Web Desk

കൊച്ചി

November 24, 2020, 8:31 am

ഗെയ്ൽ പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തു; മംഗലാപുരത്ത് പ്രകൃതി വാതക വിതരണം ഇന്ന് മുതൽ

Janayugom Online

ഗെയ്ൽ പൈപ്പ് ലൈൻ കമ്മിഷന്‍ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി — മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ ആണ് കമ്മിഷൻ ചെയ്തത്. കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സിന് (എംസിഎഫ് ) ഇന്ന് മുതൽ പ്രകൃതി വാതകം നൽകി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. എംആർപിഎൽ, ഒഎംപിഐ എന്നീ കമ്പനികൾക്ക് പ്രകൃതി വാതകം നൽകുന്നതിനുള്ള പണികൾ അന്തിമ ഘട്ടത്തിലാണ്.

കേരളത്തിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ വീടുകൾക്കും വാഹനങ്ങൾക്കും വ്യവസായശാലകൾക്കും ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകൾക്കും വാഹനങ്ങൾക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഖല (സിജിഡി) പൈപ്പ് ലൈൻ വിന്യാസം പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകും.
കൊച്ചി വൈപ്പിനിൽ 2013ൽ പൂർത്തിയാക്കിയ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽനിന്നാണ് പൈപ്പുലൈൻ ആരംഭിക്കുന്നത്. അത് പാലക്കാട് ജില്ലയിലെ കൂറ്റനാട്ടെ ജങ്ഷനിലെത്തും. ഇവിടെനിന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ മംഗളൂരുവിലേക്ക് ഒരു ലൈൻ നീങ്ങും.

രണ്ടാമത്തെ ലൈൻ പാലക്കാട് വഴി ബംഗളൂരുവിലേക്കും പോകും. ഭാരതപ്പുഴ, ചാലിയാർ, ഇരുവഴിഞ്ഞി, കുറ്റ്യാടി, ചന്ദ്രഗിരി, മംഗളൂരുവിലെ നേത്രാവതി നദികൾക്കടിയിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. വിദേശത്തുനിന്ന് പ്രകൃതിവാതകത്തെ ദ്രവരൂപത്തിലാക്കി (എൽഎൻജി) കപ്പലിൽ വൈപ്പിനിലെ ടെർമിനലിൽ എത്തിച്ച്, അതിനെ വാതകമാക്കി മാറ്റിയാണ് പൈപ്പിലൂടെ കടത്തിവിടുന്നത്. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവൻ ശേഷിയിൽ പ്രവർത്തിച്ചാൽ സംസ്ഥാനത്തിന് നികുതി വരുമാനമായി 500 മുതൽ 720 കോടിവരെ ലഭിക്കും.

ENGLISH SUMMARY:Gail com­mis­sioned the pipeline; Nat­ur­al gas sup­ply in Man­ga­lore from today
You may also like this video