Saturday
19 Oct 2019

നാരങ്ങാവെള്ളത്തെയും കുലുക്കി സര്‍ബത്തിനെയും പിന്നിലാക്കി തരംഗമായി ഫുള്‍ ജാര്‍ സോഡ

By: Web Desk | Sunday 2 June 2019 5:47 PM IST


ശൂരനാട്: വേനല്‍ ചൂടിനെ മറികടക്കാന്‍ കേരളത്തില്‍ ന്യൂ ജെന്‍ തരംഗമായി മാറുകയാണ് ഫുള്‍ ജാര്‍ സോഡ. മാറി മാറി വരുന്ന കുടിവെള്ള ട്രന്റുകളില്‍ വെച്ച് ഇപ്പോള്‍ കേരളത്തിലാകമാനം യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ഫുള്‍ ജാര്‍ സോഡ. കനത്ത വേനലില്‍ കൊടും ദാഹത്തെ അതിജീവിക്കാന്‍ ഒരു കാലത്ത് സംഭാരവും പിന്നീട് നാരങ്ങാവെള്ളവും സര്‍ബത്തിനുമൊക്കെ ശേഷം കുലുക്കി സര്‍ബത്തിനെ പിന്തള്ളി ഇപ്പോള്‍ വിപണിയില്‍ തരംഗമായിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ.

വലിയൊരു ഗ്ലാസില്‍ ഇറങ്ങിക്കിടക്കുന്ന ചെറിയ ഗ്ലാസും. ചെറിയ ഗ്ലാസിലേക്ക് ഏഴ് വ്യത്യസ്തമായ
ചേരുവകള്‍ ചേര്‍ന്ന പ്രത്യേകതരം സര്‍ബത്താണ് ഫുള്‍ ജാര്‍ സോഡ. എരിവില്‍ നിന്നു ഉപ്പുകലര്‍ന്ന പുളിയിലേക്കും പിന്നെ ചെറു മധുരത്തിലേക്കും എത്തുന്ന പ്രത്യേകതയാണ് ഇതിനെ മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പച്ചമുളക് ജ്യൂസ്, പുതിയിനയില ജ്യൂസ്, ഇഞ്ചി നീര്, നാരാങ്ങാ നീര്, കസ്‌കസ് കുതിര്‍ത്ത് വെച്ചത്, പഞ്ചസാര ലായനി, ഉപ്പ്, സോഡ, എന്നിവയാണ് ഇതിലെ ചേരുവകള്‍.

കാന്താരി മുളക്, പുതിന, ഇഞ്ചി എന്നിവ ആവശ്യത്തിനു നേരത്തെ തന്നെ അരച്ചു കുഴമ്പു പരുവത്തിലാക്കി വച്ചിരിക്കും. രണ്ടു ഗ്ലാസുകളാണ് ഇതിനായി വേണ്ടത്. അല്‍പം വലുപ്പമുള്ള ഒരു ഗ്ലാസും ചെറിയൊരു ചില്ലു ഗ്ലാസുമാണ് ഉപയോഗിക്കുന്നത്. ചെറിയ ഗ്ലാസില്‍ ആദ്യം ഒരു നാരങ്ങയുടെ നീരും അര സ്പൂണ്‍ ഉപ്പും അതിലേക്കു കാല്‍ ടീ സ്പൂണ്‍ വീതം കാന്താരി മുളക്, പുതിന, ഇഞ്ചി എന്നിവ അരച്ചു വച്ച മിശ്രതവും ചേര്‍ക്കുന്നു. ഇതിനു മുകളില്‍ ഗ്ലാസ് നിറയും വരെ പഞ്ചസാര ലായനി ഒഴിച്ച് ഇളക്കും. പിന്നീട്, വലിയ ഗ്ലാസില്‍ മുക്കാല്‍ ഭാഗം സോഡയും അതിലേക്ക് അല്‍പം നാരങ്ങാനീരും ആവശ്യമുള്ളത്ര കസ്‌കസും ചേര്‍ക്കും. ഈ രണ്ടു ഗ്ലാസുകളും കുടിക്കാനെത്തുന്നവര്‍ക്കു കൈമാറുന്നു. ചെറിയ ഗ്ലാസ് വലിയ ഗ്ലാസിലെ സോഡയിലേക്ക് ഇടണം. തുടര്‍ന്ന്, വലിയ ഗ്ലാസില്‍ നിന്നും നുരഞ്ഞുതുളുമ്പി ഗ്ലാസിനു പുറത്തേക്കൊഴുകുന്ന പാനീയം ഒറ്റവലിക്കു കുടിച്ചു തീര്‍ക്കുന്നതാണു ഫുള്‍ജാര്‍ സോഡയുടെ പ്രത്യേകത. വളരെ പെട്ടെന്ന് ഉണ്ടാക്കാന്‍ സാധിക്കുന്ന ഫുള്‍ജാര്‍ സോഡയ്ക്ക് ദിനംപ്രതി ആവശ്യക്കാര്‍ ഏറി വരികയാണ്.

പതിനഞ്ചു രൂപ മുതല്‍ മുപ്പത് രൂപ വരെയാണ് വിപണിയില്‍ ഇതിന് ഈടാക്കുന്ന വില. പല കടകളിലും നല്ല തിരക്കുമുണ്ടാകും. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിരിക്കുകയാണ് ഈ ന്യൂജെന്‍ സ്‌റ്റൈല്‍ മന്നന്‍.

You May Also Like This:

Related News