സ്വന്തം ലേഖകൻ

ആലപ്പുഴ

March 12, 2022, 8:47 pm

വിയറ്റ്നാമിന്റെ സ്വർഗീയ പഴം ആലപ്പുഴയിലും വിളഞ്ഞു

Janayugom Online

വിയറ്റ്നാമിന്റെ സ്വർഗ്ഗീയപഴമെന്ന് വിശേഷണമുള്ള ഗാഗ് പഴം ആലപ്പുഴയിലും വിളഞ്ഞത് കൗതുകമായി. കലവൂർ പാം ഫൈബർ അസിസ്റ്റന്റ് മാനേജർ മണ്ണഞ്ചേരി സ്വദേശി പ്രമോദ് കുമാറിന്റെ വീട്ടിലാണ് പഴം വിളഞ്ഞത്.

കൊച്ചി അയ്യമ്പുഴയിലെ കർഷകനായ ജോജോയിൽ നിന്നാണ് പ്രമോദ് ഗാഗ് പഴത്തിന്റെ വിത്ത് വാങ്ങിയത്. ഒരുമാസം കഴിഞ്ഞപ്പോൾ കട്ടിയുള്ള വിത്തിൽ നിന്ന് തൈകൾ മുളച്ചു. തൈകളെ മികച്ച രീതിയിൽ പരിപാലിച്ചു. ആവശ്യമായ വെള്ളവും വളവും നൽകി. സഹായത്തിനായി പ്രമോദിന്റെ ഭാര്യ മിനിയും മകൾ മീനാക്ഷിയും ഒപ്പം നിന്നു.

വള്ളിപടർപ്പ് പോലെ പടർന്ന് പന്തലിച്ച് നിൽക്കുന്ന ഗാഗ് ചെടിക്ക് ചില പ്രത്യേകതകളുമുണ്ട്. കൃത്രിമ പരാഗണത്തിലുടെ മാത്രമേ പഴങ്ങൾ വിളയിച്ചെടുക്കാൻ സാധിക്കുവെന്ന് പ്രമോദ് പറയുന്നു. പാകമാകുന്ന ഗാഗ് പഴങ്ങൾക്ക് ചുവപ്പ് നിറമാണ്. പുതിയ കായ്കൾക്ക് പച്ചയാണ് നിറം. പാകമാകുന്ന രണ്ടാം ഘട്ടത്തിൽ അത് മഞ്ഞയാകും. കുറച്ചു കൂടി പാകമാകുമ്പോഴേക്കും ഓറഞ്ച് നിറത്തിലെത്തും. കായയിൽ നിന്ന് ചെടിയിലേക്കുള്ള തണ്ടും ചുവന്ന് തുടങ്ങുന്നതോടെ പറിച്ചെടുക്കാം.

പുഴുക്കളുടെ ആക്രമണമാണ് ഗാഗ് പഴങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ ചിരട്ടയ്ക്ക് സമാനമായി പുറം തോടുള്ളതിനാൽ അകത്തേക്ക് കടക്കാൻ ഇവയ്ക്കാകില്ല. പുഴുക്കളെ തുരത്താൻ ജൈവ കീടനാശിനികളും പ്രമോദ് ഉപയോഗിക്കാറുണ്ട്. മികച്ച വിപണി മുല്യമുള്ള ഈ പഴത്തിന് ഒരണ്ണത്തിന് 1200 രൂപ വില വരും.

ഔഷധ ഗുണമുള്ള ഈ പഴം ത്വക്ക്, ഹൃദയം, കണ്ണ് എന്നീ അവയവങ്ങളുടെ പരിപാലനത്തിന് ഏറെ ഗുണകരമാണ്. വൈറ്റമിൻ സിയുടെ കലവറയായ ഗാഗ് ഫ്രൂട്ടിന്റെ രുചിയും വ്യത്യസ്തമാണ്. ഒരു ചെടിയിൽനിന്ന് വർഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ഒരേസമയം പച്ചക്കറിയായും പഴമായും ഈ ഫലം ഉപയോഗിക്കുന്നു. പഴം മുറിച്ചാൽ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകൾ കാണുക. ജ്യൂസായും സൂപ്പാക്കിയും ഇല തോരൻ കറിവെച്ചും ഉപയോഗിക്കാം.

 

Eng­lish Sum­ma­ry: Gag fruit is also grown in Alappuzha

You  may like this video also