20 July 2025, Sunday
KSFE Galaxy Chits Banner 2

Related news

July 13, 2025
June 28, 2025
June 20, 2025
June 18, 2025
June 17, 2025
June 17, 2025
June 16, 2025
June 6, 2025
June 2, 2025
June 1, 2025

ജി ഏഴ് ഉച്ചകോടി മറ്റൊരു വൃഥാ വ്യായാമമോ?

Janayugom Webdesk
June 17, 2025 5:00 am

ജി ഏഴ് രാഷ്ട്രത്തലവന്മാരുടെ ത്രിദിന ഉച്ചകോടി ഇന്നലെ കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ വിദൂര പട്ടണമായ കാനനസ്കിസിൽ ആരംഭിച്ചു. കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം, യുഎസ് എന്നീ അംഗരാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഉക്രെയ്ൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, മെക്സിക്കോ, യുഎഇ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കളും ഉച്ചകോടിയിലേക്ക് ക്ഷണിതാക്കളാണ്. ജി ഏഴ് രാഷ്ട്രങ്ങളുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മൂല്യം 47.33 ലക്ഷം കോടി ഡോളറാണ്. അവർ ലോക ജനസംഖ്യയുടെ കേവലം 10 ശതമാനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. 2023ലെ ആഗോള ജിഡിപി 106.17 ലക്ഷം കോടി ഡോളർ ആയിരിക്കെയാണ് ഇതെന്നത് ശ്രദ്ധേയമാണ്. 1975ലാണ് ജി ഏഴ് ഉച്ചകോടിയുടെ ആരംഭം. 1998ൽ റഷ്യകൂടി ചേർന്നതോടെ അത് ജി എട്ടായി മാറിയെങ്കിലും ക്രിമിയ അധിനിവേശത്തിന്റെ പേരിൽ 2014ൽ അവർ പുറത്തായതോടെ സംഘടന വീണ്ടും ജി ഏഴായി മാറി. ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക, വാണിജ്യ, രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുകയും ഭൂരിപക്ഷം രാഷ്ട്രങ്ങളുടെയും ജനതയുടെയും മേൽ തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിർത്തുകയുമായിരുന്നു മുഖ്യ സ്ഥാപകലക്ഷ്യം. കഴിഞ്ഞ അരനൂറ്റാണ്ടായി ലോക സമ്പദ്ഘടനയെയും വാണിജ്യ ബന്ധങ്ങളെയും രാഷ്ട്രീയ ഗതിവിഗതികളെയും തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കനുസരിച്ച് സ്വാധീനിക്കുന്നതിൽ അവർ വലിയൊരളവ് വിജയിച്ചുവെന്നുതന്നെ പറയാം. സ്വതന്ത്ര വിപണിയുടെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ നവ ഉദാരീകരണ നയങ്ങളാണ് അവരെ കൂട്ടിയോജിപ്പിച്ചിരുന്ന മുഖ്യഘടകം. എന്നാൽ നവ ഉദാരീകരണം മുന്നോട്ടുവച്ച ആശയങ്ങളും സംവിധാനങ്ങളും തന്ത്രങ്ങളും ലക്ഷ്യം കൈവരിക്കാനും ആഗോള മൂലധനത്തെ പ്രതിസന്ധികളിൽനിന്നും പ്രതിരോധിക്കാനും പര്യാപ്തമല്ലെന്ന് അരനൂറ്റാണ്ടിന്റെ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. 

