Web Desk

June 20, 2021, 4:33 pm

ഇന്ധനവില കൊളള; നാളെ സംസ്ഥാനത്ത് ചക്രസ്തംഭന സമരം

Janayugom Online

ന്ധന വില കൂട്ടലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിൽ കേന്ദ്രം വീണ്ടും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോൾ വില 100 ന് അരികിലെത്തി. ഞായറാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.  ഇതോടെ പെട്രോളിന് തിരുവനന്തപുരം ന​ഗരത്തിൽ  99. 20 രൂപയും ഡീസലിന് 94. 47 രൂപയുമായി. കൊച്ചിയിൽ 97.32 രൂപയും 92. 71 രൂപയും കോഴിക്കോട്ട്‌ 97.63, 93.02 രൂപയുമാണ് ഈടാക്കിയത്. പ്രീമിയം പെട്രോൾ വില  തിരുവനന്തപുരത്ത് 102.58 രൂപയും കാസർകോട്ട്‌ 101.82 രൂപയുമായി. ഈമാസം 11 വണയായി പെട്രോളിന് 2.99 രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി.രാജസ്ഥാനിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി ജില്ലയായ ശ്രീ ​ഗം​ഗാ ന​ഗറിൽ പെട്രോൾ 108.37 രൂപയിലേക്കും ഡീസൽ 101.12 രൂപയിലേക്കും എത്തി. അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലും ലഡാക്കിലും പെട്രോൾ വില 100 കടന്നു. കോവിഡ് ദുരിതകാലത്തും കേന്ദ്രം ഇന്ധനവില തുടർച്ചയായി കൂട്ടുന്നതിന്റെ പഴി  സംസ്ഥാന സർക്കാരിന്‌. കോവിഡിന്റെ ഒന്നാംതരംഗകാലത്ത് അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 20 ഡോളറിനും താഴേയ്ക്ക് കൂപ്പുകുത്തിയപ്പോൾപ്പോലും കേന്ദ്രം വൻ നികുതി അടിച്ചേൽപ്പിച്ച് ഇന്ധനവില കുത്തനെ കൂട്ടി. അസംസ്കൃത എണ്ണവില ഉയരാൻ തുടങ്ങിയപ്പോൾ പെട്രോൾ, ഡീസൽ ചില്ലറവിൽപ്പന വിലയും കൂട്ടി. വർധിപ്പിച്ച എക്സൈസ് നികുതി കുറച്ചതുമില്ല. തുടർന്നാണ്‌ ഇന്ധനവില സർവകാല റെക്കോഡിലേക്ക് കുതിച്ചത്. എട്ടുമാസംകൊണ്ട് കേന്ദ്രം ഈ വകയിൽ ജനങ്ങളിൽനിന്ന് ഊറ്റിയെടുത്തത് 1.96 ലക്ഷം കോടി രൂപയാണ്‌. ഒരുലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില 35.63 രൂപയാണ്.

കേന്ദ്രം അഡീഷണൽ എക്സൈസ് നികുതിയായി 32.90 രൂപ പിഴിഞ്ഞെടുക്കുന്നു. ഏതാണ്ട് 93 ശതമാനം. ഇത് സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ടാത്ത തുകയാണ്. എന്നാൽ, ഇതിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നാണ് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും അതേറ്റുപിടിക്കുന്നവരും പറയുന്നത്.  സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ട എക്സൈസ് നികുതിയായി കേന്ദ്രം പിരിക്കുന്നത് 1.40 രൂപമാത്രമാണ്. ഇതിന്റെ 41 ശതമാനമാണ്‌  എല്ലാ സംസ്ഥാനങ്ങൾക്കുംകൂടിയാണ് വീതംവയ്ക്കുന്നത്. കേരളത്തിന് ലഭിക്കുന്നത് കഷ്ടി ഒരു പൈസമാത്രമാണെന്നിരിക്കെ  കേന്ദ്രവും സംസ്ഥാനവും തുല്യനികുതിയാണ് ഈടാക്കുന്നതെന്ന തരത്തിലാണ്‌ പ്രചാരണം.കേരളം പെട്രോളിന് ഈടാക്കുന്ന വിൽപ്പന നികുതി 30.08 ശതമാനം മാത്രമാണ്. ഒന്നാം പിണറായി സർക്കാർ നികുതി 31.08ൽനിന്ന്‌ 30.08 ആക്കി കുറയ്ക്കുകയും അതിലൂടെ സംസ്ഥാനത്ത് കിട്ടേണ്ട 509 കോടി രൂപ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. പിന്നീട്  നികുതി കൂട്ടിയിട്ടുമില്ല.  ഒരുലിറ്റർ പെട്രോളിൽനിന്ന്‌ സംസ്ഥാനത്തിന് കിട്ടുന്നത് 21 രൂപയിൽ താഴെമാത്രമാണ്. കേന്ദ്രം ഈടാക്കുന്ന കൊള്ളനികുതി അടക്കം കൊടുത്ത്‌ ഉയർന്ന വിലയ്‌ക്കാണ്‌ സംസ്ഥാന സർക്കാരും ഇന്ധനം വാങ്ങുന്നത്. സബ്‌സിഡി ചെലവ്‌ വർധിക്കുന്നുവെന്ന പേരിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കേന്ദ്രം  ഉപേക്ഷിക്കാനുള്ള നയം അംഗീകരിച്ചത്‌ 2010ൽ രണ്ടാം യുപിഎ സർക്കാര്‍.

