ബേബി ആലുവ

കൊച്ചി

July 17, 2021, 8:32 pm

ഇന്ധന വില: ട്രോളിങ് കഴിഞ്ഞാലും മത്സ്യ ബന്ധനം അസാധ്യം

Janayugom Online

ട്രോളിംഗ് നിരോധന കാലാവധി കഴിഞ്ഞാലും നിത്യേനയെന്നോണം ഇന്ധന വിലയിലുണ്ടാകുന്ന കുതിപ്പുമൂലം മത്സ്യബന്ധനം അസാധ്യമാകുമെന്ന് ആശങ്ക. ഇന്ധനത്തിനു മുടക്കുന്ന പണം പോലും തിരിച്ചു കിട്ടാത്ത സ്ഥിതി ഇപ്പോൾത്തന്നെ നിലനിൽക്കുന്നുണ്ടെന്ന് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും.

ഒരു ബോട്ടിനു കടലിൽ പോകാൻ ഒരു ദിവസത്തേക്കു മാത്രം ഒരു ലക്ഷം രൂപയുടെ ഇന്ധനം വേണം.ആഴക്കടലിലേക്കാണ് പോകുന്നതെങ്കിൽ അഞ്ചാറു ദിവസത്തെ ഇന്ധനം കരുതണം. ഇതിനു മുടക്കുന്ന തുക, പിടിക്കുന്ന മീൻ വിറ്റാൽ തിരിച്ചു കിട്ടുന്നില്ല. പുറമെ നികുതി, കൂലി ഉൾപ്പെടെ മറ്റ് ചെലവുകളുമുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭവും ഈ മേഖലയിലെ പ്രശ്നങ്ങളെ മുൻപില്ലാത്ത വിധം രൂക്ഷമാക്കുന്നു. സാധാരണ ട്രോളിങിനു വിലക്കുള്ള കാലത്തു പതിവുള്ള ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി ഇക്കുറി ഏതാണ്ട് മുടങ്ങിയ മട്ടാണ്. മീൻപിടിത്തം നടത്തുന്ന ബോട്ടുകളിൽ ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സബ്സിഡി അനുവദിക്കണമെന്ന ആവശ്യം കാലങ്ങളായി ഈ മേഖലയിൽ നിന്നുയരുന്നതാണ്. കേന്ദ്രം കാത് കൊടുക്കുന്നില്ല.

സമുദ്രോല്പന്ന കയറ്റു മതിയിൽ 2020–21 രാജ്യത്തിനു തിരിച്ചടിയേറ്റ വർഷമാണ്.മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 10.88 ശതമാനത്തിന്റെ ഇടിവും വരുമാനത്തിൽ 20 ശതമാനത്തിന്റെ നഷ്ടവുമുണ്ടായി. മുൻപത്തെ 10 വർഷം കയറ്റുമതിയിൽ റെക്കാഡ് വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്.ഈ വീഴ്ചയുടെ മുഖ്യ കാരണങ്ങൾ,പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പിഎംഎംഎസ്‌വൈ ) സ്കീമിൽ കയറ്റുമതി മേഖലയ്ക്ക് യാതൊരുവിധ താങ്ങും ലഭിക്കാത്തതാണെന്നും കോവിഡ് ആഘാതം ചെറുക്കുന്നതിനുള്ള പാക്കേജുകളൊന്നും മേഖലയ്ക്കായി പ്രഖ്യാപിക്കാത്തതാണെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.

ബാങ്കിങ് മേഖലയിൽ നിന്നുള്ള സാമ്പത്തിക പിന്തുണയുമുണ്ടായില്ല. ഇന്ധന വിലവർധനവ്, പ്രകൃതിക്ഷോഭം, കോവിഡ് തുടങ്ങിയ വിവിധ പ്രശ്നങ്ങളാൽ മീൻപിടിത്ത ദിനങ്ങൾ കുറഞ്ഞതിനാൽ പടിഞ്ഞാറൻ തീരത്തെ മത്സ്യബന്ധത്തിനു തിരിച്ചടിയുണ്ടായത് കയറ്റുമതി മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി (എംപി ഇ ഡി ഐ) കണ്ടെത്തിയിരുന്നു.ഇവയ്ക്കെല്ലാം മേലെ, കടലും കടൽത്തീരവുമപ്പാടെ കോർപ്പറേറ്റുകൾക്കു തീറെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം മത്സ്യബന്ധന മേഖലയ്ക്കു വലിയ വെല്ലുവിളിയാണുയർത്തുന്നതെന്ന് ഓൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സെക്രട്ടറി കുമ്പളം രാജപ്പൻ പറഞ്ഞു. 20,000 അടി ആഴത്തിൽ കടൽ ഖനനം ചെയ്യാനുള്ള അവകാശം കോർപ്പറേറ്റുകൾക്കു നൽകാനുള്ള ബ്ലൂ ഇക്കണോമിക്സ് പദ്ധതി പിൻവലിക്കുക, പുനർഗേഹം പദ്ധതി പരിഷ്കരിച്ച്, തുക വർധിപ്പിച്ചു നടപ്പാക്കുക, നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങൾക്കു നഷ്ടപരിഹാരം നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന തുടർച്ചയായി പ്രക്ഷോഭത്തിലാണ്.

Eng­lish Sum­ma­ry: Fuel prices: Fish­ing is impos­si­ble even after trolling

You may like this video also