Monday
18 Feb 2019

ഗാന്ധിവധം: പുനരന്വേഷണം അനാവശ്യം- തുഷാര്‍ ഗാന്ധി

By: Web Desk | Friday 2 February 2018 10:04 PM IST

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തില്‍ ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി സംസാരിക്കുന്നു

ഗാന്ധിയുടെ കൊലയ്ക്ക് പിന്നിലെ അന്വേഷണം അനാവശ്യമാണെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രനും ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായ തുഷാര്‍ അരുണ്‍ ഗാന്ധി പറഞ്ഞു. ഗാന്ധി വധിക്കപ്പെട്ടതിനുശേഷം 70 വര്‍ഷം കടന്നുപോയി. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവാസ്തവങ്ങളെ അടിച്ചമര്‍ത്താനാണ് കോടതിയെ സമീപിച്ചത്.

തെറ്റായ വാര്‍ത്തകളും അസത്യങ്ങളുമാണ് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത്. വിവരം അറിയിക്കുക എന്ന ദൗത്യത്തിനപ്പുറം വികാരങ്ങളേയും വിദ്വേഷത്തെയും ആളിക്കത്തിക്കുക എന്ന രീതിയിലേക്ക് മാധ്യമങ്ങള്‍ എത്തിയിരിക്കുന്നു. വാസ്തവങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശക്തമായ ഉപാധിയായിരുന്നു മഹാത്മാഗാന്ധിക്ക് പത്രങ്ങളെന്ന് തുഷാര്‍ഗാന്ധി പറഞ്ഞു. ലാളിത്യമായിരുന്നു ഗാന്ധിജിയുടെ ആശയവിനിമയത്തെ മഹത്തരമാക്കിയത്. പ്രവര്‍ത്തനങ്ങളിലൂടെ സന്ദേശങ്ങളും ആശയങ്ങളും കൈമാറിയ ബാപ്പു പ്രവര്‍ത്തികള്‍ക്ക് വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്ന് കണ്ടെത്തിയ മഹാത്മാവായിരുന്നു. ഗാന്ധിയുടെ രക്തസാക്ഷിത്യത്തിന്റെ 70-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ മഹാത്മാഗാന്ധി പത്രാധിപരും പത്രപ്രവര്‍ത്തകനും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു തുഷാര്‍ ഗാന്ധി.

ഗാന്ധിയുടെ പത്രത്തില്‍ പരസ്യത്തിനിടം ഉണ്ടായിരുന്നില്ല. പത്രത്തിലെ ഇടം വായനക്കാര്‍ക്കുള്ളതാണ് എന്നു വിശ്വസിച്ചു ഗാന്ധി. എന്നാല്‍ ഇങ്ങനെ പ്രസിദ്ധീകരണങ്ങളുടെ ഹൃദയമാണ് പരസ്യങ്ങള്‍. ഭയാരഹിതമായി മുറിച്ചുകളയുന്ന വാര്‍ത്തായിടങ്ങളില്‍ പരസ്യം കയറി വരുന്നതാണ് പുതിയ പ്രവണത. പരസ്യമില്ലാതെ പ്രസിദ്ധീകരണങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല എന്നതാണ് വാസ്തവം.

എല്ലാ ബ്രാഹ്മണരും കൂടി മഹാത്മാവിനെ കൊലചെയ്തു എന്നാല്‍, ബാപ്പുവിനെ കൊലചെയ്യണമെന്നാവശ്യപ്പെട്ടവരെല്ലാം ബ്രാഹ്മണരായിരുന്നു എന്നാണ് തന്റെ വാദമെന്ന് തുഷാര്‍ ഗാന്ധി വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബാപ്പുവിന്റെ മരണം സംഭവിച്ച കാലത്തെ സാഹചര്യങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നു. എന്നാല്‍ വെടിയുണ്ടകള്‍ ഏറ്റുവാങ്ങാന്‍ ബാപ്പുവില്‍. ഗാന്ധിക്കെതിരെയുള്ള പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുന്നു.

മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ഭാഷാപത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ജനാഭിപ്രായം സ്വരൂപിക്കുന്നത്. അഭിപ്രായപ്രകടനത്തിനും വിശകലനത്തിനും ഡിജിറ്റല്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം പറഞ്ഞു. വിശകലനം ചെയ്യാനുള്ള വിവേചനശേഷി നഷ്ടപ്പെട്ട ജനലക്ഷങ്ങള്‍ അബദ്ധസന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്തുകൊണ്ട് നുണയന്‍മാരായിക്കൊണ്ടിരിക്കയാണ്.
കൊളോണിയല്‍ കാലത്തെ സംവിധാനമാണ് ഇപ്പോഴും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ഉള്ളത്. ഇതില്‍ നിന്നും പുറത്തുവരാനുള്ള രക്ഷാമാര്‍ഗങ്ങള്‍ ഭരണഘടനയിലുണ്ട്.
ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വിവിധ വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദം കേള്‍ക്കപ്പെടണം. ബഹുസ്വരതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി.

ഗാന്ധിയുടെ കൊലയ്ക്കുപിന്നിലെ പുനരന്വേഷണം അനാവശ്യമാണ്. ബാപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവാസ്തവങ്ങളെ അടിച്ചമര്‍ത്താനാണ് കേസുകൊടുത്തത്. മൂന്നു വെടിയുണ്ടകളാണ് ബാപ്പുവിന്റെ ശരീരത്തില്‍ തറച്ചത്. മൂന്നു മുറിവുകളുമുണ്ടായിരുന്നു. ഒരു വെടിയുണ്ട പുറത്തേക്ക് തെറിച്ചു. മറ്റൊന്ന് വസ്ത്രത്തില്‍ തങ്ങിനിന്നു. മൂന്നാമത്തേത് ചിതയില്‍ നിന്നും കണ്ടെടുത്തു. ഭൗതികശരീരത്തില്‍ വിതറിയ റോസാദളമാണ് നാലാമത്തെ മുറിവായി സംശയിക്കപ്പെടുന്നത്. ജോണ്‍ ഓഫ് കെന്നഡിയുടെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ ഇടവേളകളില്‍ പുറത്തുവരുന്ന തിയറികള്‍ ബിസിനസിന്റെ ഭാഗമാണ്. വധവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, സിനിമകള്‍ എല്ലാം ഭാവനാസൃഷ്ടികളാണ്. ബാപ്പുവിന്റെ വധവുമായി ബന്ധപ്പെട്ട് പറഞ്ഞുവരുന്നതും അതുപോലുള്ള ഭാവനകളാണ്.

ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി മഹാത്മാഗാന്ധി സന്ദര്‍ശിച്ച 30 കേന്ദ്രങ്ങളില്‍ ഗാന്ധിജിയുടെ ജീവിതം അടിസ്ഥാനമാക്കി പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ ചടങ്ങില്‍ സ്വാഗതവും സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും പറഞ്ഞു.