കേരളത്തിൽനിന്ന്‌  എ. കെ ആന്റണി,വയലാര്‍  രവി അടക്കം കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴാണ് ഈ തീരുമാനം എടുത്തത്. ഇതിനെ എതിർത്ത ഇടതുപക്ഷത്തെ അന്ന്‌ കോൺഗ്രസ്‌ പരിഹസിച്ചു. 2014ൽ മോഡിസർക്കാർ ഡീസല്‍ വില നിർണയവും കമ്പനികൾക്ക്‌ വിട്ടു. മൂന്നു പതിറ്റാണ്ട്‌ ഒറ്റയ്‌ക്ക്‌ കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ പെട്രോൾ വില നിയന്ത്രണം ഒഴിവാക്കി.  ബിജെപി  ഡീസൽവില നിയന്ത്രണം നീക്കി. എന്നിട്ട്‌ രണ്ടുപേരും യോജിച്ച്‌ കേരള സർക്കാരിനെ കുറ്റപ്പെടുത്താൻ നോക്കുകയാണ്. . കോൺഗ്രസ്‌ വിതച്ച ഇന്ധന നയത്തിന്റെ വിളവെടുക്കുകയാണ്‌ ബിജെപി സർക്കാര്‍. പെട്രോളിൻ്റെയും ഡീസലിൻ്റെയും അടിക്കടിയുള്ള വിലവർധനവിന് കാരണമായത്, കോൺഗ്രസ്‌ ബിജെപി സർക്കാറുകൾ നടത്തിയ എണ്ണ ഖനന ‚സംസ്കരണ,വിതരണമേഖലകളുടെ സ്വകാര്യവൽക്കരണവും വിലനിർണയനാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്ത നടപടികളുമാണ്.1990 കളിൽ കോണ്‍ഗ്രസ് നേതാവ് നരംസിംഹറാവു സര്‍ക്കാരിന്‍റെകാലത്ത് തുടങ്ങി വെച്ചതും,നരേന്ദ്രമോഡി സര്‍ക്കാര്‍ തുടരുന്നതും ഒരേ നയമാണ്.കമ്പനികള്‍ക്ക് വിലനിര്‍ണയ അധികാരം വിട്ടുകൊടുത്തു. അതിനാല്‍ ഇന്ധന മേഖലയുടെ സ്വകാര്യവൽക്കരണം ധ്രുതഗതിയില്‍ നടക്കും. കേന്ദ്രസർക്കാർ  2020ൽ 2.3 ലക്ഷം കോടി രൂപയാണ് എണ്ണയുടെ എക്സെെസ് ഡ്യൂട്ടി ഇനത്തിൽ മാത്രം ജനങ്ങളെ കൊള്ളയടിച്ചത്എക്സൈസ് ഡ്യൂട്ടിവിഹിതം  കേന്ദ്രസർക്കാരിന് 58% വും സംസ്ഥാന സർക്കാറുകൾക്ക് 42%വുമായിട്ടാണ് പങ്ക് വയ്ക്കപ്പെടുന്നത്.

