Saturday
24 Aug 2019

ജിന്‍സണ്‍ ജോണ്‍സണും വി നീനയ്ക്കും ജി വി രാജ അവാര്‍ഡ്

By: Web Desk | Tuesday 16 October 2018 9:44 PM IST


എസ് മുരളീധരന് ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
തിരുവനന്തപുരം: ഒളിമ്പ്യന്മാരായ ജിന്‍സണ്‍ ജോണ്‍സണും വി നീനയ്ക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി വി രാജപുരസ്‌കാരം. 2017 ലെ മികച്ച പുരുഷ താരമായി ജിന്‍സണും വനിതാ താരമായി  നീനയും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബാഡ്മിന്റണ്‍ പരിശീലകനായ എസ് മുരളീധരനാണ് ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചത്. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മറ്റു പുരസ്‌കാരങ്ങള്‍ : മികച്ച പരിശീലകന്‍: എസ് മനോജ് (വോളിബോള്‍ പരിശീലകന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍) ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.

മികച്ച കായികാധ്യാപകന്‍ (കോളജ് തലം): ഡോ. മാത്യൂസ് ജേക്കബ് (മാര്‍ അത്താനേഷ്യസ് കോളജ്, കോതമംഗലം). അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ച കോളജ്: അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.അബിഗേയില്‍ ആരോഗ്യനാഥനാണ് (സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കൊല്ലം) സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരം. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
ജിന്‍സി ജിന്‍സണാണ് (അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി) കോളജ് തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരം. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.

മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ മികച്ച സ്‌കൂള്‍ കായിക അധ്യാപകനുള്ള അവാര്‍ഡ് തീരുമാനിച്ചിട്ടില്ല. അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ മികച്ച സ്‌കൂളിനുള്ള അവാര്‍ഡും തീരുമാനിച്ചിട്ടില്ല. കോളജ്, സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ (ആണ്‍കുട്ടികള്‍) അപേക്ഷകള്‍ ലഭിക്കാതിരുന്നതിനാല്‍ മികച്ച കോളജ്, സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആണ്‍കുട്ടികള്‍ക്കുള്ള അവാര്‍ഡും തീരുമാനിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍, കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News