Janayugom Online
Kamalananda Rao

ജി കമലവര്‍ധന റാവുവിന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിന്‍റെ അധിക ചുമതല

Web Desk
Posted on December 19, 2018, 4:48 pm

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമലവര്‍ധന റാവുവിന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സിഎംഡി സഞ്ജീവ് കൗശിക് നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും. വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗള്‍ പരിശീലനത്തിന് പോകുന്ന മുറയ്ക്ക് ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിനെ കെഎസ്‌ഐഡി സി എംഡി യായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഡോ. ഷര്‍മിള മേരി ജോസഫ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിംഗിന് റോഡ് ഫണ്ട് ബോര്‍ഡ് സിഇഒയുടെ അധിക ചുമതല നല്‍കും.

ഡോ. രത്തന്‍ യു കേല്‍ക്കറിനെ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല നല്‍കും. കോട്ടയം ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനിയെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അദ്ദേഹം എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണറുടെ അധിക ചുമതല വഹിക്കും. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പി കെ സുധീര്‍ ബാബുവിനെ കോട്ടയം ജില്ലാ കളക്ടറായി മാറ്റി നിയമിക്കും.