ജി7 ഉച്ചകോടി: വാണിജ്യ യുദ്ധങ്ങള്‍ മുഖ്യ ചര്‍ച്ചാ വിഷയം

Web Desk
Posted on August 25, 2019, 2:02 pm

ഉച്ചകോടി ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും രാജ്യാന്തര ഭിന്നിപ്പിന്റെയും പശ്ചാത്തലത്തില്‍

ബിയാരിറ്റിസ്(ഫ്രാന്‍സ്): രാജ്യാന്തര വാണിജ്യ യുദ്ധങ്ങളെക്കുറിച്ചാകും ജി7 ഉച്ചകോടിയിലെ ഇന്നത്തെ മുഖ്യ ചര്‍ച്ച. ഇതിന് പുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ പാശ്ചാത്യ സഖ്യ കക്ഷികളും തമ്മിലുള്ള ഭിന്നിപ്പുകളും ഉച്ചകോടി ചര്‍ച്ച ചെയ്യും.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പതിറ്റാണ്ടുകളായി തുടരുന്ന രാജ്യാന്തര സഖ്യങ്ങളില്‍ വീണ ചില വിള്ളലുകളുടെയും പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഫ്രാന്‍സ്, ബ്രിട്ടണ്‍, ജപ്പാന്‍, ജര്‍മനി, ഇറ്റലി, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധിപന്‍മാരാണ് ഫ്രാന്‍സിലെ തീര നഗരമായ ബിയാരിറ്റിസില്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കായി ഒത്തുകൂടിയിരിക്കുന്നത്. ആഗോള ആശങ്കകകള്‍ക്ക് ഊന്നല്‍ നല്‍കാതെ തികച്ചും അപ്രധാന വിഷയങ്ങള്‍ക്ക് സമ്മേളനം പ്രാധാന്യം നല്‍കുന്നുവെന്ന ആക്ഷേപം പ്രസിഡന്റ് ട്രംപ് നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ജി7നെ ഭിന്നിപ്പിക്കുന്നതിനുള്ള നടപടികളാണ് ആതിഥേയരായ ഫ്രാന്‍സ് സ്വീകരിക്കുന്നത് എന്ന ആക്ഷേപവും ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ ട്രംപ് ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ആരോപണം ഫ്രാന്‍സ് നിഷേധിച്ചു. ഇന്ന് നടക്കുന്ന ആദ്യ സെഷനില്‍ സാമ്പത്തികം, വാണിജ്യം, സുരക്ഷ, തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുകയെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ഇപ്പോഴും ഭിന്നിപ്പ് നിലനില്‍ക്കുന്ന ഈ വിഷയങ്ങളില്‍ ഒരു ധാരണയിലെത്താനാണ് ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സാമ്പത്തിക വിപണികളിലേല്‍പ്പിച്ച ആഘാതത്തിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇവിടെയെത്തിയിട്ടുള്ളത്. സമ്പദ് രംഗം ഇങ്ങനെ പോകുന്നതില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നികുതിയെ പിന്തുണക്കുന്നവര്‍ രാജ്യാന്തര സമ്പദ്ഘടനെ പിന്നോട്ടടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് ശരിയാണോ തെറ്റാണോ എന്നതല്ല വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ സാങ്കേതിക കമ്പനികള്‍ക്ക് മേലുള്ള ഡിജിറ്റല്‍ നികുതി ഒഴിവാകാത്ത പക്ഷം ഫ്രഞ്ച് വൈനിന് നികുതി ഏര്‍പ്പെടുത്തുമെന്ന് ആതിഥേയരെ ഭീഷണിപ്പെടുത്താനും ട്രംപ് മറന്നില്ല. ട്രംപിനെ നിലയ്ക്ക് നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടുമെന്ന മുന്നറിയിപ്പ് യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് നല്‍കിയിട്ടുണ്ട്.