വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നൽകേണ്ട ഫണ്ടുകളെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതുമായി ബന്ധിപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ട് അടിയന്തരമായി തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നും ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫണ്ട് തടഞ്ഞുവച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികളുടെ പ്രവേശനം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനെതിരെ 2024–25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വി ഈശ്വരന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്. സമഗ്ര ശിക്ഷാ പദ്ധതിയുടെ നടത്തിപ്പ് 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ചിട്ടുണ്ടെന്നത് ശരിയാണ്, എന്നാൽ ആർടിഇ പ്രകാരമുള്ള ബാധ്യത അതിൽത്തന്നെ സ്വതന്ത്രമാണെന്ന് കോടതി നിരീക്ഷിച്ചു.
2024–25 സാമ്പത്തിക വര്‍ഷത്തില്‍ സമഗ്രശിക്ഷാ പദ്ധതിക്കുള്ള ആകെ തുക 3585.99 കോടിയാണ്. കേന്ദ്ര വിഹിതം 2151.59 കോടിയും. ആര്‍ടിഇ വിഹിതം 200 കോടിയില്‍ കുറവായിരിക്കണം. അതിനാല്‍ ആര്‍ടിഇക്കുള്ള കേന്ദ്രവിഹിതം അനുവദിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. ആര്‍ടിഇ നിയമപ്രകാരം പ്രവേശന പ്രക്രിയ സമയബന്ധിതമായി ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. ഈ ക്വാട്ടയില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ തൊട്ടടുത്ത സ്കൂളുകളില്‍ ചേരാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് ലഭിക്കേണ്ട കുടിശ്ശിക ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് സ്വകാര്യ സ്കൂളുകള്‍ക്ക് യഥാസമയം തുക നല്‍കാനാകുന്നില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ ജെ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ സ്കൂളുകള്‍ക്ക് ആര്‍ടിഇ പ്രകാരം 2022–23 വര്‍ഷത്തേക്ക് നല്‍കേണ്ട 188.99 കോടി തമിഴ്നാട് സര്‍ക്കാരാണ് ചെലവഴിച്ചതെന്നും അവകാശപ്പെട്ടു. 2024–25 സാമ്പത്തിക വര്‍ഷത്തേക്ക് പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് അംഗീകരിച്ച സമഗ്ര ശിക്ഷാ പദ്ധതിയിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ 60 ശതമാനം വിഹിതമായ 2151.59 കോടി നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ എല്ലാ സംസ്ഥാനങ്ങളിലും ‘ദേശീയ വിദ്യാഭ്യാസ നയം 2020’ പ്രകാരം ത്രിഭാഷാ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ദേശീയ വിദ്യാഭ്യാസം പോലുള്ള ഒരു കേന്ദ്ര നയം പിന്തുടരാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.