സംസ്ഥാനങ്ങൾക്ക് അത് വിതരണം ചെയ്യപ്പെടുന്നത് ജനസംഖ്യാനുപാത അടിസ്ഥാനത്തിലാണ്.പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും കഴിഞ്ഞ വർഷം നവംബർ 20ന് ശേഷമുള്ള തുടർച്ചയായ വിലവർധനവ് ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കെത്തിയിരിക്കുകയാണ്.പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമിപ്പോൾ റെക്കോർഡ് വിലയാണ്. എല്ലാ ദിവസവും ഇന്ധനവില വർധിപ്പിക്കുകയാണ് എണ്ണ കമ്പനികൾ. രാജ്യത്താദ്യമായി പെട്രോൾ വില 100 രൂപയില്‍ കൂടുതലായിരിക്കുകയാണ്.കോവിഡ് സൃഷ്ടിച്ച ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു നട്ടം തിരിയുന്ന ജനങ്ങളെ വില വർധനവിൻ്റെ നിലമില്ലാക്കയങ്ങളിലേക്ക് എടുത്തെറിയുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഇന്ധനവില വർധന ജീവിതത്തിൻ്റെ സമസ്ത മണ്ഡലങ്ങളിലും അധികഭാരം ഏറ്റുവാങ്ങേണ്ടതിലേക്കാണ് ജനങ്ങളെ എത്തിക്കുന്നത്. നിത്യേനയെന്നോണം എണ്ണ വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ പിടിച്ചു നിർത്താനാവാത്ത വിലക്കയറ്റമാണ് സൃഷ്ടിക്കുന്നത്. ആവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും ചാർജ്ജും വർധിച്ച് ജനജീവിതം കൂടുതൽ ദുരിത പൂർണ്ണമായി തീരുകയാണ്. തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവും സാധാരണക്കാർക്കുകൊണ്ടു ജീവിതം തന്നെ അസാദ്ധ്യമാകുകയാണ്.ജനങ്ങളുടെ ജീവിതദുരിതങ്ങൾ അനുദിനം കൂടി വരുന്നതിലൊന്നും മോഡി സർക്കാറിന് ഒരു ഉൽകണ്ഠയുമില്ല. ജനങ്ങളുടെ ജീവിതമല്ല എണ്ണ കമ്പനികൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളുടെ ലാഭ മോഹങ്ങളാണ് കേന്ദ്ര സർക്കാറിനെ നയിക്കുന്നത്.കുത്തക മൂലധനശക്തികൾക്ക് രാഷ്ട്ര സമ്പത്തും ജനങ്ങളെയും കൊള്ളയടിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണവർ. യു പി എ സർക്കാറും എൻ ഡി എ സർക്കാറും പെട്രോളിൻ്റെയും ഡീസലിൻ്റെയും വില നിർണയനം കമ്പനികളെ ഏല്പിച്ച്  യഥേഷ്ടം വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ സൗകര്യമൊരുക്കിയ തോട് കൂടിയാണല്ലോ ഇന്ധന വിലവർധനവ് ദൈനംദിനം സംഭവിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുമ്പോഴും അതിന് ആനുപാതികമായ വിലക്കുറവ് ഇന്ത്യയുടെ ആഭ്യന്തര മാർക്കറ്റിൽ സംഭവിക്കുന്നില്ലായെന്നു മാത്രമല്ല അനുദിനം വില കൂടി റെക്കോഡ് നിലവാരത്തിലേക്ക് കുതിക്കുകയാണ്.ഇവിടെ എണ്ണ കമ്പനികളും കേന്ദ്ര സർക്കാറും ചേർന്ന് നിരന്തരമായി വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. എണ്ണ വിലക്ക് കാരണം പറയുന്നത്‌ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിൻ്റെ വിലക്കയറ്റമായിരുന്നല്ലോ. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളനുസരിച്ച് ഇവിടെ വില കൂട്ടുകയാണ് പതിവ്. എന്നാൽ കോവിഡും ലോക്ക്ഡൗണും തുടർന്നുള്ള സാഹചര്യത്തിൽ അന്താരാഷ്ട്ര മാർക്കറ്റിൽ തുടർച്ചയായി ക്രൂഡ് വില കുറഞ്ഞു. അതിനനുസരിച്ചുള്ള വിലക്കുറവ് ഇന്ത്യൻ വിപണിയിൽ ഉണ്ടായില്ലായെന്ന് മാത്രമല്ല ഭീകര വിലക്കയറ്റമാണ് ഓരോ ദിവസവും പെട്രോളിനും ഡീസലിനുമുണ്ടായത്.തുടർച്ചയായി ഒരാചാരം പോലെ നിത്യേന വില കൂടി കൊണ്ടെയിരിക്കുന്നു.മോഡി അധികാരത്തിൽ വന്നകഴിഞ്ഞ 2014 മുതലുള്ള കണക്കുകൾ എന്താണ് വ്യക്തമാക്കുന്നതെന്ന് നോക്കാം.അത് ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര സർക്കാറും കോർപ്പറേറ്റുകളും നടത്തുന്നത് പകൽക്കൊള്ളയാണ്.  വില നിർണയനാധികാരം കമ്പനികൾക്ക് ഏല്പിച്ചതോടെയാണ് അനിയന്ത്രിതമായ വിലക്കയറ്റം ഇന്ധനവില്പനയിൽ പതിവായത്. എണ്ണ കമ്പനികളുടെ കൊള്ളയും തീരുവ കൂട്ടി ജനങ്ങളെ പിഴിഞ്ഞൂറ്റുകയെന്ന സർക്കാരിൻ്റെ നയവുമാണ് തുടർച്ചയായ വിലവർധനവിന് കാരണം.

ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയിരിക്കുന്നു. പചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്.ബാങ്കു അക്കൗണ്ടുകളിൽ സബ്സിഡികൾ ഒഴുകിയെത്തുന്നതിനെ കുറിച്ച് വാചകമടിച്ചവർ പാചകവാതകത്തിന് സബ്സിഡിയെ ഇല്ലാത്ത സ്ഥിതിയിൽ കാര്യങ്ങളെ എത്തിച്ചു കഴിഞ്ഞു. ഇത് മോദിസര്‍ക്കാരിന്‍റെ കുത്തകളോടും,കോര്‍പ്പറേറ്റുകളോടുമുള്ള ചങ്ങാത്തമാണ് സൂചിപ്പിക്കുന്നത്. മോദി സര്‍ക്കാരിന് താല്‍പര്യം ജനങ്ങളോടല്ല മറിച്ച് കുത്തകളോടാണ് . ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകുന്നത്. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട്‌ പ്രതിഷേധിക്കും. ഇതു നിലനില്‍പ്പിനു വേണ്ടിയുള്ള പ്രതിഷേധമാണ്.

Eng­lish sum­ma­ry: fuel prize hike

You may also like this video;