മുഴുവന്‍ സമയ മീന്‍ കൃഷി നടത്തുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കില്ല: വിഎസ് സുനില്‍കുമാര്‍

Web Desk
Posted on April 21, 2018, 9:03 pm
തുറവൂര്‍ കരിനില വികസന ഏജന്‍സിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു

തുറവൂര്‍: നെല്‍ കൃഷി നടത്താതെ പാടശേഖരങ്ങളില്‍ മീന്‍ കൃഷി മാത്രം നടത്തുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫിഷറീസ് മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു. കരിനില വികസന ഏജന്‍സി തുറവൂരില്‍ ആരംഭിച്ച ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊക്കാളി പാടങ്ങളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിയാണ് നടപ്പാക്കേണ്ടത്. എന്നാല്‍ ലാഭം മാത്രകം ലക്ഷ്യം വച്ചുളള മീന്‍ കൃഷി അംഗീകരിക്കാനാകില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. എ.എം. ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന നടേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എം സി സിദ്ധാര്‍ത്ഥന്‍ സ്വാഗതവും സെക്രട്ടറി ഷേര്‍ളി ജോസഫ് നന്ദിയും പറഞ്ഞു. തുറവൂര്‍ വി എഫ് പി സി കെ ഓഫീസ് അങ്കണത്തിലാണ് തുറവൂര്‍ കരിനില വികസന ഏജന്‍സിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.