ടോക്യോ: ഫുകുഷിമ ആണവ നിലയം സുസ്ഥിര ഊർജ കേന്ദ്രമാകാൻ ഒരുങ്ങുന്നു. കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആണവ അപകടമുണ്ടായി ഒൻപത് വർഷം പിന്നിടുമ്പോഴാണ് അധികൃതർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
2011 മാർച്ച് 11നാണ് ഫുകുഷിമയിൽ ശക്തമായ ഭൂകമ്പവും സുനാമിയും മൂലം ആണവ വികിരണമുണ്ടാകുന്നതും മൂന്ന് ദിവസത്തോളം ഇവിടെ നിന്നുള്ള വൈദ്യതി വിതരണം നിലച്ചതും. ഈ അപകടം ഉയർത്തിയ പശ്ചാത്തലത്തിലാണ് പൂർണമായും സുസ്ഥിര ഊർജ സൃഷ്ടിയിലേക്ക് മാറാന് അധികൃതർ ആലോചന തുടങ്ങിയത്. 2040ഓടെ ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ നാൽപ്പത് ശതമാനം സുസ്ഥിര ഊർജം ഇവിടെ ഉല്പാദിപ്പിക്കുന്നു.
വൻതോതിൽ അണുവികിരണമുണ്ടായതോടെ ഒന്നരലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. പുതിയ പദ്ധതിക്ക് 275 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ജപ്പാൻ വികസന ബാങ്കും മിസുഹോ ബാങ്കുമാണ് ഇതിനാവശ്യമായ പണം നൽകുന്നത്. 11 സൗരപ്ലാന്റുകളും 10 കാറ്റാടിപ്പാടങ്ങളും ഇതിനായി നിർമിക്കും. കൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങളിലും മലമുകളിലുമാകും കാറ്റാടിപ്പാടങ്ങൾ സജ്ജീകരിക്കുക. 2024 മാർച്ച് അവസാനത്തോടെ ഇത് പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
എൺപത്കിലോമീറ്റർ ദൈർഘ്യമുള്ള പവർഗ്രിഡ് ഫുകുഷിമയിലെ പ്ലാന്റിനെ മെട്രോപൊളിറ്റൻ മേഖലയുമായി ബന്ധിപ്പിക്കും. രണ്ട് പ്ലാന്റുകളിൽ നിന്നുള്ള ആണവോർജത്തെയാണ് ഈ മേഖലകളിൽ വൻതോതിൽ ആശ്രയിച്ചിരുന്നത്. പദ്ധതി പൂർത്തിയായാൽ 600 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും. ആണവ പദ്ധതിയുടെ മൂന്നിൽ രണ്ട് മാത്രമാണ് ഇതിന്റെ ഉല്പാദനശേഷി.
1986ലെ ചെർണോബിൽ ആണവ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായ ഫുകുഷിമക്ക് ശേഷം ജപ്പാന് സർക്കാർ നിർജീവമായി തീർന്ന ആണവ റിയാക്ടറുകളെ വീണ്ടും പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തെ ഭൂകമ്പ‑സുനാമി സാധ്യതകളുടെ പശ്ചാത്തലത്തിൽ ആണവപ്ലാന്റുകൾ ഭൂഷണമല്ലെന്ന വിമർശനം വൻതോതിൽ ഉയർന്നു. ഇതോടെ രാജ്യത്തെ 54 ആണവ റിയാക്ടറുകളിൽ നിന്നുള്ള വൈദ്യുതോല്പാദനവും അധികൃതർ നിർത്തി വച്ചു. ഇപ്പോൾ ഒൻപതെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. വീണ്ടുമൊരു ആണവ ദുരന്തം ഉണ്ടാകാതിരിക്കാനായി രാജ്യത്തെ ആണവ റിയാക്ടറുകളുടെ എല്ലാം പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ് പുതുതായി അവരോധിക്കപ്പെട്ട പരിസ്ഥിതി മന്ത്രി ഷിൻജിറോ കൊയ്സുമി ആഹ്വാനം ചെയ്തിരിക്കുന്നത്.
വൻതോതിൽ കൽക്കരി ഉപയോഗിക്കുന്നതിനും രാജ്യാന്തരതലത്തിൽ വൻവിമർശനം നേരിടുന്ന രാജ്യമാണ് ജപ്പാൻ. ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന രാജ്യമാണ് ജപ്പാൻ. രാജ്യത്ത് കൽക്കരി പദ്ധതി ഉപയോഗിക്കുന്നത് തുടരുമെന്നാണ് ജപ്പാൻ വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. ഇതേതുടർന്ന് കഴിഞ്ഞമാസം മാഡ്രിഡിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ ജപ്പാന് ക്ലൈമറ്റ് ആക്ഷൻ നെറ്റ് വർക്കിന്റെ ഫോസിൽ ഓഫ് ദ ഡേ പുരസ്കാരം സമ്മാനിച്ചിരുന്നു.
വിയറ്റ്മാനിലെയും ഏഷ്യയിലെ വികസ്വര രാജ്യങ്ങളിലെയും കൽക്കരി വൈദ്യുതി പദ്ധതികൾക്ക് നൽകുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കാൻ ലോകബാങ്കിനോട് അമേരിക്ക നിർദേശിച്ചിരുന്നു.
Japan aims to power region, scene of 2011 meltdown, with 100% renewable energy by 2040