28 March 2024, Thursday

Related news

February 26, 2024
July 28, 2023
April 29, 2023
April 25, 2023
March 23, 2023
March 4, 2023
March 3, 2023
December 30, 2022
December 30, 2022
December 28, 2022

വേണ്ടത് ജീവനെടുക്കുന്ന മരുന്നുകള്‍ക്കെതിരെ നടപടി

പ്രത്യേക ലേഖകന്‍
October 11, 2022 5:45 am

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പഴയപോലെ പ്രായപരിധിയില്ലെന്നാണ് ആധുനികകാലം നമ്മെ പഠിപ്പിക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് കുഞ്ഞെന്നോ വൃദ്ധരെന്നോ ഉള്ള വേര്‍തിരിവില്ലാതായിരിക്കുന്നു. പിറന്നുവീഴുന്നതുതന്നെ ഒരുപാട് രോഗങ്ങളോടെയാകുന്ന അവസ്ഥയും ഇപ്പോള്‍ നമ്മെ അമ്പരപ്പിക്കുന്നു. എങ്കിലും ആരോഗ്യകരമായ ജീവിതം കൊണ്ട് ആശുപത്രികളെ അകറ്റാമെന്ന ധാരണയിലെത്താന്‍ പലരും തയാറാകുന്നില്ല. സമഗ്ര ആരോഗ്യ പദ്ധതികള്‍ക്കായി ഭരണകൂടങ്ങള്‍ പല പരിപാടികളും നടപ്പാക്കുന്നുണ്ടെങ്കിലും അതില്‍ പങ്കാളികളാവേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന മട്ടാണ് മഹാഭൂരിപക്ഷത്തിനും. അതേസമയം പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും അത് സമൂഹത്തെ ഒന്നടങ്കം ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ പഴി സര്‍ക്കാരുകള്‍ക്കാകും. എന്നാല്‍ മരുന്ന് വില്പനയുടെ നിയന്ത്രണമില്ലായ്മ മനുഷ്യജീവനെടുക്കുമ്പോള്‍ സര്‍ക്കാരുകള്‍ കാഴ്ചക്കാരന്റെ റോളിലാകുന്നത് അക്ഷന്തവ്യമായ കുറ്റമാണ്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീണതിനുകാരണം ചുമയ്ക്കും ജലദോഷത്തിനും കഴിച്ച മരുന്നുകളാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ഈയടുത്താണ്. 66 കുട്ടികളാണ് മരിച്ചത്. ലോകത്തിന്റെ മറ്റൊരുകോണിലല്ലേ എന്ന് തള്ളിക്കളയാന്‍ വരട്ടെ. സംഭവത്തിന്റെ അന്വേഷണം എത്തിനിന്നത് ഇന്ത്യന്‍ മരുന്നു കമ്പനികളിലാണ്. ജൂലൈ അവസാനത്തോടെയാണ് ഗാംബിയയില്‍ അഞ്ച് വയസിനുതാഴെയുള്ള കുട്ടികളില്‍ വൃക്ക രോഗം കൂടുതലായി പടരുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നുമുതല്‍ അഞ്ച് ദിവസം കൊണ്ടാണ് കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടത് എന്നതിനാലാണ് ഇവരില്‍ പ്രത്യേകം ശ്രദ്ധയൂന്നിയത്. കൂടുതല്‍ പരിശോധനയില്‍ തീവ്രമായ വൃക്കരോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചുമ, ജലദോഷം എന്നിവയ്ക്കായി മരുന്നുകള്‍ കഴിച്ചവരിലായിരുന്നു വൃക്കരോഗം. പ്രൊമേത്തസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്, മേക്കോഫ് ബേബി കഫ് സിറപ്, മാഗ്രിപ് എന്‍ കോള്‍ഡ് സിറപ് എന്നീ മരുന്നുകളാണ് കുട്ടികള്‍ കഴിച്ചത്.


