ആദായ നികുതിയില്‍ പ്രത്യക്ഷത്തില്‍ ഇളവു വരുത്തി കണക്കിലെ കളിയുമായി ധനമന്ത്രി. നിലവിലുള്ള സ്ലാബുകള്‍ അതേപടി തുടരുമ്പോഴാണ് പുതിയ സ്ലാബ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നികുതി നിര്‍ദ്ദേശ പ്രകാരം ആദായ നികുതി നിരക്കുകള്‍ ഇത്തരത്തിലാണ്. രണ്ടര ലക്ഷംവരെ നിലവില്‍ നികുതിയടക്കേണ്ട. രണ്ടര മുതല്‍ അഞ്ചു ലക്ഷം വരെ അഞ്ച് ശതമാനം ആയിരുന്നത് ഒഴിവാക്കി. 5–7.5 ലക്ഷം വരെ 20 ശതമാനം 10 ശതമാനമാക്കി കുറച്ചു.
7.5–10 ലക്ഷംവരെ 20 ശതമാനം 15 ആയും 10–12.5 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 30 ശതമാനം നികുതിയുണ്ടായിരുന്നത് 20 ശതമാനമായും 12.5–15 ലക്ഷം വരെയുള്ളവര്‍ക്ക് 30 ശതമാനമെന്നത് 25 ശതമാനമായും കുറച്ചു. 15 ലക്ഷത്തിനു മുകളില്‍ വരുമാനക്കാര്‍ക്ക് 30 ശതമാനം നികുതി തുടരും. എന്നാല്‍ പുതിയ സ്ലാബ് സംവിധാനം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ടാക്സില്‍ കുറവുണ്ടെന്നു പറയുമ്പോള്‍ പോലും പി എഫ്, പെന്ഷന് സ്കീം, ഇന്‍ഷുറന്‍സ്, ഭവന വായ്പയുടെ പലിശ തുടങ്ങിയവയ്ക്ക് നികുതി ഇളവുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ നികുതി ഇളവുകള്‍ പുതിയ സ്ലാബില്‍ ഉണ്ടാകില്ല. സ്റ്റാന്‍ഡേർഡ് റിഡക്ഷനും ഇല്ലാതാക്കി.
ഇതോടെ പഴയ നികുതി സ്ലാബില്‍നിന്നും പുതിയ സ്ലാബിലേക്കു മാറുമ്പോള്‍ നികുതി ദായകര്‍ക്ക് നഷ്ടമാണ് സംഭവിക്കുക. നികുതി ഇളവ് നൂറോളം ഐറ്റങ്ങള്ക്കുണ്ടായിരുന്നത് 30 ആക്കി കുറയ്ക്കുകയും ചെയ്തു. ഈ 30 ഐറ്റങ്ങളും ഇല്ലാതാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സ്ലാബിലൂടെ 40000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. പുതിയ സ്ലാബിലോ പഴയ സ്ലാബിലോ നികുതി ദായകര്‍ക്ക് നികുതിയൊടുക്കാം. പുതിയ നികുതി സംവിധാനം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.