Web Desk

കൊച്ചി:

January 05, 2021, 5:05 pm

ഗെയിൽ: ഇടതുമുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയുടെ നേട്ടം

Janayugom Online

ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈനിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത് 2010‑ലാണ്. കൊച്ചി എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010‑ൽ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോൾ അന്നത്തെ സർക്കാർ പിൻവാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുൻ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവൻ പ്രവൃത്തികളും ഗെയിൽ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതൽ മുടക്കിൽ പുതുവൈപ്പിനിൽ സ്ഥാപിച്ച എൽഎൻജി ടെർമിനൽ കേന്ദ്ര സർക്കാരിന് വലിയ ബാധ്യതയായി മാറി.

2016‑ൽ ഇടതുമുന്നണി സർക്കാർ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനർജീവൻ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്ററാണ് പൈപ്പിടാൻ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെൻറിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീട് വെയ്ക്കാൻ സൗകര്യം നൽകി. അവർക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നൽകി. വിളകൾക്ക് നഷ്ടപരിഹാരം ഉയർത്തി.
സ്ഥലമേറ്റെടുക്കൽ, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാർക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാൻ സർക്കാർ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങൾ നീക്കാൻ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിൻറെയൊക്കെ ഫലമായി സർക്കാരിൻറെ ആദ്യ ആയിരം ദിവസങ്ങൾക്കകം 330 കിലോമീറ്റർ പൈപ്പ് ലൈനിടാൻ കഴിഞ്ഞു. വിജയകരമായ കേരള മാതൃകയിൽ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങൾ.

കേരളത്തിൽ ഈ സർക്കാരിൻറെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിൻറെ പ്രധാന ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പദ്ധതി പൂർത്തിയാക്കിയതിന് കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ സംഭാവനയാകും. ഒന്നിച്ചു നിന്നാൽ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ഗെയിൽ പദ്ധതി 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: പ്രകൃതി സൗഹൃദപരമായ ഇന്ധനം സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. സിഎൻജി ഇന്ധനം വ്യാപകമായി ലഭ്യമാക്കും.
പൈപ്പു വഴി നേരിട്ട് അടുക്കളയിലേക്ക് ഇന്ധനം എത്തിക്കും. മണ്ണെണ്ണയുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കും. ടാങ്കർ അപകടങ്ങൾ കുറയും. റോഡ് സുരക്ഷ വർദ്ധിക്കും. 980 കോടിയുടെ നികുതിവരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഒരു രാജ്യം ഒരു ഗ്യാസ് ഗ്രിഡ് ആണ് ലക്ഷ്യം. 700 സിഎൻജി സ്റ്റേഷനുകൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജുഭായ് വാല, കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പരിപാടിയിൽ സംബന്ധിച്ചു.
ENGLISH SUMMARY: gail project left govt
YOU MAY ALSO LIKE THIS VIDEO