19 April 2024, Friday

അലിഗഡ് മുസ്ലീം സർവ്വകലാശാലയുടെയും ജാമിയ മില്ലിയ ഇസ്ലാമിയയുടെയും ഫണ്ട് വെട്ടികറച്ച് കേന്ദ്രം

ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ഫണ്ടില്‍ ഇരട്ടി വര്‍ധന
Janayugom Webdesk
July 19, 2022 12:01 pm

കേന്ദ്ര സർവ്വകലാശാലകളായ അലിഗഡ് മുസ്ലീം സർവ്വകലാശാലയുടെയും (എഎംയു) ജാമിയ മില്ലിയ ഇസ്ലാമിയയുടെയും (ജെഎംയു) ഫണ്ട് വിഹിതവും വിതരണവും ഗണ്യമായി വെട്ടികറച്ച് കേന്ദ്രം. ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി പറയവെ  വിദ്യാഭ്യാസ മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷമായ 2021–22 ൽ മുൻവർഷത്തെ അപേക്ഷിച്ച് ഫണ്ടില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി ടി എൻ പ്രതാപന്റെ ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാരാണ് മറുപടി പറഞ്ഞത്.

കേന്ദ്ര സര്‍വലാശാലകളായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവയുടെ ഫണ്ട് വിഹിതത്തെപറ്റിയാണ് എംപി ടി എൻ പ്രതാപൻ ചോദ്യം ഉന്നയിച്ചത്.

എഎംയു, ജെഎംയു എന്നിവയുടെ ഫണ്ട് 15 ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. അതേസമയം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ (ബിഎച്ച്‌യു) ബജറ്റ് 669.51 കോടിയിൽ നിന്ന് 1,303.01 കോടിയായി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ജെഎംയുവിന്റെ മൊത്തത്തിലുള്ള ഫണ്ടിംഗ് 2014–15 ൽ 264.48 കോടി രൂപയിൽ നിന്ന് വർധിച്ചു. എന്നാല്‍ 2020–21 ല്‍ ഇത് 479.83 കോടി രൂപയിൽ നിന്ന് 68.73 കോടി രൂപയായി കുത്തനെ ഇടിഞ്ഞ് 2021–22 ൽ 411.10 കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 105.95 കോടി രൂപയാണ് സർവകലാശാലയ്ക്ക് അനുവദിച്ചിരുന്നത്.

അതുപോലെ, എഎംയുവിന്റെ കാര്യത്തിൽ, 2014–15ൽ മൊത്തം വിഹിതം 673.98 കോടി രൂപയിൽ നിന്ന് വർധിക്കുകയും 2020–21 ൽ 1,520.10 കോടി രൂപയിൽ നിന്ന് 306 കോടി രൂപ കുറഞ്ഞ് 2021–22ൽ അത് 1,214.63 കോടി രൂപയായി. നടപ്പുസാമ്പത്തിക വർഷം ആദ്യ പാദത്തിൽ 302.32 കോടി രൂപ അനുവദിച്ചതായും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മറുപടിയിൽ പറയുന്നു.

ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ കാര്യത്തിൽ, 2014–15 ലെ ഫണ്ടിംഗ് 669.51 കോടി രൂപയിൽ നിന്ന് 2021–22 ൽ 1,303.01 കോടി രൂപയായി വര്‍ധിച്ചു. ഏകദേശം ഇരട്ടിയോളെ വർധനവാണ് വ്യക്തമാകുന്നത്. അതുപോലെ, രാജീവ് ഗാന്ധി സർവ്വകലാശാലയുടെ കാര്യത്തിൽ, 2014–15 ലെ 39.93 കോടി രൂപയിൽ നിന്ന് 2021–22 ൽ 102.79 കോടി രൂപയായി വര്‍ധിപ്പിച്ചു. ഏകദേശം 250 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) വഴിയാണ് കേന്ദ്ര സർവകലാശാലകൾക്ക് സർക്കാർ ഫണ്ട് നൽകുന്നത്. സർവ്വകലാശാല പ്രൊജക്റ്റ് ചെയ്യുന്ന ആവശ്യകതയുടെയും മുൻവർഷത്തെ ചെലവുകളുടെയും ഫണ്ടിന്റെ ലഭ്യതയുടെയും അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുന്നതെന്നുമാണ് വിദ്യാഭ്യാസ സഹമന്ത്രി മറുപടി നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന് എഎംയു, ജെഎംയു എന്നീ സര്‍വകലാശാകളോടുള്ള പ്രതഷേധ സൂചകമാണ് ഫണ്ട് വിഹിതത്തിലുള്ള കറവ് രേഖപ്പെടുത്തുന്നത്.

Eng­lish sum­ma­ry; Funds to JMU, AMU Reduced Sharply; Bud­get for BHU Doubled

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.