Web Desk

കോട്ടയം

December 23, 2020, 8:55 pm

ഗെയില്‍ ഉദ്ഘാടനം അടുത്തമാസം; മുഖ്യമന്ത്രി

Janayugom Online

ഗെയിൽ പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. തീയതി പിന്നീട് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും തുടർ വികസന ചർച്ചകളും ലക്ഷ്യവച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടന യാത്രയുടെ രണ്ടാം ദിനത്തിൽ കോട്ടയത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇടത് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഒരിക്കലും പൂർത്തീയാക്കാനാവില്ലെന്ന് പറഞ്ഞ പല പദ്ധതികളും ഉണ്ടായിരുന്നു. അതിലൊരെണ്ണമായിരുന്നു ഗെയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് മാത്രമല്ല, പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങളും സർക്കാർ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സർക്കാരിനും ഇതുവരെ നേരിടേണ്ടി വരാത്ത പ്രതിസന്ധികളാണ് ഈ സർക്കാരിന് ഉണ്ടായത്. ഓഖിയും നിപ്പയും പ്രളയവും കോവിഡുമൊക്കെ ഗുരുതരമായ വിധത്തിൽ ബുദ്ധിമുട്ടിച്ചു. ആ സമയത്തൊന്നും നിസ്സഹായതയോടെ നോക്കി നിൽക്കുകയല്ല ഉണ്ടായത്. ഒരുമയും ഐക്യവുമാണ് കേരളത്തിലെ ജനങ്ങളുടെ പ്രത്യേകത. ഇതേ ഐക്യത്തോടെ പ്രതിസന്ധികളെ മറി കടക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പ്രളയത്തിന് ശേഷം നാടിനെ പുനർനിർമ്മിക്കേണ്ട അവസ്ഥ ഉണ്ടായി. ഇനി ഒരു ദുരന്തത്തിനും തകർക്കാനാക്കാത്ത വിധമുള്ള പദ്ധതികളാണ് നടപ്പിലാക്കിയത്.

വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, ജോസ് കെ മാണി എംപി, തോമസ് ചാഴിക്കാന്‍ എംപി, എംഎൽഎമാരായ സി കെ ആശ, സുരേഷ് കുറുപ്പ്, മാണി സി കാപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry; gail inagu­ra­tion pinarayi vijayan

You may also like this video;