ഫണ്ട് വെട്ടിച്ചുരുക്കിയതോടെ ആരോഗ്യമേഖല തകർച്ചയുടെ വക്കിലെന്ന് ഡോക്ടർമാർ
പാരിസ്: ആരോഗ്യമേഖലയ്ക്കുള്ള സാമ്പത്തിക വിഹിതം വർധിപ്പിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന ഭീഷണിയുമായി രാജ്യത്തെ അറുനൂറിൽ ഏറെ ഡോക്ടർമാർ രംഗത്ത്. രാജ്യമെമ്പാടും പ്രതിഷേധവുമായി തെരുവിലിറങ്ങാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
ധനവിഹിതം വെട്ടിക്കുറച്ചതും ജീവനക്കാരുടെ അപര്യാപ്തതയും രാജ്യത്തെ ആരോഗ്യ മേഖലയെ തകർച്ചയുടെ വക്കിലും രോഗികളുടെ ജീവൻ അപകടത്തിലും ആക്കിയിരിക്കുകകയാണ്. രാജ്യത്തെ പൊതുമേഖലാ ആശുപത്രികൾ മരിച്ചു കൊണ്ടിരിക്കുന്നു. ഇവ മുമ്പില്ലാത്ത വിധം പ്രതിസന്ധിയിലാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷയാണ് രാജ്യത്ത് ലഭ്യമായിരുന്നത്. എന്നാൽ ഇന്നത് പഴങ്കഥയായി മാറിയിരിക്കുന്നുവെന്നും ഡോക്ടർമാർ എഴുതിയ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഒൻപത് മാസം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ ഡോക്ടർമാരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. മാർച്ചിൽ അടിയന്തര വിഭാഗത്തിലെ പണിമുടക്കാണ് തുടങ്ങിയത്. എന്നാൽ പിന്നീട് ശിശുരോഗ വിഭാഗം മുതൽ മാനസികാരോഗ്യം വരെയുള്ള വകുപ്പുകളിലേക്ക് ഇത് വ്യാപിപ്പിച്ചു. ഈ മാസം ജൂനിയർ ഡോക്ടർമാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉടനെയെങ്ങും ഇത് അവസാനിക്കില്ലെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാജ്യ വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് നീക്കം. രാജ്യത്തെ പൊതു ആശുപത്രികൾ അത്യാസന്ന നിലയിൽ എന്ന ബാനറുമായി ആയിരിക്കും ഇവർ മാർച്ച് നടത്തുക.
ആരോഗ്യമേഖലയിലെ സമരം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വലിയ തലവേദന ആയിരിക്കുകയാണ്. പെൻഷൻ സംവിധാനത്തിലെ അപാകതകൾക്കെതിരെ റയിൽവേ ജീവനക്കാരും പ്രതിഷേധവുമായി ഇറങ്ങിയതും പ്രസിഡന്റിന് കൂനിൻമേൽ കുരുവായി. കൂടുതൽ തുക അനുവദിക്കാമെന്നും ജീവനക്കാർക്ക് ബോണസ് അനുവദിക്കാമെന്നും മാക്രോൺ കഴിഞ്ഞമാസം ഉറപ്പ് നൽകിയെങ്കിലും ഇത് മതിയാകില്ലെന്ന നിലപാടാണ് സമരക്കാരുടേത്.
2000ത്തിൽ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് ഫ്രാൻസിന്റേതെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയിരുന്നു. 191 രാജ്യങ്ങളില്‍ നിന്നാണ് ഫ്രാൻസ് ഒന്നാമതെത്തിയത്. എന്നാൽ 2017ൽ ലാൻസെന്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്ക്സ് ആന്റ് ഇവാല്യുവേഷന്റെ പഠനമനുസരിച്ച് ലോകത്ത് ആരോഗ്യ സേവനങ്ങളിൽ ഫ്രാൻസി പതിനഞ്ചാം സ്ഥാനമേയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.