നര്‍മ്മം മേമ്പൊടിയാക്കി ഗാനഗന്ധര്‍വ്വന്‍

Web Desk
Posted on October 13, 2019, 10:28 am

വി പി അശ്വതി

വര്‍ഷങ്ങളായി ഗാനമേള ട്രൂപ്പുകളില്‍ ജനപ്രിയ ഗാനങ്ങള്‍ അവതരിപ്പിക്കുന്ന കലാഭവന്‍ ഉല്ലാസെന്ന ഗായകന്റെ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ നര്‍മ്മത്തിന്റെ മേമ്പൊടി തൂകി അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍.’ ഹാസ്യ കലാകാരനെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനായ രമേശ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രവുമായി കഴിഞ്ഞവര്‍ഷമാണ് രമേശ് സംവിധാന രംഗത്തേക്ക് ചുവടു വെച്ചത്. പിഷാരടിക്കൊപ്പം ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

നൊസ്റ്റാള്‍ജിക് പശ്ചാത്തലം
വര്‍ഷത്തിലേറെയായി കേരളത്തിലുടനീളവും വിദേശരാജ്യങ്ങളിലും ഗാനമേള നടത്തുന്ന ഗ്രൂപ്പിലെ സജീവ ഗായകനാണ് കലാഭവന്‍ ഉല്ലാസ്. എണ്‍പതുകളിലെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ കഥ പറയുന്നത് എന്നതുകൊണ്ടുതന്നെ സിനിമ നിര്‍മ്മാണത്തിലെ നവ സാങ്കേതിക വിദ്യകളും നവീന കാഴ്ചപ്പാടുകളും വച്ച് അളന്നു നോക്കേണ്ട ആവശ്യം വരുന്നില്ല. സ്ഥിരമായി അമ്പലമുറ്റങ്ങളിലെ ഗാനമേളകള്‍ കണ്ടും കേട്ടും ആസ്വദിച്ചും ഗായകനോട് പ്രണയം തോന്നുന്ന പെണ്‍കുട്ടി വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് കണ്ട് അയാളോടൊപ്പം ഇറങ്ങിപ്പോകുകയും തട്ടിമുട്ടി കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നതാണ് കഥ. സംഗീതത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഗായകന്‍ ഉല്ലാസിനെ നാട്ടുകാരും കൂട്ടുകാരും കളിയാക്കി വിളിക്കുന്ന പേരാണ് ഗാനഗന്ധര്‍വ്വന്‍.
സാമ്പത്തിക നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കതയോടെ സംഗീതത്തെ അകംനിറഞ്ഞു സ്‌നേഹിക്കുന്ന ആരോടും യാതൊരു പരിഭവവുമില്ലാതെ സ്ഥിരോത്സാഹത്തോടെയും സന്തോഷത്തോടെയും ഓരോ ദിവസത്തെയും അഭിമുഖീകരിക്കുന്ന അങ്ങേയറ്റം പോസിറ്റീവായ മനുഷ്യനായി മമ്മൂട്ടി ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. ‘ഉണ്ട’യ്ക്ക് ശേഷം വീണ്ടും മണ്ണില്‍ കാല്‍തൊട്ടുനില്‍ക്കുന്ന കഥാപാത്രമായി മമ്മൂട്ടിയെ കാണുന്നത് തന്നെ പ്രേക്ഷകര്‍ക്ക് ആശ്വാസമാവുകയാണ്. വാത്സല്യവും അരയന്നങ്ങളുടെ വീടുമൊക്കെ ഓര്‍മ്മിക്കാന്‍ വഴിയൊരുക്കുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’.

