22 April 2024, Monday

ധിഷണയുടെ ചൂടും ചൂരും

ബാബു കെ പന്‍മന
September 12, 2021 7:24 am

എഴുത്തിലും പഠന ഗവേഷണ പ്രവർത്തനങ്ങളിലും വിമോചനാത്മകവും സമാനതകളില്ലാത്തതുമായ ഇടപെടലുകൾ കൊണ്ട് ഇന്ത്യൻ അക്കാദമിക് രംഗത്തും കീഴാള ചരിത്ര ഗവേഷണ മേഖലയിലും സജീവ സാന്നിധ്യമായിരുന്ന ഗെയ്ൽ ഓംവെദ് വിടവാങ്ങി.
ലോകപ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞയും ദളിത് പക്ഷ ചിന്തകയും സൈദ്ധാധാന്തികയുമായിരുന്ന ഗെയ്ൽ ഓംവെദ്, ജ്യോതി ബഫൂലെ യുടെയും ലോഹ്യയുടെയും പെരിയാറിൻ്റെയും അംബേദ്ക്കറുടെയും തുടർച്ചയെന്നോണം ജാതി കേന്ദ്രിത ഇന്ത്യൻ ബ്രാഹ്മണിക് അധീശ വ്യവസ്ഥയെ സൈദ്ധാന്തിക തലത്തിൽ വിമർശന വിധേയമാക്കുകയും അടിസ്ഥാന ജനതയോടൊപ്പം ജീവിച്ച് പ്രവർത്തിക്കുകയും ചെയ്ത ആക്ടിവിസ്റ്റുമായിരുന്നു. വർഗ്ഗീയതയുടെയും ജാതി കുടിലതയുടെയും ക്രൗര്യം പേറുന്ന ഒരു ഭരണകൂടത്തിന് കീഴിൽ രാജ്യം അത്യന്തം ആപൽക്കരവും ആക്രമണോത്സു ക വുമായ സാമൂഹ്യ‑രാഷ്ട്രീയ സന്ദർഭത്തിലുടെ കടന്നുപോകുന്ന വേളയിലാണ് ഈ ലോകത്തു നിന്നുമുള്ള ഗെയിലിന്റെ മടക്കം. അതു കൊണ്ട് തന്നെ അവരുടെ ഓർമ്മകളുടെ തിളക്കവും മൂർച്ചയും ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.

gail 2

അമേരിക്കയിലെ മിനിയാപൊളിസിൽ 1941ൽ ജനിച്ച ഗെയ്ൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ അവകാശ സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ജനാധിപത്യാവകാശങ്ങൾക്കും ഭരണകൂടത്തിന്റെ വംശീയമായ പക്ഷപാതങ്ങൾക്കുമെതിരെ അമേരിക്കയിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ അവർ മുൻനിരക്കാരിയായി നിലകൊണ്ടു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ നടപടികൾക്കെതിരെ സർവ്വകലാശാല വിദ്യാർത്ഥികളും യുവജനങ്ങളും അണിനിരന്ന പ്രക്ഷോഭ സമരങ്ങളിലും ഗെയിലിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. 1963 ലാണ് ഗെയ്ൽ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നല്കി വരുന്ന ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിന് അർഹയായ അവർ ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യൻ — ആഫ്രിക്കൻ രാജ്യങ്ങളിലെ സാമ്രാജ്യത്വ അധിനിവേശവും ഭരണ നടപടികളും അതാതിടങ്ങളിൽ അവശേഷിപ്പിച്ച സാമൂഹികമായ അസമത്വങ്ങളും രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അരാജകത്വവും അടിസ്ഥാന ജനതയുടെ ജീവിത നിലവാരവും പഠനവിധേയമാക്കുകയായിരുന്നു ലക്ഷ്യം. ഏതു വിഷയത്തെയും ആഴത്തിലും അതിന്റെ സമഗ്രതയിലും മനസിലാക്കുകയെന്ന ധൈഷണിക സ്വഭാവം അവരുടെ പഠനങ്ങളെ വേറിട്ടതാക്കി. ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും എതിരായ ചെറുത്തു നിൽപ്പുകൾക്ക് ഊർജ്ജമായിത്തീരുന്ന ആശയ- വൈജ്ഞാനിക മണ്ഡലം രൂപപ്പെടുത്തുന്നതിൽ ഗെയിലിന്റെ സംഭാവനകൾ വളരെ വലുതാണ്.

