ഇന്ധനനികുതിയും ജെയ്റ്റ്‌ലിയുടെ മുടന്തന്‍ ന്യായങ്ങളും

Web Desk
Posted on June 20, 2018, 11:13 pm

പെട്രോളിയം ഇന്ധനങ്ങളുടെ വിലക്കുതിപ്പിനെതിരായ ജനരോഷത്തിന്റെ പ്രതിഫലനമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ദേശവ്യാപകമായ പ്രതിഷേധം. കേരളത്തില്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും ജില്ലകളില്‍ വിവിധ കേന്ദ്രഭരണ സ്ഥാപനങ്ങളിലേക്കും നടന്ന മാര്‍ച്ചിലും ധര്‍ണയിലുമായി പതിനായിരങ്ങള്‍ അണിനിരന്നു. പ്രതികൂല കാലാവസ്ഥയിലും ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് സമരമുഖത്ത് അണിനിരന്ന പാര്‍ട്ടിയുടെയും വര്‍ഗ‑ബഹുജനസംഘടനകളുടെയും ആയിരക്കണക്കായ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. രാഷ്ട്ര തലസ്ഥാനത്ത് ദേശീയ പ്രക്ഷോഭത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ബദല്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള വിപുലമായ ചെറുത്തുനില്‍പ്പിലൂടെയേ വളര്‍ത്തിയെടുക്കാനാവൂ എന്ന വസ്തുതയ്ക്കാണ് ഡല്‍ഹിയിലെ യോജിച്ച പ്രക്ഷോഭം അടിവരയിടുന്നത്. എന്നാല്‍ ഇന്നലെ ദര്‍ശിച്ചതിനെക്കാള്‍ പതിന്മടങ്ങ് ശക്തവും ബഹുജനാടിത്തറയുള്ളതുമായ പ്രക്ഷോഭസമരങ്ങള്‍ക്കെ കേന്ദ്രസര്‍ക്കാരിനെ ജനദ്രോഹ നയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനാവൂ എന്നാണ് ഒരു ദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ധനവിലയെപ്പറ്റിയും അതിനുമേല്‍ കേന്ദ്ര ഭരണകൂടം എക്‌സൈസ് തീരുവയുടെ പേരില്‍ തുടര്‍ന്നുവരുന്ന പകല്‍ക്കൊള്ളയെ ന്യായീകരിച്ചുകൊണ്ടും നല്‍കിയ വിശദീകരണം. ഇന്ധന നികുതി കുറയ്ക്കുന്നത് രാജ്യത്തിന്റെ കടബാധ്യത അനിയന്ത്രിതമാക്കുമെന്നാണ് ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. ഇന്ധന നികുതിയുടെമേലുള്ള രാജ്യത്തിന്റെ ആശ്രിതത്വം കുറച്ചുകൊണ്ടുവരാന്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരായവര്‍ അതിന് തയ്യാറായേ മതിയാവൂ എന്നും അദ്ദേഹം പറയുന്നു. നികുതി നല്‍കാന്‍ നിയമാനുസൃതം ബാധ്യസ്ഥരായവര്‍ അത് യഥാസമയം സ്വമേധയാ നല്‍കുന്നില്ലെങ്കില്‍ അത് പിരിച്ചെടുക്കാന്‍ ചുമതലപ്പെട്ട മന്ത്രി നിരത്തുന്നത് മുടന്തന്‍ ന്യായങ്ങളാണ്. തന്റെയും തന്റെ ഗവണ്‍മെന്റിന്റെയും പരാജയത്തിന്റെ പേരില്‍ ജനങ്ങള്‍ ശിക്ഷ അനുഭവിക്കുകയേ നിവൃത്തിയുള്ളുവെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞുവെക്കുന്നത്.
വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ മുറവിളികൂട്ടുമ്പോള്‍ കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ പരസ്പരം പഴിചാരി ചക്കളത്തിപ്പോരിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേല്‍ ജനങ്ങള്‍ നല്‍കുന്ന പരോക്ഷനികുതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനസ്രോതസുകളില്‍ ഒന്നെന്ന് ജെയ്റ്റ്‌ലി അംഗീകരിക്കുന്നു. അതില്‍തന്നെ കൂടിയ വിഹിതം സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങള്‍ തങ്ങളുടെ വരുമാനസ്രോതസുകള്‍ വേണ്ടെന്നുവയ്ക്കണമെന്നോ അതില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്നോ ആണ് ജെയ്റ്റ്‌ലി ഭംഗ്യന്തരേണ ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം നടന്ന നിതി ആയോഗ് യോഗത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ന്യായവും നീതിപൂര്‍വവും വിഹിതം പങ്കുവയ്ക്കണമെന്ന് മുഖ്യമന്ത്രിമാര്‍ കൂട്ടായി ആവശ്യപ്പെട്ട വസ്തുത അവഗണിച്ചുകൊണ്ടാണ് ജെയ്റ്റ്‌ലി തന്റെ വാദഗതികള്‍ നിരത്തുന്നത്. കേന്ദ്ര ഗവണ്‍മെന്റ് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന കോര്‍പ്പറേറ്റ്, സമ്പന്ന പ്രീണന നയങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് നികുതി പിരിവിന്റെ പ്രശ്‌നങ്ങളെപ്പറ്റി ജെയ്റ്റ്‌ലി ജനങ്ങളോട് പര്‍വത പ്രസംഗത്തിന് മുതിര്‍ന്നിരിക്കുന്നത്. ലോകത്തേതന്നെ ഏറ്റവും ഉയര്‍ന്ന പരോക്ഷ നികുതിനിരക്കാണ് ഇന്ത്യയിലേത്. രാജ്യത്ത് നടപ്പാക്കിയ ജിഎസ്ടി സമ്പ്രദായത്തില്‍ ഉയര്‍ന്നനിരക്ക് 18 ശതമാനമായിരിക്കണമെന്ന ആവശ്യം നിരാകരിച്ചതാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ രാജിയിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്നെന്നതും ഇവിടെ പ്രസക്തമാണ്. പരോക്ഷനികുതിയില്‍ ഏതെങ്കിലുംതരത്തില്‍ വെട്ടിപ്പു നടക്കുന്നുണ്ടെങ്കില്‍തന്നെ പ്രത്യക്ഷ നികുതിയിനത്തില്‍ നടക്കുന്ന തട്ടിപ്പും അനുവദിച്ചുനല്‍കുന്ന കൂറ്റന്‍ ഇളവുകളുമായി തട്ടിച്ചാല്‍ അത് തുലോം തുച്ഛമാണ്. കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും നികുതി തട്ടിപ്പിന് കൂട്ടുനില്‍ക്കുകയും ഒത്താശ നല്‍കുകയും ചെയ്യുന്ന ഭരണകൂടം സാധാരണ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുകയും അവരോട് നികുതി നല്‍കുന്നതിനെപറ്റി സാരോപദേശത്തിനു മുതിരുന്നതും അപഹാസ്യമാണ്.
ഇന്ധന വിലനിയന്ത്രണത്തിന് നികുതിവരുമാനമാണ് പ്രശ്‌നമെങ്കില്‍ അതിന് പരിഹാരം കോര്‍പ്പറേറ്റുകളും സമ്പന്നരും ഉയര്‍ന്ന വരുമാനക്കാരും നല്‍കേണ്ട നികുതി അവരില്‍ നിന്ന് കാര്യക്ഷമമായി പിരിച്ചെടുക്കലാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനും പ്രധാനമന്ത്രിയുടെ വിദേശയാത്രാ ധൂര്‍ത്തുകള്‍ക്കും ചെലവിടുന്ന ആയിരക്കണക്കിന് കോടി രൂപയുടെ കണക്കുകള്‍ സാമ്പത്തിക ദുരിതം പേറുന്ന സാമാന്യ ജനങ്ങള്‍ക്ക് എങ്ങനെയാണ് വിസ്മരിക്കാനാവുക? ബിജെപി ഭരണകൂട ഒത്താശയോടെ പൊതുജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് വിദേശനികുതി സ്വര്‍ഗങ്ങളില്‍ ആഡംബര ജീവിതം നയിക്കുന്നവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക? ജനങ്ങളുടെമേല്‍ പകല്‍ക്കൊള്ള നടത്തുന്ന മോഡി ഭരണകൂടം നികുതിവരുമാനത്തിന്റെ പേരില്‍ നിരത്തുന്ന മുടന്തന്‍ ന്യായങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ല.