ഗബ്രിയേല ബാര്‍ലറ്റെന്‍

Web Desk
Posted on July 21, 2019, 2:00 pm

അന്‍സാരി റഹുമത്തുള്ള

ഗാബ്രിയേല ബാര്‍ലറ്റെന്‍
എന്റെ ഹൃദയം സൂക്ഷിപ്പുകാരി
എന്റെ,യാത്മപ്രണയമേ,
നമ്മളെന്തിനായിരുന്നു
പിണങ്ങിയത്..!!
വരകളില്‍ വാര്‍ന്നുപോയ
നിലാവിനെ കുറിച്ചായിരുന്നോ?
ഏകാന്തതയുടെ കറുത്ത,
ഇടനാഴിയില്‍ അനുരാഗ
സുഗന്ധത്താല്‍ പൊതിഞ്ഞ
ലില്ലിപ്പൂക്കള്‍ സമ്മാനിച്ചവളെ,
ഞാനിതാ ചായം ചാലിച്ച
ഡിഷിന്മേല്‍ നിരാശയുടെ
ഉന്മാദമേറി മുറിച്ചൊരു ചെവിത്തുണ്ട്
നിനക്കായ് കരുതി വച്ചു.!!
അതില്‍ നിന്റെ മധുമൊഴികള്‍
ചിത്രവരകളായി പുരണ്ട,
എണ്ണഛായ ചുവരുകളുണ്ട്.
എന്റെ നഷ്ടപ്പെടലുകള്‍ വാടിയ
സൂര്യകാന്തിപ്പൂക്കള്‍
നിന്നോട് മൗനമായി മാപ്പിരയ്ക്കുന്നു.
അംഗങ്ങള്‍ ഛേദിക്കപ്പെട്ട
സ്വപ്‌നങ്ങളായി നിശബ്ദമാണവര്‍.
വിളഞ്ഞ ഗോതമ്പു പാടങ്ങളില്‍
ഊര്‍ന്നു വീണ വാക്കുകള്‍
കറുത്ത പക്ഷികളായി കാഴ്ച്ച
പറിഞ്ഞന്ധരായി പറന്നലയുന്നു.
അവയ്ക്കിരിക്കാന്‍
ഓക്കുമരച്ചില്ലകളില്ലായിരുന്നു.!!
ഒരിക്കല്‍ ഉന്മാദമേറി,
മേച്ചില്‍പുറങ്ങളില്‍ നിന്റെ
സ്‌നേഹശാസനകള്‍
വാമൂടിക്കെട്ടി പ്രതിഷേധിക്കുമ്പോഴും
ഹൃദയത്തടത്തിലൂടെ
കുതറുന്ന പ്രതീക്ഷകളുമായി
ഉച്ചവെയിലേറ്റു നടക്കുകയായിരുന്നു…
പ്രിയപ്പെട്ടവളെ, ഓര്‍ക്കുന്നുവോ..
ഞാന്‍ വരച്ച ചിത്രങ്ങളിലെ
സൂര്യനും ചന്ദ്രനും കോടാനുകോടി
നക്ഷത്രങ്ങളും, നീലാകാശവും
മഞ്ഞുടുപ്പിട്ട മാമലകളും,
വയലറ്റ് പൂക്കളും
നിനക്കുള്ള എന്റെ ഇഷ്ടങ്ങള്‍
മാത്രമായിരുന്നു..
മഞ്ഞവെളിച്ചം നാലായി മുറിച്ചിട്ട
നിന്റെ ജനലോരത്ത്,
തിരിച്ചറിവു മറന്നവനായി
ഞാനുറങ്ങിയുണര്‍ന്നത്
മുറിവേറ്റ ഓര്‍മ്മകളായി മാത്രം.!!
എന്റെ ജനല്‍പ്പടിയിലെ വക്കു
ചിന്നിയ ഫ്‌ളവര്‍വേയ്‌സില്‍
പാപഭാരത്താല്‍ തലകുമ്പിട്ട
ലില്ലിപ്പൂക്കളുണ്ട്.!!
അതിന്റെ നിറംവാര്‍ന്ന ഇതളൊന്നില്‍
ഏതോ ശലഭം എഴുതി വെച്ചത്
നിന്റെ നാമമായിരുന്നല്ലോ.!!
ഗബ്രിയേല,
സൈപ്രസ് മരനിഴലുകളില്‍
വെയില്‍പ്പക്ഷികള്‍
കൊത്തിച്ചികഞ്ഞ വഴിയിലെന്നെ
ഊരിയെറിഞ്ഞതെന്തിനായിരുന്നു?
പ്രിയപ്പെട്ടവളേ,
രാപ്പകലുകള്‍ ഉരുകി വീണ
കുന്നിന്‍ചരിവുകളില്‍
ചിലപ്പോള്‍ മാത്രം പെയ്യാറുള്ളൊരു
മഴയെ ഞാന്‍ നീയായി സങ്കല്പിച്ചു.
എന്നോ വരണ്ടുപോയ നദിയുടെ
ബാക്കിയായ ജല്പ്പനങ്ങളായി
തിരസ്‌ക്കരിക്കരുതെന്റെ പ്രണയം.