടിയതോടെ കഴിഞ്ഞയാഴ്ചയിലെ നാലാമത്തേതും ഈ മാസത്തെ ആറാമത്തേതുമായ വർധനവായി അത്. ഇന്ധന വില കുത്തനെ ഉയർത്തുകയും കേന്ദ്ര സർക്കാർ കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നുണ്ടെങ്കിലും അതുകൊണ്ട് ഡീലർമാർക്ക് നേട്ടമൊന്നുമില്ല. വി

ല കൂടുന്നതിനനുസരിച്ച് പ്രവർത്തന മൂലധനം ഉയർത്തിക്കൊണ്ടിരിക്കുക എന്നതാണ് വെല്ലുവിളി. ഒരു ലോഡിന് എട്ടു ലക്ഷം രൂപ വേണ്ടി വന്നിരുന്നിടത്ത് പല പ്രാവശ്യമായി വർധിച്ച് ഇപ്പോൾ 10 ലക്ഷത്തിനടുത്തായി. 10 ലോഡ് എടുക്കുന്ന ഒരു ഡീലർ 15 ലക്ഷത്തിലധികം രൂപ അധികമായി കണ്ടെത്തണം. അഡ്വാൻസ് കൊടുക്കാതെ ഓയിൽ കമ്പനികൾ ലോഡ് കൊടുക്കുകയില്ല. എട്ടുവർഷത്തിലേറെയായി വിൽപ്പനക്കാരുടെ കമ്മിഷനിൽ നിസ്സാര വർധനവുപോലുമുണ്ടായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പലവിധ താല്പര്യങ്ങളുടെ പേരിൽ പെട്രോൾ പമ്പുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെ അനുവദിച്ചതും ഈ രംഗത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

കോവിഡ് ബാധയെ തുടർന്ന് ഏപ്രിൽ — നവംബർ കാലയളവിൽ രാജ്യം പൂർണ്ണമായി അടച്ചിട്ടതിനാൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ വൻ ഇടിവുണ്ടായത് ഡീലർമാരെ ദുരിതത്തിലാക്കിയിരുന്നു. മുൻവർഷം 55.4 ദശലക്ഷം ടണ്ണായിരുന്ന ഡീസൽ വിൽപ്പന ഏപ്രിൽ — നവംബർ കാലയളവിൽ 44.9 ദശലക്ഷം ടണ്ണായാണ് കുറഞ്ഞത്. 20. 4 ദശലക്ഷം ടണ്ണായിരുന്ന പെട്രോൾ വിൽപ്പന ഇതേ കാലയളവിൽ 17.4 ദശലക്ഷം ടണ്ണായും ഇടിഞ്ഞു.

അതേസമയം കോവിഡിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞ സാഹചര്യം മുതലാക്കി പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവ എട്ടു മാസത്തിനുള്ളിൽ രണ്ടുവട്ടം വർധിപ്പിച്ചതിലൂടെ വരുമാനത്തിൽ 48 ശതമാനം വർധന കേന്ദ്രം നേടുകയും ചെയ്തു. ഏപ്രിൽ മുതൽ നവംബർ വരെ ഈ ഇനത്തിൽ 1.96 ലക്ഷം കോടി രൂപയാണ് സർക്കാരിന്റെ വരുമാനം. മുൻ വർഷം ഇതേ കാലത്ത് 1.32 ലക്ഷം കോടി ലഭിച്ച സ്ഥാനത്താണിത്.

ENGLISH SUMMARY: Fuel price hike; Ven­dors are also against the center

YOU MAY ALSO LIKE THIS VIDEO