December 5, 2022 Monday

Related news

July 16, 2022
May 28, 2022
May 10, 2022
February 13, 2022
February 6, 2022
October 12, 2021
August 27, 2021
August 24, 2021
August 3, 2021
July 24, 2021

രക്തനക്ഷത്രങ്ങൾക്കൊപ്പം വലിയ ചുടുകാട്ടിൽ ഗൗരിഅമ്മയ്ക്ക് അന്ത്യനിദ്ര

ടി കെ അനിൽകുമാർ
ആലപ്പുഴ
May 11, 2021 8:01 pm

പുന്നപ്ര സമരത്തിൽ ജീവൻ നഷ്ടപ്പെട്ട രക്തനക്ഷത്രങ്ങൾ , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഊടും പാവും നെയ്ത ജനനേതാക്കൾ , അവർക്കൊപ്പം ആലപ്പുഴ വലിയചുടുകാട്ടിൽ ഗൗരിഅമ്മക്കും ഇനി അന്ത്യനിദ്ര . ജീവിതത്തിന്റെ സായന്തനങ്ങളിൽ വേർപിരിഞ്ഞെങ്കിലും മനസ്സിൽ അണയാത്ത സ്നേഹത്തിന്റെ കനൽ പാടുകൾ ബാക്കിവച്ച ടി വി തോമസിന്റെ സ്‌മൃതിമണ്ഡപത്തിന് സമീപമാണ് ഗൗരിഅമ്മക്കും ചിതയൊരുക്കിയത് സിപിഐ സംസ്ഥാന സെക്രട്ടറിമാരായിരുന്ന പി കൃഷ്ണപിള്ള , എം എൻ ഗോവിന്ദൻനായർ , എസ് കുമാരൻ , സി കെ ചന്ദ്രപ്പൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്മരണകളും ഇവിടെ നിറഞ്ഞു നിൽക്കുന്നു . അമരത്വം വിളംബരം ചെയ്ത് നൂറു കണക്കിന് പേർ മുഴക്കിയ മുദ്രവാക്യങ്ങൾക്കിടയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം .

ഇന്ന് ഉച്ചക്ക് 2:30 ഓടെ ഗൗരിഅമ്മ താമസിച്ചിരുന്ന ആലപ്പുഴ ചാത്തനാട് കളത്തിൽ പറമ്പിൽ വീട്ടിൽ അവസാനമായെത്തി . സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കണ്ണീർ മഴതൂവിയാണ് യാത്രയാക്കിയത് . തുടർന്ന് എസ് ഡി വി ബസന്റ് ഹാളിൽ പൊതുദർശനത്തിന് വച്ചു .

സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ , സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പി പ്രസാദ് , മന്ത്രിമാരായ പി തിലോത്തമൻ , ജി സുധാകരൻ , മേഴ്‌സികുട്ടിഅമ്മ , മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി വി സത്യനേശൻ , ദീപ്തി അജയകുമാർ , സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസർ എം പിമാരായ എ എം ആരിഫ് , കൊടിക്കുന്നിൽ സുരേഷ് , നിയുക്ത എംഎൽഎ മാരായ പി പി ചിത്തരഞ്ജൻ , പി രാജീവ് , എച് സലാം , ദലീമ ജോജോ , സജി ചെറിയാൻ , എം എസ് അരുൺകുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

Eng­lish summary:Funeral of KR Gau­ri amma

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.