ഷിബു ടി ജോസഫ്

കോഴിക്കോട്:

January 28, 2021, 9:29 pm

ഇന്ധനവില നിയന്ത്രണാതീതം; ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി 32 രൂപയ്ക്ക് മുകളിൽ

Janayugom Online

ഇന്ധനവില വർധനവ് ദിനംപ്രതി ഉയർന്ന് റെക്കോഡ് ഭേദിച്ച് മുന്നേറുമ്പോൾ അയൽരാജ്യങ്ങളിലെ സ്ഥിതി നമ്മുടേതിനേക്കാൾ എത്രയോ ഭേദം. ഇന്ത്യയെക്കാൾ ദരിദ്രരാജ്യങ്ങളിൽ ഇന്ധനവില ഇവിടുള്ളതിനേക്കാൾ പകുതി മാത്രമാണ്. എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാനവില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ വലിയ വ്യത്യാസമില്ല. അതാത് രാജ്യത്ത് നിലവിലുള്ള നികുതി ഘടനകളാണ് ഇന്ധനവിലയുടെ ഏറ്റക്കുറച്ചിലിന് കാരണം.

രാജ്യത്ത് അടിസ്ഥാന വിലയുടെ രണ്ടിരട്ടിയാണ് വിവിധ നികുതികൾ അടക്കം ഈടാക്കുന്നത്. നികുതികൾ ഇല്ലാതെ ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിൽ മുപ്പത് രൂപയിൽ താഴെയാണ് വില. ഡീസലിന്റേത് 31 രൂപയും. കേന്ദ്ര‑സംസ്ഥാന നികുതികളും സെസും കൂട്ടിക്കെട്ടി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ ഇന്നത്തെ കണക്കനുസരിച്ച് പെട്രോളിന് 88.33 രൂപയും ഡീസലിന് 82.42 രൂപയുമാണ് ഈടാക്കുന്നത്.
നിലവിൽ ഇന്ത്യയിൽ പെട്രോളിന്റെ അടിസ്ഥാന വില 29.970 രൂപയാണ്. വിവിധ നികുതികൾ ഉൾപ്പെടെയാണ് അത് 88.33ലേക്ക് എത്തുന്നത്. ഡീസലിനാണ് അടിസ്ഥാനവിലയിൽ പെട്രോളിനേക്കാൾ അധികം നിരക്കുള്ളത്. 31 രൂപയ്ക്കടുത്താണ് ഒരു ലിറ്റർ ഡീസലിന്റെ നികുതിരഹിതവില. വിവിധ നികുതികൾ ഉൾപ്പെടുമ്പോൾ അത് 82.42ലെത്തും.

ഒരു ലിറ്റർ പെട്രോളും ഡീസലും ശുദ്ധീകരിച്ചെടുക്കുന്നതിന് 20 പൈസയിൽ താഴെയാണ് റിഫൈനറിയിലെ ചെലവ്. അതായത് ക്രൂഡോയിലിൽ നിന്ന് ആയിരം ലിറ്റർ പെട്രോളോ ഡീസലോ വേർതിരിച്ചെടുക്കുന്നതിന് 200 രൂപയാണ് ചെലവുവരിക. ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി 32 രൂപയ്ക്ക് മുകളിലാണ്. സംസ്ഥാന വില്പന നികുതിയിനത്തിൽ 19 രൂപയ്ക്കടുത്തും ഈടാക്കും. ഇതുകൂടാതെ അഡിഷൽ സെയിൽ ടാക്സ്, ടാക്സബിൾ വാല്യു, സെസ് തുടങ്ങിയവയും കനത്തിൽ തന്നെയുണ്ട്. ഇതിന് പുറമെയാണ് ഡീലർ കമ്മിഷൻ. ഡീസലിനേക്കാൾ ഒരു രൂപയിലധികമാണ് പെട്രോളിന്റെ ഡീലർ കമ്മിഷൻ. ഇതെല്ലാം ചേരുമ്പോൾ അടിസ്ഥാനവിലയുടെ രണ്ടിരട്ടിക്കടുത്താകും പെട്രോളിന്റെയും ഡീസലിന്റെയും വില.

യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധനവില വർധനവിൽ രാജ്യത്താകമാനം കടുത്ത പ്രതിഷേധം ഉയർത്തിയ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഇന്ധനവില റെക്കോഡ് നിലയിലെത്തി. മാത്രമല്ല പെട്രോളിയം ഉല്പന്നമായ പാചകവാതക സിലണ്ടറിന് അടുത്തിടെ നൂറുരൂപ കൂട്ടിയും രാജ്യത്തെ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കാൻ കേന്ദ്ര സർക്കാർ മടികാട്ടിയില്ല.
രാജ്യത്തെ ആഭ്യന്തരോപയോഗത്തിനാവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടാതെ റിലയൻസ് പെട്രോളിയം, ഷെൽ, എസ്സാർ ഓയിൽസ് എന്നീ കമ്പനികളാണ് ഇന്ത്യയിൽ ഇന്ധനവിപണിയെ നിയന്ത്രിക്കുന്നത്.

 അയൽരാജ്യങ്ങൾ ഇന്ത്യയേക്കാൾ ഭേദം

തൊട്ടയൽപ്പക്ക രാജ്യങ്ങളിലെ ഇന്ധന വില ഇന്ത്യക്കാരെ ശരിക്കും ഞെട്ടിക്കും. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലെല്ലാം പെട്രോളിനും ഡീസലിനും വൻ വിലക്കുറവാണുള്ളതെന്ന് അന്തർദേശീയ ഇന്ധനവിലയുടെ പട്ടിക പരിശോധിച്ചാൽ മനസ്സിലാകും. അഫ്ഗാനിസ്ഥാനിൽ 35.34,മ്യാൻമറിൽ 41.90, പാകിസ്ഥാനിൻ 46.29, ഭൂട്ടാനിൽ 49.56, ശ്രീലങ്കയിൽ 63.41, നേപ്പാളിൽ 67.66, ചൈനയിൽ 69.77, ബംഗ്ലാദേശിൽ 77.37 എന്നിങ്ങനെയാണ് പെട്രോൾ വില. ഡീസലിനും സമാനമായ വിലയാണ് അയൽരാജ്യങ്ങളിൽ ഈടാക്കുന്നത്.
ക്രൂഡോയിൽ ഉല്പാദനത്തിൽ ഗണ്യമായ സ്ഥാനമുള്ള വെനസ്വേലയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും വിലക്കുറവുള്ളത്. ഇന്ത്യൻ രൂപയിൽ 1.47 മാത്രമാണ് പെട്രോൾ വില. ക്രൂഡ് ഓയിൽ പണത്തിൽ നിലനിൽക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാനിലാണ് ഭേദപ്പെട്ട വില. അവിടെ പെട്രോൾ ലിറ്ററിന് 4.24 രൂപ മാത്രമാണ് ഈടാക്കുന്നത്. മറ്റ് ഗൾഫ് നാടുകളിൽ പെട്രോളിന് ലിറ്ററിന് 25 രൂപയിൽ അധികം ഈടാക്കുന്നു. ഇന്ധനവില ഇന്ത്യയേക്കാൾ അധികമാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും. എന്നാൽ ഇവിടെ ജനങ്ങളുടെ ജീവിതനിലവാരവും വരുമാനവും ഉയർന്ന നിലയിലാണ്.

ENGLISH SUMMARY: Fuel prices out of control

YOU MAY ALSO LIKE THIS VIDEO