Web Desk

ന്യൂഡൽഹി

June 29, 2020, 9:59 pm

ഇന്ത്യന്‍ തുറമുഖങ്ങളിൽ ചൈനീസ് ചരക്കുകൾ കെട്ടിക്കിടക്കുന്നതിനെതിരെ ഗഡ്കരി

Janayugom Online

ചൈനാ വിരോധത്തിന്റെ പേരിൽ ഇന്ത്യന്‍ തുറമുഖങ്ങളിൽ ചൈനീസ് ചരക്കുകൾ ക്ലിയറന്‍സ് കിട്ടാതെ കെട്ടിക്കിടക്കുന്നതിനെതിരെ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന് കത്തെഴുതി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.  രാജ്യത്തെ വ്യാപാരികൾ പണം മുന്‍കൂര്‍ അടച്ച് കൊണ്ടുവരുന്ന ഉല്പന്നങ്ങളാണ് തുറമുഖങ്ങളിൽ ക്ലിയറന്‍സ് കിട്ടാതെ കിടക്കുന്നത്.

കോവിഡ് 19 മൂലം തകര്‍ന്നടിഞ്ഞ ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണെന്നും ഇക്കാര്യത്തില്‍ സത്വര ഇടപെടൽ വാണിജ്യമന്ത്രാലയം നടത്തണമെന്നും നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.  വ്യവസായികളും കർഷകരും നിതിൻ ഗഡ്കരിയെ ഇക്കാര്യത്തിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചിരുന്നു.

ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കൂടുതൽ ഉത്പന്നങ്ങൾ ഫാർമസ്യൂട്ടിക്കൽസ്, കീടനാശിനി, ഇലക്ട്രോണിക്‌സ് തുടങ്ങിയവയാണ്. ഇങ്ങനെ ചരക്കുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ബാധിക്കുക രാജ്യത്തെ തന്നെയാണെന്ന് ഗഡ്കരി വ്യക്തമാക്കി. ഇറക്കുമതി കുറയ്ക്കുവാനാണെങ്കിൽ കൂടുതൽ നികുതി ചുമത്തുകയാണ് വേണ്ടതെന്നും അല്ലാതെ ഇറക്കുമതി ചെയ്തത് അനാവശ്യമായി തടഞ്ഞുവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ഗഡ്കരി കത്തിൽ പറയുന്നു.

അതിര്‍ത്തി പ്രശ്‌നത്തിന്റെ പേരില്‍ ചൈനീസ് ഉല്പന്നങ്ങളെ ബഹിഷ്‌കരിക്കാനുള്ള വികാരം ദേശീയതലത്തില്‍ ശക്തമായിട്ടുണ്ട്. നിരവധി ബിജെപി നേതാക്കളും ചൈനീസ് ഉത്പന്ന ബഹിഷ്‌കരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ചൈനീസ് ചരക്കുകൾ കസ്റ്റംസ് ക്ലിയറന്‍സ് വൈകി പോര്‍ട്ടില്‍ കിടക്കുമ്പോള്‍ ശിഥിലമാകുന്നത് ആഗോള വിതരണ ശൃംഖല കൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ENGLISH SUMMARY:gadkari agan­ist indi­an chi­nese car­go in indi­an port
You may also like this video