കവുങ്ങ് കയറാന്‍ നൂതന യന്ത്രവുമായി ഗണപതി ഭട്ട്

Web Desk
Posted on June 19, 2019, 11:09 pm

ബദിയടുക്ക: കവുങ്ങ് കയറാന്‍ നൂതന യന്ത്രവുമായി ബണ്ട്വാള്‍ കോണാലെ സ്വദേശിയായ കര്‍ഷകന്‍ ഗണപതി ഭട്ട്. കവുങ്ങില്‍ കയറാന്‍ തൊഴിലാളികളെ കിട്ടാത്ത സഹചര്യത്തില്‍ കവുങ്ങില്‍ കയറാന്‍ പറ്റുന്ന യന്ത്രം സ്വയം വികസിപ്പിച്ചെടുത്തതാണ് ഇദ്ദേഹം. പരമ്പരാഗത കര്‍ഷകനായ ഗണപതി ഭട്ട് 48 ാം വയസ്സിലും കൃഷിയില്‍ നൂതന രീതികള്‍ പരീക്ഷിച്ച് വരുന്നു. ജൈവിക കൃഷി രീതിയുടെ പരാമ്പരഗത അറിവ് കാലത്തിനസരിച്ച് മണ്ണില്‍ പ്രയോഗിക്കുന്ന ഇദ്ദേഹത്തിന്റെ കൃഷി ഭൂമിയിലെ കവുങ്ങുകളെ മഞ്ഞളിപ്പ് രോഗവും വേര് ചീയലും ബാധിച്ചിട്ടില്ല. ഒരു വിളവെടുപ്പ് കാലത്ത് പത്തോളം കുലകള്‍ ലഭിക്കുന്ന കവുങ്ങില്‍ നിന്ന് പഴുപ്പെത്തിയ കുലകള്‍ പറിച്ചെടുക്കണമെങ്കില്‍ അഞ്ച് തവണ തൊഴിലാളികളെ തേടണം. ഈ സഹാചര്യത്തിലാണ് കവുങ്ങില്‍ കയറാനുള്ള നൂതന യന്ത്രം വികസിപ്പിച്ചെടുത്തതെന്ന് ഗണപതി ഭട്ട് പറഞ്ഞു.

പെട്രോളില്‍ ഓടുന്ന കവുങ്ങ് കയറ്റ യന്ത്രത്തിന്റെ പ്രത്യേകത ബൈക്ക് പോലെ അതിവേഗം കുതിച്ചെത്താമെന്നതാണ്. കവുങ്ങിന്റെ അടിഭാഗത്ത് യന്ത്രം ഘടിപ്പിച്ച് ചാരി ഇരുന്നാല്‍ ബൈക്കില്‍ പോകുന്നതാണെന്നേ തോന്നു. രണ്ട് എച്ച് പി ശേഷിയുള്ള ഈ യന്ത്രത്തിന് 70കിലോ ഭാരം താങ്ങാനുള്ള ശേഷിയുണ്ട്. ഒരു ലിറ്റര്‍ പെട്രോളടിച്ചാല്‍ 70മുതല്‍ 80 കവുങ്ങുകള്‍ വരെ കയറാന്‍ സാധിക്കും. കര്‍ഷകര്‍ക്ക് 75,000രൂപയ്ക്ക് യന്ത്രം വില്‍പ്പന നടത്തുമെന്നും, യന്ത്രത്തെ കുറിച്ച് വിശദമായി പരിചയപ്പെടുത്തുമെന്നും ഗണപതി ഭട്ട് പറഞ്ഞു. ആവശ്യക്കാര്‍ക്ക് 9632774159 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

YOU MAY LIKE THIS VIDEO