അര്‍ജ്ജുൻ അനി

June 02, 2021, 4:07 pm

ഉയരുന്ന ഇന്ധനവിലയ്ക്കൊപ്പം കൂടുന്ന പലചരക്ക് ബില്ലും; ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന കുടുംബ ബജറ്റിന്റെ താളം തെറ്റല്‍

Janayugom Online

കോവിഡിന്റെ വരവോടെ സമ്പൂര്‍ണ അടച്ചിടലിലേക്ക് ലോകം നീങ്ങിയപ്പോള്‍ ദൈനംദിന ജീവിതങ്ങളിലും മാറ്റങ്ങള്‍ പ്രകടമായി. ഒട്ടും പരിചിതമല്ലാത്ത ലോക്ഡൗണ്‍ എന്ന സമ്പ്രദായം നടപ്പിലാക്കിയപ്പോള്‍ ആശങ്കകള്‍ അനവധിയായി. സമസ്ത മേഖലകളെയും കോവിഡ് മഹാമാരി ഒരുപോലെ ബാധിച്ചു. ലോകത്തിലെ തന്നെ പല വികസിത രാജ്യങ്ങളും രൂക്ഷമായ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന കാലഘട്ടിത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇന്ത്യയില്‍ വലിയൊരു ശതമാനം വരുന്ന ദിവസ വേതനക്കാരായ ജനവിഭാഗത്തിന് അന്നത്തിന് പോലും മുട്ടു വരുന്ന സാഹചര്യമായിരുന്നു. നിരവധി പേര്‍ യാതനകള്‍ സഹിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇത്രയൊക്കെ യാതനകള്‍ അനുഭവിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് മുന്നില്‍ കടുത്ത വെല്ലുവിളിയായി മാറുകയാണ് രാജ്യത്തെ ക്രമാതീതമായ വിലക്കയറ്റം.

ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് മറ്റൊരു ഇടിത്തീയായി മാറുകയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. കേന്ദ്ര സര്‍ക്കാരിന്റെ ദിനചര്യയായ ഇന്ധനവില വര്‍ദ്ധനവ് നേരിട്ടല്ലാതെ ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇന്ധനവില വര്‍ദ്ധനവ് ചരക്കു നീക്കത്തിനുള്ള ചിലവ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂടുകയാണ്. പലചരക്ക് കടയിലെ ബില്ല് വര്‍ദ്ധിക്കുന്നതിനും കുടുംബ ബജറ്റ് അവതാളമാകുന്നതിനും ഇന്ധന വിലയ്ക്ക് നേരിട്ടല്ലാതെ പങ്കുണ്ട്. പാചക എണ്ണ, ധാന്യങ്ങള്‍, പലവ്യഞ്ചനങ്ങള്‍ തുടങ്ങിയവയക്ക് എല്ലാം തന്നെ കോവിഡിന് മുൻപുള്ളതിനേക്കാള്‍ 50 ശതമാനത്തിലധികം വില വര്‍ദ്ധനവാണ് നിലവിലുള്ളത്. പാം ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍, തേയില തുടങ്ങിയവയ്ക്ക് കോവിഡിന് മുൻപുള്ളതിനേക്കാള്‍ ഇരട്ടി വിലയാണുള്ളത്. അരി, ഗോതമ്പ്, പച്ചക്കറി തുടങ്ങിയവയ്ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളില്‍ വിലക്കയറ്റം കൊണ്ട് നട്ടം തിരിയുകയാണ് ജനം. കോവിഡ് മഹാമാരിയുടെ വരവോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം സാധാരണക്കാരായ കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ പലതും വെട്ടിച്ചുരുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാല്‍ ചായ കുടിച്ചുകൊണ്ടിരുന്നവര്‍ പാല്‍ വാങ്ങിക്കുന്നത് നിര്‍ത്തി കട്ടൻചായ കുടിക്കുന്ന കാലത്താണ് കേന്ദ്രത്തിന്റെ പകല്‍കൊള്ള.അത്യാവശ്യം വേണ്ട നാമമാത്രമായ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്ന കുടുംബങ്ങളെ പോലും വിലക്കയറ്റം കഷ്ടതിയില്‍ ആഴ്ത്തുന്നുണ്ട്. 

ഇന്ത്യയിലെ ഇന്ധനവിലയില്‍ 60 ശതമാനത്തോളം കേന്ദ്ര‑സംസ്ഥാന നികുതികളാണ്. ഇവയില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരനുള്ള വരുമാനമാണ്. കോവിഡ് ഏല്പിച്ച സാമ്പത്തികഭാരം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളവിപണിയില്‍ വില താഴ്ന്നുനിന്നപ്പോള്‍ ആനുപാതികമായി നികുതി കുറയ്ക്കുന്നതിന് പകരം എക്സൈസ് നികുതി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ആഗോളവിപണിയില്‍ ബാരലിന് 70 ഡോളറായി വില ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തെ ഇന്ധനവില വീണ്ടും ഉയരാനാണ് സാധ്യതയെന്നാണ് കണക്കൂകൂട്ടല്‍.

വാഹനങ്ങള്‍ ഇല്ലാത്തവരെ പോലും പൊള്ളുന്ന ഇന്ധനവില ബാധിക്കുന്നത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലൂടെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവ് നികുതിപ്പണം കൊണ്ട് നിറയുമ്പോള്‍ കൈ പൊള്ളുന്നത് രാജ്യത്തെ സാധാരണ ജനവിഭാഗത്തിനാണ്.

Eng­lish Sum­ma­ry : Increas­ing Fuel prices and gro­cery bill

You may also like this video :