പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് ഇടുക്കിയിലേത് : മന്ത്രി ജി.സുധാകരന്‍

Web Desk
Posted on September 18, 2020, 8:29 pm

പ്രകൃതി സംരക്ഷണത്തോടു കൂടി എല്ലാത്തിനും അതിന്റെതായ പ്രാധാന്യം നല്‍കിയുള്ള വികസന മുന്നേറ്റമാണ് ജില്ലയില്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ചെറുതോണി ടൗണില്‍ പൈനാവ്-താന്നിക്കണ്ടം-അശോക റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പൂര്‍ണമായ വികസനത്തിനും പുരോഗതിക്കും ഉതകുന്നതാണ് ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. പിന്നാക്ക ജില്ലയായ ഇടുക്കിയില്‍ പൊതുമരാമത്ത് വകുപ്പ് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. കൃത്യമായ മേല്‍നോട്ടത്തിലും ഗുണമേന്‍മയോടെയും സാങ്കേതിക വിദ്യ ഉപയോഗിച്ച് യഥാസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തിന് അദ്ധ്യക്ഷത വഹിച്ച റോഷി അഗസ്റ്റ്യന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍ രൂപപ്പെടുത്തുകയെന്നത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് എംഎല്‍എ പറഞ്ഞു.

പുതിയ കാലം, പുതിയ നിര്‍മ്മാണം എന്ന കാഴ്ചപ്പാടില്‍ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈനാവ് താന്നിക്കണ്ടം- അശോക റോഡിന്റെ നിര്‍മ്മാണം നടത്തുന്നത്.
പൈനാവില്‍ നിന്ന് ആരംഭിച്ച് താന്നിക്കണ്ടം, മണിയാറന്‍കുടി, മുളകുവള്ളി എന്നിവിടങ്ങളില്‍ കൂടി അശോകകവലയില്‍ എത്തിചേരുന്ന 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണിത്. കെഎസ്ടിപി മുഖേന അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന് 86.82 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആറ് മീറ്റര്‍ വീതിയില്‍ ബി.എം ആന്റ് ബി.സി നിലവാരത്തില്‍ പുനരുദ്ധാരണം, ആവശ്യമുള്ള സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി, കലുങ്കുകള്‍, ഡ്രെയിനേജ് എന്നിവയുടെ നിര്‍മ്മാണം, റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി റോഡ് മാര്‍ക്കിംഗ്സ്, ക്രാഷ്ബാരിയര്‍, ദിശാ സൂചനാ ബോര്‍ഡുകള്‍, വേഗത നിയന്ത്രണ സംവിധാനങ്ങള്‍, വഴിവിളക്കുകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകബാങ്കിന്റെ ധനസഹായത്തോടെ ഇ.പി.സി മാതൃകയിലാണ് നിര്‍മ്മാണം.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സെലിന്‍, കെ.എസ്.ആര്‍.ടി.സി.ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ലിസ്സമ്മ സാജന്‍, ടിന്റു സുഭാഷ്, സുരേഷ് പി.എസ്, കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിനി മാത്യു , ജനപ്രതിനിധികള്‍, വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ENGLISH SUMMARY: g sud­hakaran on nature protection

YOU MAY ALSO LIKE THIS VIDEO