25 April 2024, Thursday

Related news

August 20, 2023
August 19, 2023
August 16, 2023
July 25, 2023
June 6, 2023
December 9, 2022
September 16, 2022
June 17, 2022
June 17, 2022
May 22, 2022

കേന്ദ്രത്തിന്റെ കണ്ണടച്ചുള്ള കുത്തക പ്രീണനം; ഇന്ധന വില വീണ്ടും കൂട്ടി

Janayugom Webdesk
September 30, 2021 2:46 pm

ഇന്ധന വില ഇന്ന്‌ വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ്‌ കൂട്ടിയത്‌. രാജ്യാന്തരവിപണിയിൽ എണ്ണവില കുറഞ്ഞപ്പോഴാണ്‌ കേന്ദ്രം ഇവിടെ വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കുന്നത്‌. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101 രൂപ 82 പൈസയും ഡീസലിന്‌ 94രൂപ 77പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 82 പൈസയും ഡീസലിന്‌ 96രൂപ 71 പൈസയുമാണ്‌.കോഴിക്കോട് പെട്രോളിന് 102 രൂപ 26പൈസയുമാണ്‌. ഡീസലിന് 96 രൂപ 03 പൈസയുമായി. അടിക്കടിയുണ്ടകുന്ന ഇന്ധന വില വര്‍ദ്ധനവ് ഏറെ ബുദ്ധിമുട്ടാണ്ട് സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇന്ധനവില അടിക്കടി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 

ഓരോ ദിവസവും ഇന്ധനവില വർദ്ധിക്കുമ്പോൾ പ്രതിസന്ധിയിൽ ആകുന്നത് സാധാരണ ജനങ്ങളാണ്. എന്നാൽ, സർക്കാരിന് ഇന്ധനവില വർദ്ധിക്കുമ്പോൾ നികുതിയിനത്തിൽ കോടികളാണ് ലഭിക്കുന്നത്.ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്. ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. 

രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്. കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ “പടപ്പുറപ്പാട്’ ഇന്ധനവില വര്‍ധനയുടെ പഴിയില്‍നിന്ന്‌ രക്ഷപ്പെടാനുള്ള തന്ത്രം. നിലവില്‍ പെട്രോളിയം കേന്ദ്രനികുതിയില്‍ 90 ശതമാനവും കേന്ദ്രം സ്വന്തമാക്കുന്നു. ജിഎസ്ടി പരിധിയില്‍ വന്നാല്‍ പകുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്‌ടിയിലായാല്‍ വില കുറയുമെന്നും പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും പ്രചരിപ്പിക്കാൻ കേന്ദ്രത്തിനാകും. 

അമിത നികുതി ഈടാക്കുന്നുവെന്ന പഴിയിൽനിന്ന്‌ ഇതിലൂടെ രക്ഷപ്പെടാമെന്നാണ്‌ പ്രതീക്ഷ. പെട്രോളിയം ജിഎസ്‌ടി പരിധിയിലാക്കുമെന്ന പ്രചാരണം ബിജെപി അനുകൂല മാധ്യമങ്ങൾ തുടങ്ങി.മോദി 2014ൽ അധികാരത്തിൽ വന്നശേഷം പെട്രോളിന്റെ നികുതി മൂന്നിരട്ടിയിലേറെയും ഡീസലിന്റേത്‌ അഞ്ചിരട്ടിയിലേറെയും കൂട്ടി. നിലവിൽ ഒരു ലിറ്റർ പെട്രോളിന്‌ 33 രൂപയും ഡീസലിന്‌ 32 രൂപയുമാണ്‌ കേന്ദ്രനികുതി. മോഡി അധികാരത്തിലെത്തുന്നതിനുമുമ്പ് 2013–-14ൽ ഇന്ധന നികുതിയിനത്തിൽ കേന്ദ്രം സമാഹരിച്ചത്‌ 53,090 കോടിമാത്രം. 2020–-21ൽ നികുതിവരുമാനം 3.72 ലക്ഷം കോടി. കേന്ദ്രനികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്കെന്ന സംഘപരിവാർ പ്രചാരണത്തിന് അടിസ്ഥാനമില്ല.

പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ്‌ തീരുവയുടെ 41 ശതമാനം മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ കൈമാറേണ്ടത്‌. പെട്രോളിന്റെ എക്‌സൈസ്‌ തീരുവ ലിറ്ററിന്‌ 1.4 രൂപയും ഡീസലിന്റേത്‌ 1.8 രൂപയും മാത്രമാണ്‌. ഇതിന്റെ 41 ശതമാനം മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. ശേഷിക്കുന്നതത്രയും പൂർണമായും കേന്ദ്രത്തിനാണ്‌. 2017ൽ ജിഎസ്‌ടി വന്നതോടെ നികുതിവരുമാനം ഇടിഞ്ഞ സംസ്ഥാനങ്ങളെ പെട്രോളിയം നികുതിവരുമാനമാണ് പിടിച്ചുനിര്‍ത്തുന്നത്. 2020–-21ൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി 2.02 ലക്ഷം കോടി രൂപയാണ്‌ പെട്രോളിയം വാറ്റ്‌ ഇനത്തിൽ ലഭിച്ചത്‌. കേന്ദ്രത്തിനാകട്ടെ 3.72 ലക്ഷം കോടിയും. പെട്രോളിയം ഉൽപ്പന്നങ്ങള്‍ ജിഎസ്‌ടിയിലായാല്‍ സംസ്ഥാനങ്ങളുടെ വലിയൊരു വരുമാനസ്രോതസ്സ്‌ ഇല്ലാതാകും. 2013–14ൽ കേന്ദ്രത്തിന്റെ ഇന്ധന നികുതി വരുമാനം 53,090 കോടി മാത്രമായിരുന്നത്‌ 2020–21ൽ 3.72 ലക്ഷം കോടിയായി. ഏഴിരട്ടി വർധന. ജിഎസ്‌ടിയിലേക്ക്‌ മാറിയാൽ ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനമായി നികുതി തീരുമാനിച്ചാൽത്തന്നെ മൂന്ന്‌ ലക്ഷം കോടിയുടെയെങ്കിലും വരുമാനനഷ്ടം കേന്ദ്രത്തിനുണ്ടാകും. 

കേന്ദ്ര നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്ക്‌ പങ്കുവയ്‌ക്കണമെങ്കിലും പെട്രോൾ- ഡീസൽ നികുതിയുടെ കാര്യത്തിൽ അതില്ല. സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട പെട്രോൾ എക്‌സൈസ്‌ തീരുവ ലിറ്ററിന്‌ 1.4 രൂപയും ഡീസലിന്‌ 1.8 രൂപയുമാണ്‌. ഇതിന്റെ 41 ശതമാനംമാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌.ഇന്ധനവിലവർധന തെറ്റായ നയങ്ങളുടെ തുടർച്ചയാണ്‌. എണ്ണയുടെ വിലനിർണയ അവകാശം കമ്പനികൾക്ക്‌ അടിയറ വച്ചതിന്റെ ഫലം. അന്താരാഷ്‌ട്ര കമ്പോളത്തിൽ അസംസ്‌കൃത എണ്ണകളുടെ വില കുറഞ്ഞപ്പോഴും ഇന്ത്യയിൽ ഉയർത്താൻ ഈ മേഖലയിലെ ഷൈലോക്കുമാർക്ക്‌ മോഡി അനുമതി നൽകി. പാചക വാതക സിലിൻഡറുകൾക്ക്‌ കഴിഞ്ഞ മാസം കൂട്ടിയത്‌ നൂറു രൂപയിലധികമാണ്‌.

2020ൽ പെട്രോൾ ഡീസൽ വിലവർധന ദിനചര്യയെന്നവണ്ണം ആയിരുന്നു അടിച്ചേൽപ്പിച്ചത്‌. എന്നാൽ, 2021 ഏപ്രിലിൽ കേരളം, പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്‌, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കപ്പെട്ടതിനാൽ പ്രഹരം ഏൽപ്പിക്കുന്നതിൽനിന്ന്‌ തൽക്കാലം പിൻമാറി. മെയ്‌ രണ്ടിന്‌ വോട്ടെണ്ണൽ കഴിയാൻ കാത്തിരിക്കുകയായിരുന്നു. ചെറിയ ഇടവേളയ്‌ക്കുശേഷം മെയ്‌ നാലിന്‌ ഡീസൽവില 18 പൈസയും പെട്രോൾ വില 15 പൈസവും കൂട്ടി. തുടർച്ചയായ ദിവസങ്ങളിലും വർധനതന്നെ. കണ്ണടച്ചുള്ള ഈ കുത്തക പ്രീണനം സമ്പദ്‌‌വ്യവസ്ഥയുടെ സർവമേഖലയെയും ബാധിക്കും. കേരളംപോലുള്ള ഉപഭോക്‌തൃ സംസ്ഥാനങ്ങൾക്കാണ്‌ കൂടുതൽ ഭാരം.കോവിഡിന്റെ സംഹാരാത്മകതയിൽ വിറങ്ങലിച്ച പൗരൻമാർക്ക്‌ ഏറ്റവും ദരിദ്രരാജ്യങ്ങൾപോലും കൈത്താങ്ങ്‌ നൽകുമ്പോൾ മോഡിയും കൂട്ടരും പലവിധത്തിലുള്ള അമിതഭാരം അടിച്ചേൽപ്പിക്കുകയാണ്‌.

ENGLISH SUMMARY:Fuel prices have risen again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.