ആലപ്പുഴയിലും നാശം വിതച്ച് ‘ഗജ’; കനത്ത മഴക്ക് സാധ്യത

Web Desk
Posted on November 18, 2018, 10:11 am

ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം. തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്, മണപ്പുറം, തേവർവട്ടം, നഗരി, പൈനുങ്കൽ, ചിറക്കൽ, എലിക്കാട്,പൂച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ് വീശിയത്.

വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ രണ്ട് ദിവസമായി ഇരുട്ടിലാണ്. വൃക്ഷങ്ങൾ വൈദ്യുതി കമ്പികളിലേക്ക് വീണതിനെ തുടർന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. വൈദ്യുതി തകരാർ പരിഹരിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ്  അധികൃതർ അറിയിച്ചത്.

കടപുഴകി വീണ വൃക്ഷങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റുന്ന ശ്രമങ്ങളി‍ തുടരുകയാണ്. ചുഴലിക്കാറ്റില്‍ നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. വൃക്ഷങ്ങൾ കടപുഴകി വീണാണ് വീടുകൾ തകർന്നത്.

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാളെ വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി മധ്യകേരളത്തിലൂടെ അറബിക്കടലിലേക്ക് സഞ്ചരിച്ചു തുടങ്ങിയ ഗജ വീണ്ടും ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. അതിനാല്‍ 20 വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ട്.