എണ്ണ വില കുത്തനെ ഉയരും:വോട്ടെടുപ്പ് അവസാനിക്കുന്നത് കാത്ത്എണ്ണക്കമ്പനികള്‍

Web Desk
Posted on May 08, 2019, 10:50 am

ന്യൂ ഡല്‍ഹി:ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം പ്രാബല്യത്തിലായതോടെ തെരഞ്ഞെടുപ്പു പൂര്‍ത്തിയാകുമ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ ഉയരുമെന്ന് ഉറപ്പായി.രാജ്യം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ നാലുശതമാനം ഇറാനില്‍ നിന്നായിരുന്നു.
ലോക് സഭയിലേക്കുള്ള വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരുമാസമായി എണ്ണക്കമ്പനികള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റങ്ങള്‍ക്ക് തയ്യാറായിട്ടില്ല.രാജ്യാന്തര വിപണിയില്‍ പത്തുശതമാനം വര്‍ധനവ് പോയൊരുമാസം ഉണ്ടായതായാണ് എണ്ണക്കമ്പനികളുടെ അവകാശം.
2018–19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ആകെ ഉപഭോഗത്തിന്റെ 83.7 ശതമാനമാണ്.2015–16ല്‍ ഇത് 80.6 ശതമാനമായിരുന്നു. മോഡി ഭരണത്തില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലുണ്ടായത് ക്രമാതീതമായ വര്‍ധനവായിരുന്നു.
2015–16ല്‍ 202.9 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ 2018–19ല്‍ അത് 226.9 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു.ഇതില്‍ 10.6 ശതമാനം ക്രൂഡ് ഓയില്‍ ഇറാനില്‍ നിന്നായിരുന്നു. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇനി ഇറാനില്‍ നിന്നുള്ള ഇറക്കുമതി സാധ്യവുമല്ല.
2015–16ല്‍ 655 ലക്ഷം ഡോളറായിരുന്നു ക്രൂഡ് ഓയില്‍ ഇറക്കുമതി ചിലവ്. 2018–19 കാലയളവില്‍ എണ്ണ ഇറക്കുമതി മൂല്യം 1142 ലക്ഷം ഡോളറായി കുത്തനെ കയറി.ഇതില്‍ 121 ലക്ഷം ഡോളറിന്റെ ക്രൂഡ് ഓയിലായിരുന്നു ഇറാനില്‍ നിന്നും ഇന്ത്യ വാങ്ങിയിരുന്നത്.
ഇറാനില്‍ നിന്നും ലഭിച്ചിരുന്ന കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍
നല്‍കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.കുറഞ്ഞവിലയില്‍ സാധ്യമായിരുന്ന ക്രൂഡ് ഓയില്‍ ഇറക്കുമതി ഇല്ലാതാകുകയും പോയ ഒരുമാസത്തെ നഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ വോട്ടെടുപ്പ് അവസാനിക്കാന്‍ കാത്തിരിക്കുന്ന എണ്ണക്കമ്പനികളും ചേരുമ്പോള്‍ കുത്തനെ കുതിക്കുന്ന എണ്ണവിലയുടെ കാലമാണ് വരനിരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.