ഇതുകൂടി വായിക്കൂ: ഇന്ത്യക്ക് ആവശ്യം ആരോഗ്യസംരക്ഷണ രംഗത്തെ വിപ്ലവം


ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനി നിര്‍മ്മിച്ചവയാണ് ഈ നാല് മരുന്നുകളും. ഗാംബിയ ആരോഗ്യമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ മരുന്നുകളിലെ വിഷാംശവും സ്ഥിരീകരിച്ചു. ഏറ്റവും അപകടകാരികളായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മരുന്ന് നിര്‍മ്മിക്കുന്നതിന് അനുമതി ഉള്ള കമ്പനിയാണ് ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നാണ് കണ്ടെത്തിയത്. ഇക്കാര്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നതും ഗാംബിയയിലെ ഭരണകൂടവും അന്വേഷണ ഏജന്‍സിയുമാണ്. അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍, എഥിലിന്‍ ഗ്ലൈകോള്‍ എന്നിവ സിറപ്പില്‍ കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയത്. കൂടുതല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ എല്ലാരാജ്യങ്ങളോടും ഈ മരുന്നുകളുടെ സ്‌റ്റോക്കുകള്‍ ഉണ്ടോ എന്ന് ഊര്‍ജിതമായി പരിശോധിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ ഒരുകാലത്ത് വിദേശ കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന മരുന്നുകളുടെ പരീക്ഷണശാലയായിരുന്നു. ഇവിടങ്ങളില്‍ പരീക്ഷിച്ച് വിജയിക്കുന്ന മരുന്നുകള്‍ മറ്റ് രാജ്യങ്ങളില്‍ വില്പന നടത്തുന്നതായിരുന്നു രീതി. ഗിനിപന്നികളെന്ന മട്ടിലായിരുന്നു ഇന്ത്യയിലേതടക്കം ആളുകളെ കമ്പനികള്‍ കണ്ടിരുന്നത്.

പിന്നീട് ഇന്ത്യന്‍ ഭരണകൂടം ശ്രദ്ധചെലുത്തുകയും മരുന്ന് പരീക്ഷണങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഇതോടെ സുരക്ഷാച്ചട്ടം പാലിക്കാതെയും ഗുണനിലവാരം ഉറപ്പുവരുത്താതെയുമുള്ള പരീക്ഷണങ്ങള്‍ക്ക് ഒരു പരിധിവരെ അറുതിയായി. ഇന്ന് അതേ ഇന്ത്യക്കെതിരെയാണ് ഗാംബിയയിലെ കുരുന്നു ജീവനുകള്‍ ചോദ്യചിഹ്നമുയര്‍ത്തുന്നത്. ഇത് ഗാംബിയയിലെ കാര്യം മാത്രമായി കാണാനാവില്ലെന്ന ലോകാരോഗ്യ സംഘടനയുടെ സംശയം രണ്ട് വര്‍ഷം മുമ്പ് ജമ്മു കശ്മീരിലെ ഉധംപുരിലെ 12 കുഞ്ഞുങ്ങളുടെ മരണത്തെ സംശയത്തിന്റെ നിഴലിലാക്കുന്നു. ഗാംബിയയില്‍ കണ്ടെത്തിയ ഡൈതലീന്‍ ഗ്ലൈകോളിന്റെ അംശമാണ് ഉധംപുരിലെ കുട്ടികളിലും അന്ന് കണ്ടെത്തിയത്. മൊഹാലിയിലെ ബി ആര്‍ അംബേദ്കര്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ ഭവനീത് ഭാരതി ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.


ഇതുകൂടി വായിക്കൂ:  മാരക ലഹരിക്കെതിരെ ജനകീയ യുദ്ധം


ഉധംപുര്‍ സംഭവത്തെത്തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ഡിജിറ്റല്‍ വിഷന്‍ കമ്പനിയുടെ ല്പാദന യൂണിറ്റുകള്‍ അടച്ചുപൂട്ടിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കമ്പനിയുടെ ലൈസന്‍സും പിന്നീട് റദ്ദാക്കി. ഇപ്പോള്‍ ലോകാരോഗ്യ സംഘടന ഇന്ത്യന്‍ കമ്പനിക്കെതിരെ നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ നാടിന്റെ അഭിമാനം കളയുന്നതാണ്. ആരോപണ വിധേയമായ കമ്പനി ഇതുവരെ നടത്തിയ കയറ്റുമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. സ്വകാര്യ കമ്പനികളെ സര്‍വസ്വാതന്ത്ര്യവും നല്‍കി വളര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കു് ഈ വിഷയത്തില്‍ വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ലോകത്തോട് മറുപടി പറയാനുള്ള ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിനുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഇടപെടലോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് ശരിയായ രീതിയില്‍ പൂര്‍ത്തിയായില്ലെങ്കില്‍ അപകടം ഗൗരവമേറിയതാവും. കുത്തകകള്‍ക്ക് കണ്ണുംകയ്യുമില്ലാതെ പ്രോത്സാഹനം നല്കുന്ന ഭരണകൂടം ഇതില്‍ എത്രമാത്രം ആത്മാര്‍ത്ഥത കാണിക്കുമെന്ന് കണ്ടറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.