1960കൾ മുതൽ 1970 വരെ ഇന്ത്യൻ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും 1976 ൽ മഹാത്മ ഫൂലെയെക്കുറിച്ചും പ്രത്യേക പഠനങ്ങൾ അവർ നടത്തി. 1873 മുതൽ 1930 വരെയുള്ള പടിഞ്ഞാറൻ ഇന്ത്യയിലെ കൊളോണിയൽ സമൂഹങ്ങളിലരങ്ങേറിയ സാംസ്ക്കാരിക വിപ്ലവങ്ങളെക്കുറിച്ചും ബ്രാഹ്മണേതര സാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ചും നടത്തിയ ഗവേഷണ ഫലങ്ങൾ സാമ്പ്രദായിക അക്കാദമിക് സങ്കല്പങ്ങളുടെ അതിർവരമ്പുകളെ ഭേദിക്കുന്നതായിരുന്നു.
ഇന്ത്യക്കാരനായ ഭരത് പട്നാകറെ വിവാഹം കഴിച്ച അവർ 1978 മുതൽ മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കുകയും ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു. അംബേദ്ക്കർ കാലഘട്ടത്തിന് മുമ്പ് 1900 മുതൽ 1930 കൾ വരെയുള്ള ദളിത് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനങ്ങളും പണ്ഡിത് അയോതി ദാസ്, രമാഭായ്, താരാഭായ്, പെരിയാർ എന്നിവരുടെ സംഭാവനകൾ ജാതി വിരുദ്ധ പോരാട്ടങ്ങളെ എങ്ങനെയാണ് ത്വരിതപ്പെടുപ്പെടുത്തിയതെന്ന നിരീക്ഷണങ്ങളും അക്കാദമിക് ലോകത്തിന് പുത്തൻ ദിശാബോധം നല്കി. ഇന്ത്യൻ ഫെമിനിസ്റ്റ് പ്രസ്ഥാനം കൈവിട്ട ജാതി മേൽക്കോയ്മയുടെയും ലിംഗനീതിയുടെയും പഠനമേഖലകളെ തന്റെ സവിശേഷ നിരീക്ഷണങ്ങളാൽ അവർ സമ്പന്നമാക്കി. ഡോ: അജയ് ശേഖർ, ഗെയിലിനെ വിലയിരുത്തുന്നത് ശ്രദ്ധേയമാണ്.

omhdt

 

“ഇന്ത്യൻ സമൂഹത്തിലെ കീഴാള ജീവിതത്തെ ആഴത്തിൽ പഠിക്കുകയും അടിസ്ഥാന ജനവിഭാഗത്തോടൊപ്പം ജീവിക്കുകയും ചെയ്ത ജൈവ ബുദ്ധിജീവിയായിരുന്നു ഗയിൽഓംവെദ്. വർഗ്ഗ ബന്ധങ്ങൾക്കും ലിംഗ ബന്ധങ്ങൾക്കുമുപരി വംശീയ വേർതിരിവിന്റെ അപകടം തിരിച്ചറിഞ്ഞതാണവരുടെ സവിശേഷത. അവർ അമേരിക്കയുടെ ഏജന്റായിരുന്നില്ല; ആധുനികതയുടെ ഏജന്റായിരുന്നു.”
മികച്ച പ്രഭാഷകയും ഗ്രന്ഥകാരിയുമായിരുന്നു ഗെയ്ൽ ഓംവെദ്. രണ്ട് ഡസനിലധികം പുസ്തകങ്ങൾ അവരുടേതായിട്ടുണ്ട്. നെഹ്രു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയിലെ സീനിയർ ഫെലോ ആയിരുന്ന അവർ തന്റെ ഭർത്താവിനോടൊപ്പം ശ്രമിക് മുക്തി ദൾ എന്ന സംഘടനയ്ക്കും പൂനെ സർവ്വകലാശാലയിലെ ഫൂലെ ‑അംബേദ്ക്കർ ചെയറിന്റെ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കി. പക്ഷേ അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അവരുടെ പ്രവർത്തനങ്ങളെയും സംഭാവനകളെയും മുഖ്യധാരാ അക്കാദമികലോകവും ഭരണ സംവിധാനങ്ങളും അർഹതപ്പെട്ട രീതിയിൽ പരിഗണിച്ചില്ലായെന്ന ദു:ഖകരമായ വസ്തുത നിലനിൽക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.