Saturday
16 Feb 2019

ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വാക്‌പോര്

By: Web Desk | Thursday 22 March 2018 9:23 AM IST

ജി എല്‍ അജീഷ്
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ പരസ്പരം വാക്‌പോര്. കഴിഞ്ഞ ദിവസം കൊല്ലത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് മുരളീധര വിഭാഗത്തിനെതിരെ എതിര്‍ വിഭാഗം ശക്തമായ അഭിപ്രായവും ആരോപണങ്ങളും ഉയര്‍ത്തിയത്.
കെ എം മാണിക്കെതിരെയുള്ള വി മുരളീധരന്റെ പരാമര്‍ശമാണ് കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍ പിള്ള, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരെ പ്രകോപിച്ചത്. മുരളീധരന്‍ രാജ്യസഭ മെമ്പറായതോടെ പാര്‍ട്ടി വിരുദ്ധനായെന്നും ഏകപക്ഷീയമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും മാണിയുടെ വോട്ട് വേണ്ടന്ന പരമാര്‍ശം ദുഷ്ടലാക്കോടെയാണന്നും കോര്‍ കമ്മിറ്റിയില്‍ ആരോപണമുണ്ടായി.
രാജ്യസഭ സ്ഥാനം ലഭിച്ചതോടെ മുരളീധരന്‍ മാറിയെന്നും പാര്‍ട്ടിക്ക് എന്തും സംഭവിക്കട്ടെ എന്ന നിലപാടിലാണന്നും യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മുരളീധരനോ അദ്ദേഹത്തിന്റെ അനുകൂലികളോ രംഗത്തിറങ്ങിയിട്ടില്ല. പികെ കൃഷ്ണദാസിനാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചുമതല. മുരളീധരന്റെ ചെങ്ങന്നൂരിലേക്കുള്ള പ്രവര്‍ത്തനത്തിലെ കുറവ് ഇക്കാരണത്താലാണന്ന് ഒരു വിഭാഗം പറയുന്നു. കൂടാതെ ജാതിയത പാര്‍ട്ടിയെ പിടികൂടിയിരിക്കുകയാണന്നും അഭിപ്രായം ഉയര്‍ന്നു.
വളരെ കാലമായി കുമ്മനം രാജശേഖരനെതിരെ കരുനീക്കം നടത്തുന്ന മുരളീധരനെതിരെ മറ്റുളളവരെ കുട്ടിയോജിപ്പിക്കുവാന്‍ കുമ്മനം അനുകൂലികള്‍ക്ക് ഇതിലൂടെ സാധിച്ചു. കെഎം മാണിക്കെതിരായ മുരളീധരന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ബിഡിജെഎസ് കൂടി എന്‍ഡിഎയില്‍ നിന്നും അകന്നതോടെ ആകെ അങ്കലാപ്പിലാണ് ബിജെപി നേതാക്കള്‍. താഴെ തട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ബിജെപിക്ക് ഏറെ ദുഷ്‌കരമായിരിക്കും.