Web Desk

February 23, 2021, 2:10 pm

ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് താളം തെറ്റുന്നു

Janayugom Online

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പ്ച്ച് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം വീണ്ടും അടിച്ചേല്‍പ്പിച്ചിരിക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. തുർച്ചയായുള്ള ഇന്ധന വിലവർധന കാരണം സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. സാധാരണക്കാരന്‍റെ മുമ്പോട്ടുള്ള ജീവിതം തന്നെ ചോദ്യമായിരിക്കുന്നു . കുടുംബ ബജറ്റുകളെ മുഴുവന്‍ താളംതെറ്റിക്കുന്ന വിധത്തിലാണ് വിലക്കയറ്റം ഇപ്പോൾ അനുഭവപ്പെടുന്നത്. മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കുന്ന ഘട്ടത്തിലുള്ള അടിക്കടിയുള്ള വിലക്കയറ്റം ജനങ്ങൾക്ക് കനത്ത ആഘാതമായിരിക്കുകയാണ്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ശരിക്കും ബാധിച്ചിരിക്കുന്നു. വിപണിയിൽ 60 ശതമാനം മുതൽ 70 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്. പച്ചക്കറികൾ അടക്കമുള്ള അവശ്യവസ്തുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന ചെലവും ഇതോടൊപ്പം വർധിച്ചു. വ്യാപാര മേഖലക്ക് കനത്ത തിരിച്ചടിയായി ഇന്ധന വില വർധനവ് മാറി. ലോക്ക് ഡൗണിന് ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞ് പച്ചക്കറി അടക്കമുള്ള വ്യാപാര മേഖലകൾ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എ­ന്നാൽ അതെല്ലാം തകിടം മറിക്കുന്ന വിധത്തിലാണ് വിലക്കയറ്റം വിപണിയെ പിടിച്ചു കുലുക്കിയിരിക്കുന്നത്. 

നിലവിലെ പച്ചക്കറി വിപണി വില ഇപ്രകാരമാണ്. ചേന: 32–50 രൂപ, കിഴങ്ങ്: 38–60രൂപ, ബീറ്റ്റൂട്ട്: 46–55 രൂപ, സവാള: 80–100 രൂപ, ഉള്ളി: 110–150 രൂപ, വഴുതനങ്ങ: 40–50 രൂപ, മത്തങ്ങ: 30–45 രൂപ, വെണ്ടക്ക: 60–70 രൂപ, ബീൻസ്: 60–80 രൂപ, കാബേജ്: 36–45 രൂപ, പടവലങ്ങ: 60 രൂപ, തക്കാളി: 25–40. എന്നാല്‍ പോതു വിപണയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും സാധാരക്കാര്‍ക്ക് വലിയ ആശ്വാസമാണ്, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഹോർട്ടികോർപ്പിലും സപ്ലൈക്കോയിലും മറ്റും വിലവർധനവ് കാര്യമായി ഉണ്ടായിട്ടില്ല. ഇവിടെ ന്യായവിലയ്ക്കാണ് സാധനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത്. വിലക്കയറ്റം കൂടുതൽ രൂക്ഷമാകാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ സമീപനം വളരെ ഉപകാരമാണ്. റേഷന്‍ കടകളില്‍ നിന്നും കിട്ടുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ കേരളത്തിലെ കുടുംബങ്ങളില്‍ ഏറെ ആശ്വാസകരമാണ്. കോവിഡ് മഹാമാരിയുടെ കാലത്തും ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന സര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള ഇടപെടല്‍ ഏറെ അംഗീകാരമാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സർക്കാരിന്റെ പരിധിക്കും അപ്പുറത്തേക്ക് കാര്യങ്ങൾ പോയാൽ ജനങ്ങൾ കൂടുതൽ വലയുമെന്ന് ഉറപ്പാണ്. 

