ഇന്ധനവില ഇനി മാനത്തോളം: ഫലപ്രഖ്യാപനത്തോടെ എണ്ണ കമ്പനികള്‍ തിമിര്‍ത്താടും

Web Desk
Posted on May 21, 2019, 7:02 pm

കെ രംഗനാഥ്
ഫലപ്രഖ്യാപനത്തോടെ എണ്ണ കമ്പനികള്‍ തിമിര്‍ത്താടും

* ഒരു മാസത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും.

ദുബായ്: എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ മറവില്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലകള്‍ മാനംമുട്ടെ ഉയര്‍ത്താന്‍ കളമൊരുക്കി. തെരഞ്ഞെടുപ്പുകാലത്ത് ഇന്ധനവിലകള്‍ പിടിച്ചുനിര്‍ത്തി നേട്ടംകൊയ്യാന്‍ തന്ത്രം മെനഞ്ഞ മോഡി സര്‍ക്കാര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ എണ്ണക്കുത്തകകളെ കയറൂരി വിട്ട നിലയിലാണ്.

ആഗോള എണ്ണ വിപണിയില്‍ ഇന്നലെ ക്രൂഡോയിലിന്റെ വില 72.42 ഡോളറായിരുന്നു. കഴിഞ്ഞ നവംബറിനുശേഷമുണ്ടായ കാര്യമായ വിലവര്‍ധനയാണിത്. പക്ഷേ ഇന്ത്യയില്‍ ഇന്ധനവില കഴിഞ്ഞ ദിവസം  ഏറ്റവും ഉയര്‍ന്നുനിന്ന മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.73 രൂപയായിരുന്നു. തിരുവനന്തപുരത്ത് 74.37 രൂപയും. ഡീസല്‍വില ശരാശരി 70.88 രൂപയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടം പൂര്‍ത്തിയായപ്പോള്‍ 72.98 രൂപയായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിനു പിന്നാലെയാണ് ഈ വില 76.73 ലേയ്ക്ക് കുതിച്ചത്. ആഗോളവിപണിയില്‍ എണ്ണവിലയിലുണ്ടായ സമീപകാല വര്‍ധന 1.1 ശതമാനമായപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വിലയില്‍ 16 ശതമാനം വരെ വര്‍ധനവുണ്ടാവുന്നത് ദുരൂഹമാണെന്ന് ഗ്യാസ്ബഡ്ഡി ഡോട്ട്‌കോമിലെ ഇന്ധനകാര്യ വിദഗ്ധനായ പാട്രിക് ഡി ഹാന്‍ പറയുന്നു. ആഗോള വിപണിയിലെ സംഭവവികാസങ്ങള്‍ക്കിടയില്‍ എണ്ണയുടെ ലഭ്യത കുറഞ്ഞിട്ടുമില്ല. ഇറാനെതിരെ യുഎസ് പ്രഖ്യാപിച്ച എണ്ണ ഉപരോധത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കാവശ്യമായ ക്രൂഡോയില്‍ അവിടെ നിന്ന് ഇറക്കുമതി ചെയ്യാനാകാതെ വന്നു. യുഎസ് ഉപരോധത്തിലായ വെനസേ്വലയില്‍ നിന്നാണ് ഇന്ത്യക്കാവശ്യമായ 14 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്നത്.

എന്നാല്‍ ഇറാനിലും വെനസേ്വലയില്‍ നിന്നുമുള്ള ഇറക്കുമതിയിലുണ്ടായ കുറവു മുഴുവന്‍ നികത്താന്‍ ഇന്ത്യയുമായി സൗദിഅറേബ്യ കഴിഞ്ഞ ദിവസം കരാറുണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് ഇന്ത്യയിലേക്കുള്ള എണ്ണനീക്കം അഭംഗുരം തുടരുകയും ചെയ്യുന്നു. ഇതിനിടെയാണ് അനുദിനം ഇന്ത്യയിലെ ഇന്ധനവില മാനംമുട്ടെ കുതിച്ചുകയറുന്ന പ്രവണത ദൃശ്യമാകുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ ഇന്ധനവില അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് സാക്‌സോബാങ്കിലെ എണ്ണകാര്യവിഭാഗം വിദഗ്ധനായ ഓലേ ഹാന്‍സന്‍ പലയാവര്‍ത്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എണ്ണവില ബാരലിന് 112 ഡോളറായി കുതിച്ചു കയറിനിന്ന 2014 ജനുവരിയില്‍ ഇന്ത്യയിലെ പെട്രോള്‍ വില 81.92 രൂപയായിരുന്നു. ഡീസലിന് 76.84 രൂപയും. വില ബാരലിന് വെറും 24 ഡോളറായി കൂപ്പുകുത്തിയപ്പോഴും പെട്രോളിന്റെ വില ലിറ്ററിന് 73.6 രൂപയും ഡീസലിന് 61.68 രൂപയുമായിരുന്നതില്‍ നിന്നും എണ്ണക്കമ്പനികള്‍ നടത്തിവരുന്ന കൊള്ളയുടെ ബീഭത്സരൂപം മനസിലാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ക്രൂഡോയില്‍ വില 112 ഡോളറായിരുന്നപ്പോഴും 24 ഡോളറായിരുന്നപ്പോഴും ആഗോളവില ഇന്ത്യയിലെ വിലകളില്‍ പ്രതിഫലിച്ചിട്ടില്ലെന്നു ചുരുക്കം.
ക്രൂഡോയില്‍ വില ഇന്നലെ 72.42 ഡോളറായി നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ ഇന്ധന വില 112 ഡോളറായിരുന്ന കാലത്തെ വിലകള്‍ക്ക് ഏകദേശം തൊട്ടടുത്തുനില്‍ക്കുന്നു.

രൂപയുടെ മൂല്യവുമായി കൂടി ബന്ധിപ്പിച്ചാണ് ഇന്ധനവില നിര്‍ണയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രൂപയുടെ മൂല്യത്തില്‍ വളരെ നേരിയതാണെങ്കിലും മൂല്യം 26 പൈസയോളം ഉയര്‍ന്നിട്ടുണ്ട്. അതും ഇന്ധനവിലയില്‍ പ്രതിഫലിച്ചിട്ടില്ല. മോഡി തന്നെ തിരിച്ചുവരുമെന്ന കണക്കുകൂട്ടലില്‍ ഫലപ്രഖ്യാപന ദിവസം മുതല്‍ ഒരു മാസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലകള്‍ 10 ശതമാനമെങ്കിലും വര്‍ധിക്കുമെന്ന എണ്ണകാര്യ വിദഗ്ധരുടെ പ്രവചനവും ആശങ്ക പടര്‍ത്തുന്നു. ഇന്ധന വിലക്കയറ്റത്തോടൊപ്പം നിതേ്യാപയോഗ സാധനങ്ങളുടെ കുതിച്ചുകയറ്റവുമാവും തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ ജനത അനുഭവിക്കാനിരിക്കുന്ന നരകയാതനയെന്നും ആശങ്ക പടരുന്നു.