ജീവിതത്തിന്റെ കറുപ്പും വെളുപ്പും

സത്യം പറഞ്ഞാല്‍ വലിയ നാട്യങ്ങള്‍ ഒന്നുമില്ലാത്ത മനോഹരമായ ഒരു ചെറിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ജീവിതം കയ്യില്‍ വച്ചു തരുന്ന എന്തിനെയും പുഞ്ചിരിയോടെ സ്വീകരിക്കണമെന്ന വലിയൊരു സന്ദേശമാണ് ഗാനഗന്ധര്‍വ്വന്‍ പങ്കുവയ്ക്കുന്നത്. പ്രണയിച്ചു കൂടെ പോന്ന ഭാര്യയും മകളുമടക്കം സാമ്പത്തിക പരാധീനതകളുടെ പേരില്‍ കുറ്റപ്പെടുത്തുമ്പോഴും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിലുപരി സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ജീവിതത്തോടുള്ള പോസിറ്റീവ് സമീപനവുമായി ഉറച്ച നിലപാടുമായി മുന്നോട്ട് പോവുകയാണ് ഉല്ലാസ്.
കഥാപരിസരവും ചലച്ചിത്ര നിര്‍മ്മാണ സമീപനവും ഒക്കെ പഴഞ്ചന്‍ ആണെന്ന് തോന്നുമെങ്കിലും സത്യസന്ധമായ ജീവിതത്തിന്റെ തുടിപ്പുകള്‍ ഉള്ളതുകൊണ്ടാണ് ഗാനഗന്ധര്‍വ്വനെ കുടുംബ പക്ഷകര്‍ ഹൃദയത്തിലേറ്റു വാങ്ങുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മ്മത്തില്‍ ചാലിച്ച് പരിസരമൊരുക്കാന്‍ പിഷാരടി ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ബോധപൂര്‍വ്വം ശ്രമിച്ചതുകൊണ്ട്തന്നെ ചിലപ്പോഴൊക്കെ നര്‍മ്മം പാളിപ്പോകുന്നുമുണ്ട്. ജാതകപ്രകാരം മൂന്ന് കല്യാണം കഴിക്കുന്ന ആളായാണ് മമ്മൂട്ടിയുടെ ഉല്ലാസിനെ അവതരിപ്പിക്കുന്നത്. ചെറുപ്പത്തില്‍ മുടി നീട്ടി വളര്‍ത്തി ചെമ്പിപ്പിച്ചും പിന്നീട് മുടിയൊക്കെ വെട്ടിയൊതുക്കി ഗൗരവക്കാരനായും തുടര്‍ന്ന് മധ്യവയസ്‌കനായും മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് മമ്മൂട്ടി ഗാനഗന്ധര്‍വ്വനിലെത്തുന്നത്.
പുതുമുഖ നടി വന്ദിത മനോഹരനാണ് മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം ചെയ്തത്. ഗാനമേള ട്രൂപ്പിന്റെ മാനേജര്‍ ജേക്കബ് എന്ന കഥാപാത്രത്തെ ഏറെ സ്വാഭാവികമായും അനായാസമായും അവതരിപ്പിച്ചത് മോഹന്‍ ജോസാണ്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, സുനില്‍ സുഗദ, മണിയന്‍പിള്ള രാജു, മുകേഷ്, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സിദ്ദിഖ്, സിന്ദു വര്‍മ്മ, സ്‌നേഹ ബാബു അങ്ങനെ വലിയൊരു താരനിര തന്നെയുണ്ട് ഗാനഗന്ധര്‍വ്വനില്‍. എല്ലാത്തിനുമുപരി പഴുതുകളടച്ചുണ്ടാക്കിയ ശക്തമായ തിരക്കഥയാണ് ഗാനഗന്ധര്‍വനെ താങ്ങിനിര്‍ത്തുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് സമൂഹത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെ എങ്ങനെ നിയമത്തിന് കീഴില്‍ കൊണ്ടുവരാം എന്നതും വിവാഹ നിയമത്തിന്റെ നൂലാമാലകളുമടക്കം സങ്കീര്‍ണമായ നിയമവശങ്ങള്‍ വളരെ ഭംഗിയായി ഗാനഗന്ധര്‍വ്വന്റെ തിരക്കഥയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
ഗായകന്റെ കഥ പറഞ്ഞ ചിത്രത്തില്‍ പ്രതീക്ഷിച്ചപോലെ തനതു വ്യക്തിത്വമുള്ള ഗാനങ്ങള്‍ ഇല്ലാതെ പോയി എന്നത് ഗാനഗന്ധര്‍വ്വനിലെ കുറവായി കാണാം, ആള്‍ക്കൂട്ടം അഭിനയിച്ചിട്ടും അഴകപ്പന്റെ ക്യാമറ ആവശ്യമുള്ളതുമാത്രം കണ്ടെടുക്കാന്‍ ശ്രമിച്ചത് അഭിനന്ദനാര്‍ഹമാണ്.