അമിത വിലകൊടുത്ത് സാധനങ്ങൾ എടുത്തുവയ്ക്കാൻ വ്യാപാരികൾ തയ്യാറാകുന്നില്ല. പലരും ഇപ്പോൾ പ്രാദേശിക പച്ചക്കറി ഉല്പാദകരെയാണ് ആശ്രയിക്കുന്നത്. വില വർധനവ് കണക്കിലെടുത്ത് ഉപഭോക്താക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന വ്യാപാരികളെ കണ്ടെത്താൻ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ധന വില വര്‍ധനവ് എല്ലാ മേഖലയിലും ബാധിച്ചു. ബസ്, ഓട്ടോറിക്ഷ, ഹോട്ടൽ, പച്ചക്കറി വ്യവസായ മേഖലയിൽ പിടിച്ചുനിൽക്കാൻ നിരക്ക് വർധനയും വേണ്ടിവരുമെന്നാണ് വ്യാപാരികളും ഉടമകളും പറയുന്നത്. ഓട്ടോറിക്ഷ ചാർജ് കൂടുതല്‍ വാങ്ങേണ്ട സാഹചര്യമാണുള്ളത്.കോവിഡ്‌ പ്രതിസന്ധി മൂലം സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാല്‍ പതിവ്‌ ഓട്ടം ഇപ്പോഴില്ല. ഓട്ടോറിക്ഷ തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണ്. ‌.പാചകവാതക വിലവർധന ചെറുകിട ഹോട്ടൽ വ്യവസായത്തെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു. 1570 രൂപ നൽകണം ഒരു ഗ്യാസ് സിലണ്ടറിന്. കേന്ദ്ര സർക്കാർ ഇങ്ങനെ വില കൂട്ടിയാൽ ഞങ്ങളെപ്പോലുള്ള ഹോട്ടൽ നടത്തിപ്പുകാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും. കൂടാതെ ഒരു കിലോ ചെറിയ ഉള്ളി, സവാള എന്നിവയുടെ ‌ വില. എങ്ങനെ മുന്നോട്ടു പോകണമെന്നറിയാത്ത അവസ്ഥയിലാണവര്‍.പൊതുഗതാഗത സംവിധാനങ്ങൾക്ക് എത്തിച്ചേരാൻ ദുർഘടമായ മലയോര മേഖലയിലെ പാവപ്പെട്ട കർഷകർക്ക് ദിവസേനയുള്ള പെട്രോൾ, ഡീസൽ വിലവർധന വൻ തിരിച്ചടിയാണ്. ഏറിയ പങ്കും ഇരുചക്ര വാഹനങളിലാണ് യാത്ര. വൈദ്യുതി എത്താത്ത സ്ഥലങ്ങളിൽ ജലസേചനത്തിനും കുടിവെള്ളത്തിനുമെല്ലാം ഡീസലിൽ പ്രവർത്തിക്കുന്ന മോട്ടറാണ് ഉപയോഗിക്കുന്നത്. ദിനവും ഉണ്ടാകുന്ന വിലവർധന മൂലം പിടിച്ചാൽ കിട്ടാത്ത വിധം ചെലവ് കൂടി. ഡീസൽ വിലവർധനമൂലം ബസുകൾ ഓട്ടം നിർത്തി. യാത്രക്കാർ കുറവുള്ള ഞായറാഴ്ചകളിൽ സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നടത്തുന്നില്ല. സംസ്ഥാന സർക്കാരിന്റെ സഹായംകൊണ്ട് കരകയറുകയായിരുന്ന ബസ് വ്യവസായത്തെ ഇന്ധനവില, തകർച്ചയുടെ വക്കിലെത്തിച്ചു. 66 രൂപ ഡീസലിന് ഉണ്ടായിരുന്ന കാലത്തെ യാത്രാനിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. അന്നത്തെ അപേക്ഷിച്ച് ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. ചരക്കുനീക്കത്തെയും ഡീസൽ വിലവർധന ബാധിച്ചു. 

പത്തു ദിവസംമുമ്പ് 350 കിലോമീറ്റർ ഓടാൻ വേണ്ട ചെലവിൽ 1500 അധികം രൂപയുടെ വർധനയുണ്ടായി. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉൾപ്പെടെ കൂലികൊടുക്കാൻ ബുദ്ധിമുട്ടാണ്. വാടക കൂട്ടേണ്ട സ്ഥിതിയിലെത്തി. ഡീസൽവില വീണ്ടും കൂടുകയാണെങ്കിൽ ലോറി വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.പാചകവാതക വില വർധിക്കുന്നത് ജീവിതം സാധാരണക്കാരനെ ഏറെ ദുരിതത്തിലാക്കുന്നു. ഒപ്പം സാധനങ്ങൾക്ക് വിലയേറുന്നത് ജീവിതചെലവും വർധിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടു തവണയാണ് 50 രൂപ വീതം പാചകവാതകത്തിന് വില കൂട്ടിയത്. ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനികൾക്ക് കൂട്ടുനിൽക്കുകയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ധനവില വർധിപ്പിച്ച്‌ കേന്ദ്ര സർക്കാർ സാധാരണക്കാരെ വെല്ലുവിളിക്കുകയാണ്. റിലയൻസ്‌ പോലുള്ള മുതലാളിമാരെ സഹായിക്കാനാണ്‌ ദിനംപ്രതിയുള്ള പെട്രോൾ വിലവർധന എന്നത്‌ വ്യക്തം. ഏപ്രിൽമുതൽ റിലയൻസ്‌ വാഹന വിപണിയിലേക്ക്‌ ചുവടുവയ്ക്കുന്നു. റിലയൻസ്‌ പുറത്തിറക്കുന്ന ഇലക്ട്രിക്ക്‌ വാഹനങ്ങളിലേക്ക്‌ ആളുകളെ നിർബന്ധപൂർവം എത്തിക്കാനുള്ള തന്ത്രമാണ് ഇന്ധനവില വർധനവെന്നു വേണം കാണാൻ. ഇന്ധന വിലവർധനയും പാചകവാതക വിലവർധനയും ഏറ്റവും കൂടുതൽ ബാധിക്കുക സാധാരണക്കാരെയാണ്‌. അവരെ മറന്നുള്ള ഭരണമാണ് ഇവിടെ നടക്കുന്നത് . വര്‍ധനവ് തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ അനുകൂലിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry : Fuel prices and fam­i­ly budjet

You may also like this video :

.