അതോടെ ആ ആശയ, തന്ത്ര, സംവിധാന ചട്ടക്കൂടുകളുടെ നിറം മങ്ങിയിരിക്കുന്നു. അത് ആഗോള മൂലധനശക്തികളുടെ ഐക്യം ശിഥിലമാകുന്നതിനും അതിന്റെ സ്ഥാനത്ത് അവിശ്വാസത്തിന്റെയും കിടമത്സരത്തിന്റെയും അന്തരീക്ഷം വളർന്നുവരുന്നതിനുമാണ് ലോകം സാക്ഷ്യംവഹിക്കുന്നത്.
കാനനസ്കിസ് ഉച്ചകോടിയിൽനിന്നും ഒരു സംയുക്ത പ്രസ്താവന ഉണ്ടാവില്ലെന്നുള്ള സൂചന ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതിൽ പുതുമയൊന്നുമില്ലെങ്കിലും ഇസ്രയേൽ — ഇറാൻ സംഘർഷം, ഇസ്രയേൽ പലസ്തീൻ ജനതയ്ക്കെതിരെ നടത്തിവരുന്ന ഉന്മൂലന യുദ്ധം, റഷ്യ — ഉക്രെയ്ൻ യുദ്ധം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമസ്ത ലോകരാഷ്ട്രങ്ങൾക്കുമെതിരെ തുടങ്ങിവച്ചിരിക്കുന്ന വ്യാപാര യുദ്ധം, ട്രംപ് കാനഡയ്ക്കും ഗ്രീൻലാൻഡിനുമെതിരെ ഉയർത്തുന്ന അധിനിവേശ ഭീഷണി തുടങ്ങി ലോകത്തെ അസ്വസ്ഥമാക്കുന്ന ഒട്ടനവധി പ്രശ്നങ്ങളിൽ മൂലധനശക്തികൾക്കിടയിൽ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായഭിന്നതയെയും അനൈക്യത്തെയുമാണ് അത് തുറന്നുകാട്ടുന്നത്. ഇറാന്റെ ആണവായുധ പദ്ധതികളെ സംബന്ധിച്ച് യുഎസുമായുള്ള ചർച്ചകൾ നടക്കാനിരിക്കെ ഇസ്രയേൽ ഇറാനുനേരെ നടത്തിയ കടന്നാക്രമണത്തിൽ യുഎസിനുള്ള പങ്ക് പശ്ചിമേഷ്യയെ യുദ്ധത്തിന്റെ കരിനിഴലിലാക്കിയിട്ടുണ്ട്. അത് ലോകത്തെയാകെ രാഷ്ട്രീയ അസ്ഥിരതയിലേക്കും ആഴമേറിയ സാമ്പത്തിക കുഴപ്പത്തിലേക്കും നയിക്കുമെന്ന വ്യാപകമായ ആശങ്ക നിലനിൽക്കുന്നു. റഷ്യ — ഉക്രെയ്ൻ സംഘർഷത്തിലെ ട്രംപിന്റെ നിലപാടിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ ഏറെ അസ്വസ്ഥരാണ്. കാനഡയെയും ഗ്രീൻലാൻഡിനെയും യുഎസ് കോളനികളാക്കി മാറ്റുകയെന്ന ട്രംപിന്റെ പ്രഖ്യാപനം യൂറോപ്പിൽ യുഎസിനെതിരായ വികാരം ശക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് ട്രംപിന്റെ വ്യാപാരയുദ്ധ നീക്കങ്ങൾ ലോകരാഷ്ട്രങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വങ്ങളും ആവലാതികളും. ഉച്ചകോടിയിൽ ഉണ്ടായേക്കാവുന്ന ട്രംപിന്റെ പ്രവചനാതീതമായ നീക്കങ്ങളിലും പ്രകടനത്തിലും അംഗരാജ്യങ്ങളും അതിഥികളും ഒരുപോലെ ആശങ്കാകുലരാണ്. 2018ൽ കാനഡയിൽ നടന്ന ഉച്ചകോടിയിൽനിന്നും ട്രംപ് ഇറങ്ങിപ്പോയത് ആരും മറന്നിട്ടുമില്ല. ഔപചാരികതയുടെ പേരിലെങ്കിലും ലോകനേതാക്കൾ ഒരു മേശയ്ക്കുചുറ്റും ഒന്നിച്ചിരിക്കാനുള്ള സാഹചര്യംപോലും ഉണ്ടായേക്കില്ലെന്ന ആശങ്കയും നിരീക്ഷകർ പങ്കുവയ്ക്കുന്നു. ഒരു ബഹുകക്ഷി കൂടിയാലോചനയ്ക്കും സമവായത്തിനും പകരം ട്രംപ് ഉഭയക്ഷി ചർച്ചകൾക്കും തന്റെ മുഠാളത്ത പ്രകടനത്തിനുമുള്ള വേദിയാക്കി ഉച്ചകോടിയെ മാറ്റിയേക്കുമെന്നും അവർ ഭയപ്പെടുന്നു. 

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെത്തുടർന്ന് വഷളായ ഇന്ത്യ — കാനഡ നയതന്ത്ര ബന്ധത്തിന്റെ പേരിൽ ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണം ഉണ്ടാകില്ലെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചുവന്നിരുന്നു. എന്നാൽ, പുതിയ പ്രധാനമന്ത്രി മാർക്ക് കാർണേ ഉന്നതമായ നയതന്ത്ര മര്യാദ പാലിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. കാനഡയുമായുള്ള നയതന്ത്രബന്ധവും വ്യാപാരവും മെച്ചപ്പെടുത്താൻ ഇന്ത്യക്കായാൽ അതായിരിക്കും ഈ ഉച്ചകോടി കൊണ്ട് രാജ്യത്തിനുണ്ടാവുന്ന സുപ്രധാന നേട്ടം. ഏറെ ആശങ്കാകുലമായ പശ്ചിമേഷ്യൻ വിഷയത്തിൽ മോഡി ഭരണകൂടം ഇസ്രയേലിനും യുഎസിനും ഒപ്പമാണെന്നത് അപലപനീയമെങ്കിലും അനിഷേധ്യ യാഥാർത്ഥ്യമാണ്. അത് ആഭ്യന്തര രാഷ്ട്രീയത്തിൽ ഉണ്ടാവുന്ന പരിവർത്തനത്തിലൂടെ മാത്രമേ പരിഹൃതമാകൂ. എന്നാൽ, ഇന്ത്യ — പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ നടത്തിയ ഇടപെടലിനെപ്പറ്റി ഇന്നലെയും ട്രംപ് പരസ്യപ്രസ്താവനയ്ക്ക് മുതിരുകയുണ്ടായി. ആ അവകാശവാദത്തിന്റെ പിന്നിലെ വസ്തുനിഷ്ഠ യാഥാർത്ഥ്യം എന്തെന്നറിയാൻ ഇന്ത്യൻ ജനതയ്ക്ക് അവകാശമുണ്ട്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്നനിലയിൽ ട്രംപിനെ കണ്ട് ‘കരടിയാലിംഗനത്തിൽ’ കൂടിക്കാഴ്ച ഒതുക്കാതെ വസ്തുതകൾ വെളിപ്പെടുത്താനും 146 കോടി പൗരന്മാരുടെ അന്തസ് ഉയർത്തിപ്പിടിക്കാനും പ്രധാനമന്ത്രി തയ്യാറാവണം. 

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.